തിരുവനന്തപുരം: വയനാടിനോടുള്ള കേന്ദ്രാവഗണനയിൽ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് ആഹ്വാനം ചെയ്ത് രാഷ്ട്രീയം കേരളം. മുഖ്യമന്ത്രിക്ക് പിന്നാലെ പ്രതിപക്ഷ നേതാവും ധനമന്ത്രി കെ.എൻ ബാലഗോപാലും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാരനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമടക്കം നേതാക്കൾ കേന്ദ്രസമീപനത്തിൽ വിയോജിപ്പുമായി രംഗത്തെത്തി.
മറുഭാഗത്ത് രാഷ്ട്രീയമായി ബി.ജെ.പി കൂടുതൽ ഒറ്റപ്പെടുന്ന കാഴ്ചയും പ്രകടം. കേരളം മതിയായ കണക്ക് സമർപ്പിച്ചില്ലെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പ്രതികരണത്തിന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തോടല്ല, കേന്ദ്രത്തോടാണ് കേരളം സഹായം ചോദിച്ചതെന്നായിരുന്നു വി.ഡി സതീശന്റെ വായടപ്പൻ മറുപടി.
കേരളം ഇന്ത്യയിലാണ് എന്ന് കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കേണ്ട സാഹചര്യമാണ് ഓരോ ദിവസവും സംജാതമാകുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. മലയാളികളോട് ഇത്ര വൈരാഗ്യം പുലര്‍ത്താന്‍ തക്കവണ്ണം എന്തു തെറ്റാണ് ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണം. വയനാട് ദുരന്ത ബാധതിരുടെ കണ്ണീരൊപ്പാൻ കാലണ പോലും നല്‍കില്ലെന്ന കേന്ദ്ര നിലപാട് മലയാളികളോടുള്ള കൊടിയ അനീതിയാണ്. വളരെ ചെറിയ ദുരന്തങ്ങള്‍ നടന്ന സംസ്ഥാനങ്ങള്‍ക്ക് പോലും വലിയ തുകകള്‍ അനുവദിച്ചപ്പോള്‍ കേരളത്തിന് കേന്ദ്രം നല്‍കിയത് വട്ടപ്പൂജ്യമാകുന്നു. നാട് ഒന്നിച്ച് ഈ അനീതിക്കെതിരെ ശബ്ദമുയത്തണം.
വയനാടിനുള്ള ധനസഹായം ആരുടെയും പോക്കറ്റില്‍ നിന്നും എടുത്ത് തരുന്ന പണമല്ലെന്നും സംസ്ഥാനങ്ങള്‍ അവകാശപ്പെട്ട പണമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനമുണ്ടായിട്ടും കേന്ദ്ര സംഘം പഠനം നടത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ പോലും സംസ്ഥാനത്തിന് നല്‍കില്ലെന്ന അറിയിപ്പ് ഞെട്ടലുളവാക്കുന്നു. വയനാട് ദുരന്ത ബാധിതരോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന അവഗണന കേരളത്തോട് തന്നെയുള്ള അവഗണനയാണ്. കേരളം കൃത്യമായ കണക്ക് നല്‍കിയില്ലെന്നു പറയേണ്ടത് കെ. സുരേന്ദ്രനല്ല. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയോടല്ല കേരളം പണം ചോദിച്ചത്.
ദുരന്ത സാഹചര്യങ്ങളിൽ സംസ്ഥാനത്തിന്റെ പൊതു താത്പര്യങ്ങൾക്കും കേന്ദ്രം ഒപ്പം നിൽക്കുന്നില്ലെന്ന് മാത്രമല്ല, നേർ വിപരീത സമീപനമാന് സ്വീകരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രധാനമന്ത്രി സന്ദർശിക്കുകയും ആശ്വാസ സാഹായം നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതാണ്. മൂന്ന് മാസമായി ഒരു സഹായവും കേന്ദ്രത്തിൽ നിന്നുണ്ടായിട്ടില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനൊപ്പം ദുരന്ത ബാധിതുടെ വായ്പകൾ എഴുതിത്തള്ളുക, ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം അനുവദിക്കുക എന്നീ ആവശ്യങ്ങൾക്കും ഒരു തരത്തിലുള്ള പ്രതികരണം ഉണ്ടായിട്ടില്ല.
വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ പറ്റില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കടുത്ത വഞ്ചനയാണെന്നും കേന്ദ്രസഹായം നിഷേധിച്ചതിനെതിരേ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. മനുഷ്യരുടെ വേദനയും ദുരിതവുംവച്ച് രാഷ്ട്രീയം കളിക്കരുത്. കേന്ദ്രസര്‍ക്കാരിന്റെ അനീതിക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണം.
തിരുവനന്തപുരം: വയനാട്ടിലെ പ്രകൃതിക്ഷോഭം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന കേന്ദ്ര നിലപാട് കേരളത്തോടുള്ള രാഷ്ട്രീയ പ്രതികാരമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ബി.ജെ.പി രാഷ്ട്രീയത്തോട് കേരളം സ്വീകരിക്കുന്ന നിലപാടിനോടുള്ള പക വീട്ടലാണിത്. പ്രകൃതിദുരന്തത്തെ പോലും കക്ഷി രാഷ്ട്രീയ താൽപര്യത്തോടെ കാണുന്ന അധാർമ്മികത മോദി സർക്കാറിന്റെ മുഖമുദ്രയായി മാറി.
പാലക്കാട്: വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര ഭരണകൂടത്തിന്റെ നിലപാട് മനുഷ്യത്വവിരുദ്ധമാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹിം എം.പി. കേരളത്തോട് കേന്ദ്രത്തിന് ശത്രുതമനോഭാവമാണ്. തൃശൂരിൽ താമര വിരിഞ്ഞിട്ടും അവർ കേരളത്തെ സഹായിക്കുന്നില്ല. ഇതിനെതിരെ ഡി.വൈ.എഫ്.ഐ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.