തിരുവനന്തപുരം: വി.എസ്-പിണറായി പോര് കത്തിനിന്ന കാലത്ത് സി.പി.എമ്മിലെ വിഭാഗീയതയുടെ അണിയറക്കഥകൾ വെളിപ്പെടുത്തി മുൻ ജില്ല സെക്രട്ടറി പിരപ്പൻകോട് മുരളി. പാർട്ടി സ്ഥാപകനേതാവായ പി. കൃഷ്ണപിള്ളയുടെ പ്രതിമ ജില്ല കമ്മിറ്റി ഓഫിസിൽ സ്ഥാപിക്കുന്നത് മുടക്കാൻ വരെ ചേരിപ്പോരിന്റെ പേരിൽ ശ്രമമുണ്ടായെന്ന് ‘പ്രസാധകൻ’ മാസികയിൽ എഴുതുന്ന ആത്മകഥയിൽ അദ്ദേഹം പറഞ്ഞു.
പ്രതിമ വിഷയത്തിൽ ജില്ല കമ്മിറ്റിയിൽ വോട്ടെടുപ്പ് വേണ്ടിവന്നതും ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രതിമ സ്ഥാപിക്കാൻ തീരുമാനമായതെന്നുമാണ് വെളിപ്പെടുത്തൽ. ആത്മകഥയിലെ പരാമർശങ്ങൾ ഇങ്ങനെ: ‘പി. കൃഷ്ണപിള്ളയുടെ ജന്മശതാബ്ദിയായിരുന്നു 2006 ആഗസ്റ്റ് 19ന്. പാർട്ടി ഓഫിസിന് മുൻവശത്തെ തളത്തിൽ സഖാവിന്റെ ഒരു അർധകായ പ്രതിമ സ്ഥാപിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. സെക്രേട്ടറിയറ്റിൽ ഞാൻ ഈ നിർദേശം െവച്ചപ്പോൾ സ്ഥിരം എതിർപ്പുകാരായ സഖാക്കൾ അത് കാട്ടായിക്കോണം ശ്രീധറെ താഴ്ത്തിക്കെട്ടാനുള്ള ഏർപ്പാടാണെന്ന വാദവുമായി എന്നെ നേരിട്ടു. പക്ഷേ എന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് മൂലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചു.’’
കൃഷ്ണപിള്ള ജന്മശതാബ്ദി ആഘോഷത്തിന് 10 ലക്ഷം രൂപയുടെ ബജറ്റാണ് തയാറാക്കിയത്. പാർട്ടി ഘടകം വഴി കൂപ്പൺ വിറ്റ് പണം സ്വരൂപിക്കാനുള്ള നിർദേശമാണ് താൻ പറഞ്ഞതെന്നും ഓരോ സെക്രേട്ടറിയറ്റ് അംഗങ്ങളും ഒരു ലക്ഷം വീതം വ്യക്തിപരമായി പിരിക്കണമെന്നാണ് കമ്മിറ്റി തീരുമാനിച്ചതെന്നും ആത്മകഥയിലുണ്ട്.
മുൻ ജില്ല സെക്രട്ടറി എം. വിജയകുമാറിനെതിരെ കടുത്ത പരാമർശങ്ങളാണ് പിരപ്പൻകോട് മുരളി ഉന്നയിക്കുന്നത്. ‘2006ൽ എം. വിജയകുമാർ നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ ജില്ല സെക്രട്ടറിയുടെ ചുമതല (തനിക്ക്) നൽകിയെങ്കിലും ഓഫിസ് മുറിയോ കാറോ ഉപയോഗിക്കാൻ അനുവദിച്ചില്ല. സംസ്ഥാന നേതൃത്വത്തിലെ ഒരു ഉന്നതന്റെ സഹായത്തോടെ എന്നെ നേതൃത്വത്തില്‍നിന്ന് പുകച്ചുപുറത്തുചാടിക്കാന്‍ ‘എന്റെ ആത്മസുഹൃത്തിന്റെ’ നേതൃത്വത്തില്‍ തികച്ചും നികൃഷ്ടമായ പരിപാടികള്‍ നടന്നു. അത് അറിയാമെങ്കിലും പറയാന്‍ എനിക്കിപ്പോഴും ധൈര്യമില്ല’.
2007 ഡിസംബറിൽ നടന്ന ജില്ല സമ്മേളനത്തിൽ താനുൾപ്പെടെ വി.എസ് പക്ഷ നേതാക്കളെ എം. വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പിണറായിപക്ഷം വെട്ടിനിരത്തുകയായിരുന്നുവെന്നും മുരളി എഴുതി. ജില്ല സമ്മേളനത്തിൽ നടന്നത് എന്തെന്ന് വ്യക്തമാക്കാൻ അന്ന് ‘മാധ്യമം’ പ്രസിദ്ധീകരിച്ച റിപ്പോർട്ടും ആത്മകഥയിൽ ഉദ്ധരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.