കോലഞ്ചേരി: പൂതൃക്ക സെൻറ് മേരീസ് പള്ളിയും എറണാകുളം ജില്ല ഭരണകൂടം ഏറ്റെടുത്തു. ചൊവ്വാഴ്ച രാവിലെ യാക്കോബായ വിഭാഗം വികാരിയുടെ നേതൃത്വത്തിൽ പ്രാർത്ഥിച്ച് താക്കോൽ പള്ളിക്കകത്ത് െവച്ച് മടങ്ങി. തുടർന്ന് പൊലീസ് ഏറ്റെടുത്തു. പുത്തൻകുരിശ് സി.ഐയുടെ നേതൃത്വത്തിലണ് ഏറ്റെടുത്തത്. പൊലീസിനായിരുന്നു ഏറ്റെടുക്കാൻ നിർദേശം.
ഇതോടെ ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള മുഴുവൻ പള്ളികളും യാക്കോബായ വിഭാഗത്തിന് നഷ്ടപ്പെട്ടു. ഈ പട്ടികയിൽ അവശേഷിക്കുന്നത് കോതമംഗലം മാത്രമാണ്. വിവിധ ഭദ്രാസനങ്ങളിലായി ഇതുവരെ 44 പള്ളികളാണ് യാക്കോബായ വിഭാഗത്തിന് നഷ്ടപ്പെട്ടത്. എല്ലാം അവർക്ക് മൃഗീയ ഭൂരിപക്ഷമുള്ളതുമാണ്. 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധിയാണ് സഭക്ക് തിരിച്ചടിയായത്.
കഴിഞ്ഞദിവസം വിശ്വാസികളുടെ എതിർപ്പിനിടെയും മുളന്തുരുത്തി മാർത്തോമൻ യാക്കോബായ പള്ളിയും ഓണക്കൂർ സെഹിയോൻ യാക്കോബായ പള്ളിയും ജില്ല ഭരണകൂടം ഏറ്റെടുത്തിരുന്നു. പള്ളി പൂട്ടി താക്കോൽ ഹൈകോടതിക്ക് കൈമാറാനുള്ള ഉത്തരവിെൻറ കാലാവധി തിങ്കളാഴ്ച തീരുന്ന സാഹചര്യത്തിലായിരുന്നു നടപടി. ഓര്‍ത്തഡോക്സ് സഭ നല്കിയ കോടതിയലക്ഷ്യ കേസിനെ അടിസ്ഥാനമാക്കിയാണ് ജില്ല ഭരണകൂടത്തിന് കോടതിയുടെ നിർദേശം ലഭിച്ചത്. ഇരു പള്ളിയുടെയും താക്കോൽ കലക്ടറുടെ കൈവശമാണ്.
ഏറ്റെടുക്കൽ നീക്കത്തിനെതിരെ നൂറിലേറെ വിശ്വാസികൾ വെള്ളിയാഴ്ച മുതൽ മുളന്തുരുത്തി പള്ളിക്കകത്ത് ഉപവാസ പ്രാർഥന നടത്തിവരുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് ആറുമുതൽ പൊലീസ് സ്ഥലത്ത് എത്തി. രാത്രിയോടെ കൂടുതൽ പൊലീസെത്തി പ്രാർഥനയിലൂടെ പ്രതിരോധം സൃഷ്ടിക്കുന്നവരെ ഏതു നിമിഷവും പുറത്തിറക്കി പള്ളി പൂട്ടുമെന്ന് അഭ്യൂഹം പരന്നു.
ശക്തമായ പ്രതിഷേധം യാക്കോബായ വിഭാഗം സൃഷ്ടിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ആറിന് പൊലീസ് ബലപ്രയോഗത്തിലൂടെ അവരെ പുറത്താക്കി പള്ളി പൂട്ടുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതിനാൽ വിശ്വാസികളെ അറസ്റ്റ് ചെയ്തു എങ്ങോട്ടു കൊണ്ടുപോകുമെന്നത് പൊലീസിനെ കുഴക്കി. പി.പി.ഇ കിറ്റ് ധരിച്ചാണ് പൊലീസ് വിശ്വാസികളെ പിടിച്ചുമാറ്റിയത്. മെത്രാന്മാർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് നരനായാട്ട് നടത്തിയതായി യാക്കോബായ വിഭാഗം ആരോപിച്ചു. ഓണക്കൂർ പെരിയപ്പുറത്തെ ദേവാലയത്തിൽ പ്രതിഷേധവും ആൾക്കൂട്ടവും ഉണ്ടായിരുന്നില്ല. സ്ത്രീകൾ ഉൾപ്പെടെ പതിനഞ്ചോളം പേരാണ് പള്ളിയിൽ പ്രാർഥന നടത്തിയത്. രാവിലെ പത്തോടെ ഇവരെ പുറത്തിറക്കി പൊലീസ് പള്ളി പൂട്ടി.
ഓണക്കൂര്‍ മാര്‍ ഇഗ്നാത്തിയോസ് സെഹിയോന്‍ യാക്കോബായ സുറിയാനി പള്ളി ജില്ല ഭരണകൂടം ഏറ്റെടുത്തത് രണ്ട് പതിറ്റാണ്ട് നീണ്ട അവകാശത്തര്‍ക്കത്തിനൊടുവില്‍. സ്ത്രീകള്‍ ഉള്‍പ്പെടെ വിശ്വാസികളെ കോടതി നിരീക്ഷകെൻറ സാന്നിധ്യത്തിലാണ് പൊലീസ് ബലം പ്രയോഗിച്ച് പുറത്താക്കിയത്. ഇരുവിഭാഗവും ഒന്നിടവിട്ട ആഴ്ചകളില്‍ ആരാധന നടത്തിയിരുന്ന പള്ളിയില്‍ നേരേത്ത നിരവധി സംഘര്‍ഷങ്ങൾ നടന്നിട്ടുണ്ട്.
1999ൽ ആരംഭിച്ച കേസില്‍ അനുകൂല കോടതി വിധിയെത്തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം ആഗസ്റ്റ് ഒമ്പതിന് ഫാ. വിജു ഏലിയാസിെൻറ നേതൃത്വത്തില്‍ ആരാധനക്കെത്തിയിരുന്നു. എന്നാല്‍, യാക്കോബായ വിശ്വാസികളുടെ എതിര്‍പ്പുമൂലം പള്ളിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഓര്‍ത്തഡോക്സ് വിഭാഗം വീണ്ടും കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് ജില്ല ഭരണകൂടം പള്ളി ഏറ്റെടുത്തത്. തഹസില്‍ദാര്‍ കെ.എസ്. സതീശന്, അഭിഭാഷക കമീഷന് അഡ്വ. പി.എസ്. ഗിരീഷ് എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂസംഘം തിങ്കളാഴ്ച രാവിലെ പത്തോടെ പള്ളിയിലെത്തി.
പിറവം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്. സാംസെൻറ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും ഉണ്ടായിരുന്നു. തഹസില്‍ദാര്‍ ചര്‍ച്ച നടത്തിയെങ്കിലും വിശ്വാസികള്‍ പുറത്തിറങ്ങാന്‍ തയാറായില്ല. തുടർന്നാണ് ബലം പ്രയോഗിച്ചത്.
റവന്യൂസംഘം പള്ളിയിലെയും ഓഫിസിലെയും കണക്കെടുപ്പും പൂര്‍ത്തിയാക്കി. ഇരുവിഭാഗം തമ്മില്‍ തര്‍ക്കം ആരംഭിച്ച 1999ല്‍ ട്രസ്റ്റിമാരായിരുന്ന കെ.എം. ജേക്കബ്, കെ.ജെ. ജോയി എന്നിവരില്‍നിന്ന് പള്ളിയുടെ താക്കോൽ തഹസില്‍ദാര്‍ ഏറ്റുവാങ്ങി. കോടതി ഉത്തരവ് പാലിക്കാന്‍ തയാറായിരുെന്നന്നും സാവകാശമാണ് ആവശ്യപ്പെട്ടതെന്നും വികാരി ഫാ. എല്‍ദോ ജോണ്‍ കുറ്റിവേലില്‍, പള്ളി സെക്രട്ടറി സാബു നാരേക്കാട്ട് എന്നിവര്‍ പറഞ്ഞു.
മുളന്തുരുത്തി മർത്തോമൻ പള്ളി ഏറ്റെടുത്ത് പൂട്ടി താക്കോൽ ൈകവശം സൂക്ഷിക്കുന്നതായി എറണാകുളം ജില്ല കലക്ടർ ഹൈകോടതിയെ അറിയിച്ചു. ചൊവ്വാഴ്ച റിപ്പോർട്ട് നൽകും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പള്ളി ഏറ്റെടുത്ത് ഒാർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.
ഇത് നടപ്പാക്കാത്തതിനെത്തുടർന്ന് ഒാർത്തഡോക്സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ, പള്ളി ഏറ്റെടുക്കാൻ കേന്ദ്രസേനയുടെ സഹായം തേടാമെന്ന നിർദേശവും കോടതി നൽകിയിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ പള്ളി ഒരാഴ്ചക്കുള്ളിൽ ഏറ്റെടുത്ത് പൂട്ടി താക്കോൽ കലക്ടർ കൈവശംവെക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് പള്ളി പൂട്ടി താക്കോൽ കലക്ടർ കസ്റ്റഡിയിലെടുത്തത്.
അധികാരികളുടെ പിന്തുണയോടെ പാത്രിയാര്‍ക്കീസ് വിഭാഗം നിയമനിഷേധം നടത്തുന്നത് പൊതുസമൂഹം തിരിച്ചറിയുമെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത, അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവർ ആരോപിച്ചു. സമവായ ശ്രമങ്ങളോട് നിസ്സഹകരിച്ച് കോടതി വിധികളോട് മുഖം തിരിക്കുന്നവരുടെ നിയമനിഷേധം അധികാരികളുടെ പിന്തുണയോടെയാണ്.
മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് ബലപ്രയോഗം അനിവാര്യമായി വന്നത് പാത്രിയാര്‍ക്കീസ് വിഭാഗം കോടതി വിധി അംഗീകരിക്കാന്‍ കൂട്ടാക്കാത്ത സാഹചര്യത്തിലാണ്. മുളന്തുരുത്തി പള്ളിയിൽ നാല് ഞായറാഴ്ച കഴിഞ്ഞ് അഞ്ചാമത്തെ ഞായറാഴ്ച ആരാധനക്ക് ഓര്‍ത്തഡോക്സ് സഭക്ക് കോടതി അനുമതി നല്‍കിയിരുന്നു. ആ ദിവസങ്ങളിലും കുര്ബാനയൊഴികെ ഒരു കൂദാശയും നടത്താനോ പള്ളിയിൽ ശവസംസ്കാര ശുശ്രൂഷ നടത്താനോ പാത്രിയാര്‍ക്കീസ് വിഭാഗം അനുവദിച്ചിെല്ലന്ന് അവർ ആരോപിച്ചു.
മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ മെത്രാൻ കക്ഷികൾക്ക് ബലപ്രയോഗത്തിലൂടെ പിടിച്ചുനൽകിയതിൽ മെത്രാപ്പോലീത്തൻ ട്രസ്റ്റി മാർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത പ്രതിഷേധിച്ചു. മെത്രാപ്പോലീത്തമാരെയും വൈദികരെയും വിശ്വാസികളെയും പൊലീസ് ആക്രമിച്ചുവെന്ന് ആരോപിച്ച് തിങ്കളാഴ്ച കരിദിനമായി ആചരിച്ചു. സഭയുടെ ദേവാലയങ്ങളിൽ കറുത്ത കൊടികൾ കെട്ടി പള്ളിമണികൾ മുഴക്കി.
മുളന്തുരുത്തി മാർത്തോമൻ യാക്കോബായ പള്ളിയിൽ നടന്ന പൊലീസ് അതിക്രമം ആഭ്യന്തര-റവന്യൂ വകുപ്പുകളുടെ അറിവോടെയാണെന്ന് സംശയമുണ്ടെന്ന് യാക്കോബായ സഭ. ബഹുഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളെ പുറത്താക്കി ചെറുന്യൂനപക്ഷത്തിന് പള്ളി പിടിച്ചുനൽകിയത് ഇതിന് തെളിവാണെന്ന് സഭ മീഡിയ സെൽ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത കുറ്റപ്പെടുത്തി.
കോവിഡ്കാലത്ത് വിശ്വാസികളില്ലാത്ത സാഹചര്യം മുതലാക്കി പള്ളികൾ പിടിച്ച് മറുവിഭാഗത്തിന് നൽകാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിനെതിരെ സഭയുടെ മുഴുവൻ പള്ളികളിലും പ്രതിഷേധ പരിപാടികൾ നടത്തുമെന്നും മെത്രാപ്പോലീത്ത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.