രാഷ്​ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സി.പി.എം– ബി.ജെ.പി ധാരണ

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സി.പി.എം, ബി.ജെ.പി ഉഭയക്ഷി ചര്‍ച്ചയില്‍ ധാരണ. അക്രമങ്ങളും കൊലപാതകങ്ങളും ആവര്‍ത്തിക്കുന്നത് ഇരുപക്ഷത്തിനും ദോഷകരമാണെന്നും അണികളുടെ വൈകാരിക തീരുമാനങ്ങള്‍ തടയാന്‍ നേതൃത്വം ശ്രമിക്കണമെന്നും യോഗത്തില്‍ ധാരണയായി.  മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചത്.  കണ്ണൂരില്‍ നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തിന് മുന്നോടിയായാണ്​ സി.പി.എം–ബി.ജെ.പി, ആർ. എസ്​. എസ്​ നേതാക്കളുമായി​​  മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്​.

സംസ്ഥാനത്ത് ഒറ്റപ്പെട്ട രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കണ്ണൂര്‍ വിഷയമാണ് മുഖ്യഅജണ്ടയായി നിശ്ചയിച്ചിരുന്നതെങ്കിലും സംസ്ഥാനത്തി​​െൻറ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമസംഭവങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. സംസ്ഥാന സ്‌കൂള്‍ കലോത്‌സവം നടക്കുന്നതിനിടെ ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടതും തൃശൂരിലും തിരുവനന്തപുരത്തും നടന്ന അതിക്രമങ്ങളും ചര്‍ച്ചയായി. പല അക്രമങ്ങളും നേതൃത്വത്തി​​െൻറ അറിവില്ലാതെയാണ് അരങ്ങേറിയതാണെന്നും യോഗം വിലയിരുത്തി.

ചര്‍ച്ചയില്‍ തൃപ്തനാണെന്നും നേതാക്കള്‍ക്ക് അണികളെ നിയന്ത്രിക്കാന്‍ സാധിക്കണമെന്നും യോഗത്തിന് ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമാധാനത്തിനായുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. സി.പി.എം സംസ്ഥാന നേതാക്കളായ ആനത്തലവട്ടം ആനന്ദന്‍, എം.വി ഗോവിന്ദന്‍, ബി.ജെ.പി പക്ഷത്തുനിന്നും എം.എല്‍.എ ഒ. രാജഗോപാല്‍, ആര്‍.എസ്.എസ് പ്രാന്തകാര്യവാഹക് പി. ഗോപാലന്‍കുട്ടി‍, അഡ്വ. കെ.കെ ബല്‍റാം തുടങ്ങിയവരും പങ്കെടുത്തു.

Tags:    
News Summary - political violence kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.