ന്യൂഡൽഹി: സാമൂഹികനീതിയുടെ സംരക്ഷണത്തിനായി സമാനമനസ്കരായ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ യോജിച്ച നിര ഉയർന്നുവരണമെന്ന് മുസ്ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി.
മെഡിക്കൽ, ഡെന്റൽ മേഖലയിലെ 27 ശതമാനം സംവരണം ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ആദരിക്കുന്നതിനും സാമൂഹികനീതി സംരക്ഷണം ഉറപ്പുവരുത്തുന്നതിനും വേണ്ടി നടന്ന ദേശീയ വെർച്വൽ സെമിനാറിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹികനീതി സംരക്ഷണത്തിനായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രതിനിധികളെ കൂട്ടിച്ചേർത്ത് ദേശീയതല സംവിധാനം ഉണ്ടാക്കുമെന്ന് മുഖ്യാതിഥിയായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രസ്താവിച്ചു. ബിഹാർ മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്, മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ വിൽസൺ, ആർ.ജെ.ഡി നേതാവും രാജ്യസഭാംഗവുമായ മനോജ് കുമാർ ഝാ, തൃണമൂൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ഡെറിക് ഒബ്രിയൻ എം.പി, ആന്ധ്രപ്രദേശ് വിദ്യാഭ്യാസ മന്ത്രി ഡോ. ഓദി മുലാപൂ സുരേഷ്, മഹാരാഷ്ട്ര സിവിൽ സപ്ലൈസ് മന്ത്രി ഛഗൻ ചന്ദ്രകാന്ത ഭൂജ്പൽ, അമേരിക്കയിലെ ലീഡ് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ഹരി ഇപ്പനപ്പള്ളി, മുതിർന്ന പത്രപ്രവർത്തകൻ ദിലീപ് മണ്ഡൽ എന്നിവർ സംസാരിച്ചു. ജസ്റ്റിസ് വി. ഈശ്വരയ്യ സ്വാഗതവും അലഹബാദ് ഹൈകോടതി മുൻ ജഡ്ജി വീരേന്ദ്ര സിങ് യാദവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.