കൽപറ്റ: പേര് ‘തപാൽ വോട്ട്’ എന്നാണെങ്കിലും മുൻകാലങ്ങളെപോലെ ഇത്തവണ അർഹരായവർക്ക് അവരവരുടെ വിലാസത്തിൽ ബാലറ്റ് പേപ്പർ എത്തില്ല. തപാലിലൂടെ വോട്ടുചെയ്യാനുമാകില്ല. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥർ, തെരഞ്ഞെടുപ്പ് അനുബന്ധ ജോലി ചെയ്യുന്നവർ, സുരക്ഷാ ചുമതലയുള്ള പൊലീസുകാർ തുടങ്ങിയവർക്കാണ് ഇത്തരത്തിൽ തപാലിലൂടെ വോട്ടുചെയ്യാനാകാത്തത്. ഇവരൊക്കെയും നിശ്ചിത ഇടങ്ങളിൽ മുൻകൂട്ടി തയാറാക്കുന്ന കേന്ദ്രങ്ങളിൽ നേരിട്ടെത്തി ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തി ബാലറ്റ് പെട്ടികളിൽ നിക്ഷേപിക്കണം. പക്ഷേ, ഈ വോട്ടിനും പേര് ‘തപാൽ അഥവാ പോസ്റ്റൽ വോട്ട്’ ആണെന്ന് മാത്രം.
മുൻകാലങ്ങളിൽ തപാലിലൂടെ ബാലറ്റ് പേപ്പർ രഹസ്യസ്വഭാവത്തിൽ അയക്കുകയും അതിലൂടെ വോട്ടവകാശം വിനിയോഗിക്കുകയും ചെയ്യാമായിരുന്നു. എന്നാൽ, വരുന്ന തെരഞ്ഞെടുപ്പിൽ ഇതിനാകില്ല. 2023 ഒക്ടോബറിലെ 18 എ തെരഞ്ഞെടുപ്പ് ചട്ട ഭേദഗതി പ്രകാരമാണ് ഈ മാറ്റം. വിവിധ ജില്ലകളിലെ തെരഞ്ഞെടുപ്പ് പരിശീലന കേന്ദ്രങ്ങൾ, കലക്ടറേറ്റുകൾ എന്നിവിടങ്ങളിലായിരിക്കും ഇത്തരത്തിലുള്ളവർക്ക് വോട്ടുചെയ്യാൻ സജ്ജീകരണം ഒരുക്കുക. പോസ്റ്റൽ വോട്ടിന് അപേക്ഷിക്കുന്നവർക്ക് തെരഞ്ഞെടുപ്പ് ദിനത്തിന്റെ മൂന്നുദിവസംമുമ്പ് ഇവിടങ്ങളിലെത്തി വോട്ടുചെയ്യാം. തിരുവനന്തപുരത്ത് ജോലി ചെയ്യുന്നയാൾക്ക് അവിടെത്തന്നെ വോട്ടുചെയ്യാം.
ഈ ബാലറ്റ് പേപ്പറുകൾ അതത് റിട്ടേണിങ് ഓഫിസർമാർ ശേഖരിച്ച് വോട്ടറുടെ ജില്ലയിലെ റിട്ടേണിങ് ഓഫിസർക്ക് കൈമാറും. മാധ്യമ പ്രവർത്തകർ, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, ആരോഗ്യ മേഖലയിലുള്ളവർ തുടങ്ങിയവർക്കും ഇത്തരത്തിൽ വോട്ടുചെയ്യാനാകും. 40 ശതമാനത്തിന് മുകളിലുള്ള ഭിന്നശേഷിക്കാർ, 85 വയസ്സിന് മുകളിലുള്ളവർ തുടങ്ങിയവർക്ക് വീട്ടിലിരുന്ന് വോട്ടുചെയ്യാം. അസി.റിട്ടേണിങ് ഓഫിസറുടെ മേൽനോട്ടത്തിൽ വോട്ടെടുപ്പിന് 24 മണിക്കൂർ മുമ്പ് അവരവരുടെ വീടുകളിൽ എത്തിയാണ് രഹസ്യസ്വഭാവത്തിൽ ഇവരെക്കൊണ്ട് വോട്ടുചെയ്യിക്കുക. റെയിൽവേ, സൈന്യം തുടങ്ങിയ പ്രത്യേക മേഖലയിലുള്ളവർക്കാകട്ടെ ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വഴി ഓൺലൈനായാണ് വോട്ടുചെയ്യാനാവുക. പക്ഷേ ഇവയുടെയൊക്കെയും പേര് തപാൽ വോട്ട് ആണെന്ന് മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.