തിരുവനന്തപുരം: ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ കെ-റെയിൽ കല്ലിടാനെത്തിയതിനെതിരെ പ്രതിഷേധിച്ച സ്ത്രീകൾക്കും കുട്ടികൾക്കും നേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തി. ചോദ്യോത്തരവേള തടസ്സപ്പെടുത്തി സഭാതലത്തിലിറങ്ങിയ പ്രതിപക്ഷത്തിനു നേരെ ഭരണപക്ഷവും പോർവിളികളോടെ സംഘടിച്ചെത്തിയതോടെ സംഘർഷാന്തരീക്ഷവുമുണ്ടായി.
പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ഭരണ, പ്രതിപക്ഷ അംഗങ്ങൾ പോർവിളി നടത്തുകയും ചെയ്തതോടെ, സ്പീക്കർ നടപടികൾ അരമണിക്കൂറിലേറെ നിർത്തിവെച്ചു. പിന്നീട്, പ്രതിപക്ഷ അഭാവത്തിൽ സമ്മേളിച്ച സഭാ നടപടികൾ വെട്ടിച്ചുരുക്കി അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ചോദ്യോത്തരവേള തുടങ്ങിയപ്പോഴേ 'പൊലീസിന്‍റെ നരനായാട്ട്' എന്നെഴുതിയ ബാനറും പ്ലക്കാർഡുകളുമുയർത്തി പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എഴുന്നേറ്റതോടെ ചോദ്യോത്തര വേള തടസ്സപ്പെടുത്താനാകില്ലെന്നും സീറ്റിലേക്ക് മടങ്ങണമെന്നും സ്പീക്കർ നിർദേശിച്ചു.
ചരിത്രത്തിലില്ലാത്ത വിധം ജനകീയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണെന്ന് സതീശൻ പറഞ്ഞു. സർക്കാറിന്‍റെ ക്രൂരനടപടിയിൽ പങ്കാളികളായി സഭയിലിരിക്കാനാകില്ലെന്നും സതീശൻ വ്യക്തമാക്കി. പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളികളുമായി ഡയസിന് സമീപമെത്തി. മന്ത്രിമാരായ റോഷി അഗസ്റ്റിനും സജി ചെറിയാനും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞെങ്കിലും ബഹളത്തിൽ മുങ്ങി. ചങ്ങനാശ്ശേരിയിൽ ഒന്നും നടന്നില്ലെന്നും പ്രതിപക്ഷത്തിന് നല്ല അടി കിട്ടിയിട്ടില്ലെന്നും അതിന്‍റെയാണിതെന്നും സജി ചെറിയാൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് മന്ത്രി രാജീവ് കുറ്റപ്പെടുത്തി. സഭാ ചരിത്രം അറിയാതെയാണ് രാജീവ് സംസാരിക്കുന്നതെന്ന് സതീശൻ തിരിച്ചടിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കാനായി എഴുന്നേറ്റതോടെ സതീശന്‍റെ മൈക്ക് സ്‍പീക്കർ ഓഫാക്കി. സതീശൻ പ്രതിഷേധിച്ചെങ്കിലും മുഖ്യമന്ത്രി സഭാ നേതാവാണെന്നു പറഞ്ഞ് സ്‍പീക്കർ വിലക്കി. ചോദ്യോത്തരവേള സർക്കാറിനെ ആക്ഷേപിക്കാനുള്ള അവസരമായി സതീശൻ മാറ്റുന്നെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സർക്കാറിനെ കുറിച്ച് അപവാദം പ്രചരിപ്പിക്കുകയാണ് അദ്ദേഹത്തിനു വേണ്ടത്. വസ്തുതകൾക്ക് പകരം കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്ന സമീപനങ്ങളുണ്ടായാൽ സ്‍പീക്കർ തന്‍റെ അധികാരം ഉപയോഗിച്ച് നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ, ഭരണപക്ഷവും സംഘടിച്ചെത്തിയതോടെ കൈയാങ്കളിയുടെ വക്കിലെത്തി.
പ്രതിഷേധം പ്രകടിപ്പിക്കാനുള്ള സ്ഥലമാണ് നിയമസഭയെന്നും ആൾക്കൂട്ട ഭീഷണിക്കു മുന്നിൽ പ്രതിപക്ഷം വഴങ്ങില്ലെന്നും സതീശൻ പറഞ്ഞു. സ്ത്രീവിരുദ്ധ സർക്കാറാണ് കേരളം ഭരിക്കുന്നതെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് മൈക്ക് ഓഫ് ചെയ്തതിലും സർക്കാർ നടപടിയിലും പ്രതിഷേധിച്ച് ബഹിഷ്കരണം പ്രഖ്യാപിച്ചു. പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ പുറത്തേക്കിറങ്ങുന്നതിനിടെ, ഭരണപക്ഷത്തുനിന്ന് പ്രകോപനം തുടർന്നു. ഇരുവിഭാഗവും പരസ്പരം പോർവിളി മുഴക്കി. ബഹിഷ്കരണം പ്രഖ്യാപിച്ചതിനാൽ പ്രതിപക്ഷം ബഹളം തുടരരുതെന്ന് സ്പീക്കർ അഭ്യർഥിച്ചു. കാര്യങ്ങൾ നിയന്ത്രണാതീതമായതോടെ 9.26ന് സ്പീക്കർ നടപടികൾ നിർത്തിവെച്ചു.
പ്രതിപക്ഷം പുറത്തിറങ്ങുന്നതിനിടെ, ഭരണപക്ഷത്തു നിന്ന് പി.കെ. ബഷീറിനോട് 'ഗെറ്റ് ഔട്ട് ബഷീർ' എന്ന് വിളിച്ചുപറഞ്ഞു. പ്രകോപിതനായ ബഷീർ തിരികെ വന്ന് വാക്കുതർക്കമായി. ഇരുപക്ഷത്തുമുള്ള അംഗങ്ങൾ ചേർന്ന് ഇവരെ പിന്തിരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.