പി.വി. അൻവർ എം.എൽ.എയുടെ ആരോപണങ്ങൾക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കെ.ടി. ജലീൽ എം.എൽ.എ. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അതിനായി ഒരു പോർട്ടൽ തുടങ്ങുമെന്നുമാണ് കെ.ടി. ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്. ഇതെ കുറിച്ചുള്ള വിശദ വിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന സ്വർഗസ്ഥനായ ഗാന്ധിജിയുടെ അവസാന അധ്യായത്തിലുണ്ടെന്നും കെ.ടി. ജലീൽ പറഞ്ഞു.
ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച ജലീൽ തനിക്ക് ഒരു തരത്തിലുള്ള അധികാര പദവിയും വേണ്ടെന്നും അവസാന ശ്വാസം വരെ സി.പി.എം സഹയാത്രികനായി തുടരുമെന്നും കൂട്ടിച്ചേർത്തു.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരായ മലപ്പുറം മുൻ എസ്.പി എസ്. സുജിത് ദാസിന്‍റെ വെളിപ്പെടുത്തലിലും പി.വി. അൻവറിന്റെ ആരോപണങ്ങളിലും അന്വേഷണം വേണമെന്ന് കെ.ടി. ജലീല്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഏത് കേസും അട്ടിമറിക്കാൻ പ്രാപ്തിയുള്ള സംഘമാണ് ഇവരെന്നും ജലീൽ പറഞ്ഞിരുന്നു.
എല്ലാ ഉത്തരവാദിത്തങ്ങളില്‍നിന്നും ഒഴിഞ്ഞ്, വായനയിലും എഴുത്തിലും പ്രഭാഷണത്തിലും മുഴുശ്രദ്ധയും കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് താനെന്നും നേരത്തെ ജലീല്‍ സൂചിപ്പിച്ചിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സി.പി.ഐ (എം) സഹയാത്രികനായി തുടരും. സി.പി.ഐ (എം) നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന "സ്വർഗ്സ്ഥനായ ഗാന്ധിജി"യുടെ അവസാന അദ്ധ്യായത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.