കോട്ടയം: കേരള രാഷ്ട്രീയത്തിൽ പകരം വെക്കാനില്ലാത്ത നേതാവാണ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്നും ഇനിയുള്ള രാഷ്ട്രീയക്കാർ ഉമ്മൻചാണ്ടി സാർ ആകാൻ ശ്രമിക്കണമെന്നും സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇ.കെ. നായനാരുടെ മകൻ കൃഷ്ണകുമാർ. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കൃഷ്ണകുമാർ.
എന്റെ കുടുംബത്തിന്റെയും അമ്മയുടെയും ആദരാഞ്ജലിയർപ്പിക്കാനാണ് ഇവിടെ വന്നത്. അദ്ദേഹം ആരായിരുന്നു എന്നത് മൂന്നുനാലു ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു രാഷ്ട്രീയക്കാരൻ എങ്ങനെയായിരിക്കണം എന്നതിന്റെ വ്യക്തമായ സന്ദേശമാണ് അദ്ദേഹം ഇപ്പോൾ കേരള ജനതക്ക് നൽകികൊണ്ടിരിക്കുന്നത്. അദ്ദേഹം ബാക്കിവെച്ചു പോയത് പൂർത്തീകരിക്കുക എന്നത് വരും തലമുറക്ക് കൂടി വലിയ ഉത്തരവാദിത്തമാണെന്നും കൃഷ്ണകുമാർ ഓർമപ്പെടുത്തി.
ഞാൻ പലതവണ ഉമ്മൻ ചാണ്ടി സാറിനെ കണ്ടിട്ടുണ്ട്. ഒരുപാടു സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം സംസാരിക്കാനുള്ള സമയം കണ്ടെത്തിയിട്ടുണ്ട്. എന്നോടു മാത്രമല്ല, കാണാൻ വരുന്ന അവസാനത്തെ ആളെ വരെ കണ്ട് അവരുടെ കണ്ണീരൊപ്പുന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം. സ്നേഹം, കാരുണ്യം, സഹാനുഭൂതി തുടങ്ങിയ ഗുണങ്ങൾ ഏറ്റവുമധികം ഉണ്ടായിരുന്ന വ്യക്തിയാണ് ഉമ്മൻ ചാണ്ടി സാർ. അദ്ദേഹത്തിന് ജനങ്ങൾ കൊടുക്കുന്ന പ്രതിഫലമാണിത്. -കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി.
പിതാവ് ഇ.കെ. നായനാരുമായി ഉമ്മൻചാണ്ടിക്ക് വലിയ ആത്മ ബന്ധമായിരുന്നുവെന്നും കൃഷ്ണകുമാർ അനുസ്മരിച്ചു. 19 വർഷം പിന്നിലോട്ടു പോയാൽ അച്ഛനും ഇതുപോലെ ഒരു വിലാപയാത്ര ഉണ്ടായിരുന്നു. ജനത്തോടുള്ള ബന്ധത്തിന് അവർ നൽകുന്ന പ്രതിഫലമാണ് ഈ സ്നേഹം. ഇതൊന്നും ആരെങ്കിലും നിർബന്ധിച്ച് പറഞ്ഞയയ്ക്കുന്നതല്ല. ജനം ഒരു കടലുപോലെ ഒഴുകി വരുന്നതാണ്. അത് ഉള്ളിന്റെ ഉള്ളിൽനിന്ന് വരുന്നതാണ്. അത് എത്ര പേർക്ക് കിട്ടുന്നു, എത്ര പേർക്ക് ജനം കൊടുക്കുന്നു എന്നത് അവരുടെ മനസ്സിലുള്ള കാര്യമാണ്.
പിതാവുമായി ഒരുപാട് കാലം അദ്ദേഹം നിയമസഭയിൽ ഒന്നിച്ചുണ്ടായിരുന്നു. തങ്ങളുടെ കുടുംബവുമായും ഉമ്മൻ ചാണ്ടിക്ക് നല്ല ബന്ധമായിരുന്നു. അച്ഛനുമൊത്ത് നിയമസഭയിൽ കുറേക്കാലം ഒരുമിച്ചുണ്ടായിരുന്നു. അതൊക്കെ വലിയ ഓർമകളാണ്. ആ ഓർമകളൊക്കെ ഇവിടെ പറയാൻ എനിക്കാവില്ല. കാരണം ടിവിയിൽ കണ്ടും പത്രത്തിൽ വായിച്ചുമുള്ള അറിവേ ഇതേക്കുറിച്ച് എനിക്കുമുള്ളൂ. അല്ലാതെ അച്ഛൻ വീട്ടിൽവന്ന് ഇതൊന്നും സംസാരിക്കാറില്ല. -കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.