തിരുവനന്തപുരം: പൂന്തുറ സിറാജിനെ പി.ഡി.പിയിൽ നിന്ന് പുറത്താക്കി. അച്ചടക്കലംഘനത്തിന്‍റെ പേരില്‍ പൂന്തുറ സിറാജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ബംഗളൂരുവില്‍ നിന്ന് അറിയിച്ചു. പി.ഡി.പി സംഘടനാ പ്രവര്‍ത്തന രംഗത്ത് നിർജീവമായിരിക്കുകയും തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വിവരം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാർട്ടി തീരുമാനം.
പൗരത്വ പ്രക്ഷോഭത്തിലും മഅ്ദനിയുടെ നീതിക്ക് വേണ്ടി നടന്ന പ്രതിഷേധങ്ങളില്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പരിപാടികളിൽ പൂന്തുറ സിറാജ് സഹകരിച്ചില്ലെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. 25 വര്‍ഷത്തോളമായുള്ള സംഘടനാബന്ധം ഉപേക്ഷിച്ച് കേവലം ഒരു കോര്‍പ്പറേഷന്‍ സീറ്റിന് വേണ്ടി മറ്റൊരു പ്രസ്ഥാനത്തിന്‍റെ ഭാഗമാകാനുള്ള തീരുമാനം രാഷ്ട്രീയ ധാര്‍മീകതക്ക് നിരക്കാത്തതും വഞ്ചനയുമാണെന്നും പാര്‍ട്ടി കേന്ദ്രകമ്മിറ്റി പത്രകുറിപ്പില്‍ അറിയിച്ചു.
പൂന്തുറ സിറാജ് പാര്‍ട്ടി വിട്ട് ഐ.എന്‍.എല്ലില്‍ ചേരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ ഇടതു സ്ഥാനാര്‍ഥിയായി സിറാജ് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐ.എന്‍.എല്ലില്‍ ചേര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനില്‍ മാണിക്കവിളാകം ഡിവിഷനില്‍ നിന്ന് ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് സിറാജിന്‍റെ നീക്കം. നിലവില്‍ പി.ഡി.പി ഒറ്റക്ക് മത്സരിക്കുന്ന ഈ ഡിവിഷനാണിത്.
പി.ഡി.പിയുടെ വര്‍ക്കിങ് ചെയര്‍മാനായിരുന്നെങ്കിലും സിറാജിന് 2019 ഡിസംബറില്‍ നടന്ന സംഘടന തെരഞ്ഞെടുപ്പില്‍ പ്രാധാന്യം ലഭിച്ചിരുന്നില്ല. താഴേത്തട്ടില്‍ നിന്നും സിറാജിന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്നും സംസ്ഥാന വൈസ് പ്രസിഡന്‍റായി അദ്ദേഹത്തെ പിന്നീട് നോമിനേറ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് പി.ഡി.പി സംസ്ഥാന നേതൃത്വത്തിന്‍റെ വിശദീകരണം. എന്നാല്‍ സ്ഥാനമേറ്റെടുക്കാതെ പൂന്തുറ സിറാജ് വിട്ടുനില്‍ക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.