തൃശൂർ: തപാല്‍ ദിനത്തില്‍ റേഷന്‍ കാര്‍ഡിനായി കലക്ടര്‍ക്ക് കത്തെഴുതി രണ്ടാം ക്ലാസുകാരന്. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി മഹാത്മ എല്‍.പി ആൻഡ് യു.പി സ്കൂളിലെ കെ.എം. അനയ് കൃഷ്ണയാണ് റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനാകാത്ത പ്രശ്നം ചൂണ്ടിക്കാട്ടി കലക്ടര്‍ അര്ജുന് പാണ്ഡ്യന് കത്തെഴുതിയത്. കത്ത് കിട്ടിയ കലക്ടർ അനയ് കൃഷ്ണയുടെ പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണാൻ ജില്ല സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്കി. തുടർന്ന് അടുത്ത ദിവസം തന്നെ കാർഡ് അനുവദിക്കുകയും ചെയ്തതിന്റെ സന്തോഷത്തിലാണ് അനയ് കൃഷ്ണയും കുടുംബം.
തപാല്‍ ദിനമായ ഒക്ടോബർ ഒമ്പതിന് ക്ലാസ് ടീച്ചർ എന്‍.പി. രജനിയാണ് കുട്ടികളോട് അധികൃതര്‍ക്ക് കത്ത് എഴുതാൻ ആവശ്യപ്പെട്ടത്. ‘ബഹുമാനപ്പെട്ട കലക്ടര്‍ക്ക്...’എന്ന് തുടങ്ങുന്ന കത്തിൽ വാടകക്ക് താമസിക്കുന്ന കാര്യവും റേഷന്‍ കാര്‍ഡ് വേണമെന്ന ആവശ്യവും ‘വിനീതമായി അപേക്ഷിച്ചു’.
സ്വന്തം കൈപ്പടയില്‍ കടലാസ് പെന്‍സൽ കൊണ്ട് എഴുതിയ കത്തിലെ ആവശ്യം കലക്ടറുടെ മനസിലുടക്കുകയായിരുന്നു. വാടകക്ക് താമസിക്കുന്ന അനയ് കൃഷ്ണയുടെ കുടുംബത്തിന് റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതാണ് കാര്‍ഡ് കിട്ടാൻ തടസമായത്.
വാടക കരാറിന്റെ പ്രമാണം വെച്ച് കാര്‍ഡ് നല്‍കാമെങ്കിലും അക്ഷയ സെന്ററിലെ സാങ്കേതിക പ്രശ്നം തടസമായി. എന്നാൽ കലക്ടർ ഇടപെട്ടതോടെ മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസില്‍നിന്ന് വാടക കരാറിന്റെ കോപ്പിവെച്ച് പിറ്റേന്ന് തന്നെ റേഷന്‍ കാര്‍ഡ് അനുവദിച്ചു. ‘കാര്‍ഡ് കിട്ടിയോ’ എന്ന് ചോദിച്ച് കലക്ടര്‍ നേരിട്ട് ഫോണില്‍ വിളിച്ചപ്പോള്‍ അനയ് കൃഷ്ണയുടെ സന്തോഷത്തിന് അതിരില്ല.
വ്യാഴാഴ്ച കലക്ടറെ നേരിൽ കണ്ട് നന്ദി പറയാൻ അനയ് കൃഷ്ണയും കുടുംബവും അധ്യാപിക രജനിയോടൊപ്പം കലക്ടറേറ്റിൽ എത്തി. ചേംബറിലെത്തിയ അനയ് കൃഷ്ണയെ കലക്ടര്‍ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.