ആലപ്പുഴ: രാഷ്ട്രീയത്തിലുള്ളവർക്കും അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കും വേണ്ടത് സ്വഭാവശുദ്ധിയാണെന്ന് സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. മുൻ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വഭാവ ശുദ്ധിക്ക് വിലയില്ലാത്ത കാലമാണ്. രാഷ്ട്രീയത്തിലുള്ളവരുടെ ലക്ഷ്യം സ്ഥാനമാനങ്ങളും പ്രോട്ടോകോളുമാണ്. പ്രോട്ടോകോൾ സർക്കാർ പരിപാടിയിൽ മാത്രമുള്ളതാണെന്നും സുധാകരൻ പറഞ്ഞു.
ഒരു സാംസ്കാരിക സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് അതിനെ കുറിച്ച് ഒന്നുമറിയാത്ത നേതാക്കൾക്കാണ് പരിഗണന. സ്ഥാപനം പടുത്തുയർത്താൻ കഷ്ടപ്പെട്ട സാംസ്കാരിക പ്രവർത്തകന് അവിടെ പരിഗണനയില്ല. പണ്ട് ഇങ്ങനെയായിരുന്നില്ല. സംസാരിക്കാൻ ഒഴിഞ്ഞു കൊടുക്കുമായിരുന്നു. ഈ സാഹചര്യത്തിലാണ് കെ.കെ. രാമചന്ദ്രൻ നായരുടെ മഹത്വം തിരിച്ചറിയേണ്ടത്. അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ കൈമുതൽ സ്വഭാവശുദ്ധിയായിരുന്നുവെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയത്തെ വഴിതെറ്റിക്കുന്നത് പൊളിറ്റിക്കൽ ക്രിമിനൽസ് ആണ്. ഇവർ തോളിലിച്ച് പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളാണ് മാധ്യമങ്ങളിൽ പലപ്പോഴും വരുന്നത്. സാമൂഹിക വിമർശനങ്ങളെ തകർക്കുന്ന മാധ്യമ സാംസ്കാരമാണ് ഇപ്പോളുള്ളത്. പറയാത്ത കാര്യങ്ങളാണ് അച്ചടിച്ച് വരുന്നത്. എല്ലാ മാധ്യമപ്രവർത്തകരും ഇങ്ങനെയാണെന്ന അഭിപ്രായമില്ല. ഈ രീതിയിലുള്ള മാധ്യമപ്രവർത്തനം മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.