കുറ്റിപ്പുറം: കെ.ടി. ജലീൽ എം.എൽ.എയുമായി രഹസ്യ ചർച്ച നടത്തിയെന്ന വാർത്തക്ക് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയ നേതാക്കള്‍ പരസ്പരം കാണുന്നത് പതിവാണ്. ജലീലിനെ നിയമസഭയിലും ലിഫ്റ്റിലും യോഗങ്ങളിലും വെച്ച് കണ്ടാൽ മിണ്ടാതെ പോകാറില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ സംവാദങ്ങള്‍ നടത്തുന്നവര്‍ തമ്മില്‍ വ്യക്തിപരമായി തെറ്റിലാണെന്ന് കരുതുന്നത് ശരിയല്ല. നേരത്തേയും ഇപ്പോഴും കണ്ടാല്‍ മിണ്ടുന്ന സ്ഥിതിയാണ്. രാഷ്ട്രീയ തര്‍ക്കം വേറെ, വ്യക്തിപരമായ ആശയവിനിമയം വേറെ. കല്യാണ സദസ്സില്‍ വെച്ചോ മറ്റ് എവിടെയെങ്കിലും വെച്ചോ കണ്ടാല്‍ ഓടുകയൊന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ കെ.ടി. ജലീലുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു വാർത്ത. കള്ളപ്പണ ആരോപണങ്ങളില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് വ്യവസായിയുടെ വീട്ടില്‍ വെച്ചായിരുന്നു മധ്യസ്ഥ ചര്‍ച്ചയെന്നും ആരോപണം ഉയർന്നിരുന്നു. മുസ്ലിം ലീഗില്‍നിന്ന് പുറത്താക്കിയതിനു പിന്നില്‍ താനല്ലെന്ന് കൂടിക്കാഴ്ചയിൽ കുഞ്ഞാലിക്കുട്ടി ജലീലിനോട് പറഞ്ഞുവെന്നും വാർത്ത വന്നിരുന്നു.
ചർച്ച: വാർത്ത തെറ്റെന്ന് പി.എം.എ. സലാം
കുറ്റിപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടി കെ.ടി. ജലീലുമായി ചർച്ച നടത്തിയെന്ന വാർത്ത തെറ്റാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ജലീലുമായി വ്യക്തിപരമായി വിരോധമില്ലെന്നും ആശയപരമായ തർക്കം മാത്രമേ നിലനിൽക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. താൻ ഉൾപ്പെടെയുള്ളവർ കെ.ടി. ജലീലിനെ ശക്തമായി എതിർത്തിരുന്നു. അതുകൊണ്ട് വ്യക്തിപരമായി തങ്ങൾ തമ്മിൽ വിദ്വേഷമില്ല. കെ.ടി. ജലീൽ പ്രതിനിധാനം ചെയ്യുന്ന ആശയത്തോട് ഇപ്പോഴും എതിർപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.