കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) സംഘം സുരക്ഷ പരിശോധന നടത്തി. ബുധനാഴ്ച ഓപറേഷൻസ് ഡയറക്ടർ എസ്. ദുരൈരാജ്, ഡെപ്യൂട്ടി ഡയറക്ടർമാരായ പ്രമോദ് കുമാർ, എസ്.പി. റായ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. അതേസമയം, റിപ്പോർട്ട് കരിപ്പൂരിന് അനുകൂലമാകുമെന്നാണ് സൂചന. ഇതിെൻറ അടിസ്ഥാനത്തിൽ വലിയ വിമാന സർവിസ് പുനരാരംഭിക്കാനാണ് സാധ്യത. റൺവേ നീളം കുറച്ച് റെസ നീളം കൂട്ടാനുളള നീക്കവും ഉപേക്ഷിക്കും. പകരം റൺവേ നീളം കുറക്കാതെ റെസയുടെ നീളം വർധിപ്പിക്കാനാണ് സാധ്യത.
റൺവേ, റെസ തുടങ്ങിയ ഭാഗങ്ങൾ സന്ദർശിച്ചു. ഡി.ജി.സി.എ സംഘം നേരത്തെ നൽകിയ റിപ്പോർട്ടിൽ നിർദേശിച്ച കാര്യങ്ങൾ നടപ്പിലാക്കിയോ എന്നും പരിശോധിച്ചു. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഡി.ജി.സി.എ സംഘം മുമ്പ് സന്ദർശിച്ചത്. കൂടാതെ, വിമാനാപകട അന്വേഷണ റിപ്പോർട്ടിൽ നിർദേശിച്ച വിൻഡ് സെൻസർ പുനഃസ്ഥാപിച്ചതും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സംഘം വിലയിരുത്തി. കരിപ്പൂരിലെ വിവിധ വകുപ്പു മേധാവികളുമായി ഇവർ കൂടിക്കാഴ്ച നടത്തി. റിപ്പോർട്ട് ഉടൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറും. ഇതിന് ശേഷമാകും വലിയ വിമാനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനമുണ്ടാകുക. പരിശോധന പൂർത്തിയാക്കി സംഘം വൈകീട്ട് ഡൽഹിക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.