തിരുവനന്തപുരം: പോസ്റ്റല്‍ വോട്ട് അപേക്ഷ ചൊവ്വാഴ്ച കൂടി നല്‍കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ. വോട്ടർ പട്ടികയിൽ പേരുള്ള ലോക്സഭ മണ്ഡലത്തിലെ വരണാധികാരിക്കാണ് അപേക്ഷ നൽകേണ്ടത്. നിലവിൽ ജോലി ചെയ്യുന്ന ജില്ലയിലെ നോഡല്‍ ഓഫിസര്‍മാര്‍ വഴിയോ നേരിട്ടോ അപേക്ഷ നൽകാം. ആബ്‌സെന്റീ വോട്ടര്‍ വിഭാഗത്തില്‍പെട്ടവര്‍ക്കാണ് പോസ്റ്റല്‍ വോട്ടിന് അവസരം നല്‍കുന്നത്. 85ന് മുകളില്‍ പ്രായമുള്ളവര്‍, 40 ശതമാനത്തില്‍ കുറയാതെ അംഗപരിമിതിയുള്ള ഭിന്നശേഷിക്കാര്‍, കോവിഡ് 19 രോഗമുള്ളവരോ കോവിഡ് സംശയിക്കുന്നവരോ, അവശ്യസേവന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരാണിവർ.
ആവശ്യമായ രേഖകള്‍ സഹിതം ഫോം 12 ഡിയില്‍ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നല്‍കണം. ആദ്യ മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ബൂത്ത് തല ഓഫിസര്‍മാര്‍ (ബി.എൽ.ഒ) വഴി വീട്ടിലെത്തി വോട്ട് ചെയ്യാന്‍ അവസരമൊരുക്കും. അവശ്യസേവന വിഭാഗത്തില്‍ വരുന്ന ജീവനക്കാര്‍ക്ക് അതത് മണ്ഡലത്തില്‍ പൊതുതെരഞ്ഞെടുപ്പ് തീയതിയായ ഏപ്രില്‍ 26ന് മൂന്നു ദിവസം മുമ്പുള്ള തുടര്‍ച്ചയായ ഏതെങ്കിലും മൂന്നു ദിവസം പോസ്റ്റല്‍ വോട്ടിങ് കേന്ദ്രം ഒരുക്കും. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് പോസ്റ്റല്‍ വോട്ടിങ് കേന്ദ്രം പ്രവര്‍ത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.