ചങ്ങനാശ്ശേരി: പോപുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പു കേസില്‍ ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനില്‍ 22പേരുടെ പരാതികള്‍ ലഭിച്ചു. 3.5 കോടി രൂപ നഷ്ടമായതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വീണ്ടും പരാതികള്‍ വരുവാനിടയുണ്ടെന്നും അധികൃതര്‍ പറയുന്നു.
പോപുലര്‍ സ്ഥാപനത്തിനെതിരെ സാമ്പത്തികത്തട്ടിപ്പ് സംബന്ധിച്ച് സംസ്ഥാനത്ത് ആദ്യമായി കേസ് രജിസ്റ്റര്‍ ചെയ്തത് ചങ്ങനാശ്ശേരിയിലാണ്. കോട്ടയത്ത് 50 ലേറെപ്പേരാണ് പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതികളനുസരിച്ച്, മണര്‍കാട്, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ മൂന്നരക്കോടിതിയിലേറെ രൂപ നഷ്ടമായിട്ടുണ്ട്.
42.5 ലക്ഷം വരെ നഷ്ടമായവര്‍ പരാതിക്കാരിലുണ്ടെന്നു ചങ്ങനാശ്ശേരി ഡിവൈ.എസ്.പി വി.ജെ. ജോഫി പറഞ്ഞു. പണം നഷ്ടപ്പെട്ടവരുടെ കോട്ടയത്തെ പരാതികള്‍ ക്രോഡീകരിക്കാനുള്ള ചുമതല ഇദ്ദേഹത്തിനാണ്. ഈ പരാതികള്‍ പിന്നീട് കോന്നി പൊലീസിനു കൈമാറും. വരും ദിവസങ്ങളിലും സ്ഥാപനത്തിനെതിരെ കൂടുതല്‍പ്പേര്‍ പരാതിയുമായി രംഗത്തെത്തുമെന്ന വിലയിരുത്തലിലാണ് പൊലീസ്. ജില്ലയില്‍ ചങ്ങനാശ്ശേരി സബ് ഡിവിഷനില്‍ മാത്രം ഏതാണ്ട് ഒമ്പതിടത്താണ് പോപുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ ചങ്ങനാശ്ശേരി, മണര്‍കാട് എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ മാത്രമാണ് അടച്ചത്.
മറ്റിടങ്ങളിലെ സ്ഥാപനങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. പോപുലര്‍ ഫിനാന്‍സ്, പോപുലര്‍ ട്രേഡേഴ്‌സ്, പോപുലര്‍ ഇന്‍വെസ്റ്റ്മെൻറ്സ് എന്നിവയടക്കമുള്ള പേരുകളിലായി 2000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ആദ്യഘട്ട അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
അടൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. പോപുലര്‍ ഫിനാന്‍സിനെതിരെ വിവിധ ജില്ലകളില്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കൊല്ലം ജില്ലയില്‍നിന്ന് ഞായറാഴ്ച മാത്രം 200ലേരെ പരാതികളാണ് പോപുലറിനെതിരെയുള്ളത്. ചാത്തന്നൂര്‍ ശാഖയില്‍ പണം നിക്ഷേപിച്ചവരുടേതാണ് ഇതില്‍ ഭൂരിഭാഗം പരാതികളും. ഈ പരാതികളിന്മേലൂള്ള അന്വേഷണത്തിന് ജില്ല ക്രൈംബ്രാഞ്ച് സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.