കൊച്ചി: സംസ്ഥാനത്തെ ഇറച്ചിക്കോഴി വിലവർധന ആഗസ്റ്റ് ആദ്യത്തോടെ കുറയുമെന്ന് പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി. ലോക്ഡൗണിൽപെട്ട് കോഴി വളർത്തുകേന്ദ്രങ്ങളിൽ കോഴിക്കുഞ്ഞുങ്ങൾ എത്താതിരുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഇപ്പോൾ എത്തിയ കുഞ്ഞുങ്ങൾ 45 ദിവസത്തിനകം വിൽപനക്ക് തയാറാകുന്നമുറക്ക് വില കുറയുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോഴിക്കുഞ്ഞ്, തീറ്റ, വളർത്തുചെലവ് എന്നിവയിലെ വലിയ വിലവർധന കോഴി കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കുഞ്ഞിെൻറ വില 35 രൂപ, തീറ്റ കിലോ 42 രൂപ, വൈദ്യുതി, അറക്കപ്പൊടി, വെള്ളം എന്നിവ ഉൾപ്പെടെ വളർത്തുകൂലി ഒരുകിലോ കോഴിക്ക് 96 രൂപയിൽ എത്തി. 30 ശതമാനം മുതൽ 115 ശതമാനം വരെയാണ് പല അസംസ്കൃത വസ്തുക്കളുടെയും വില ഉയർന്നത്. നിലവിൽ ഫാമിൽനിന്ന് 126 രൂപ അടിസ്ഥാന വിലയുള്ള ഒരുകിലോ കോഴി 12 രൂപ ചരക്കുകൂലിയും വിൽപനക്കാരുടെ ലാഭമായ 25 മുതൽ 30 രൂപ വരെയും ചേർത്താണ് ഇന്ന് കൂടിയ വിലയിൽ എത്തിയത്.
ഫാമുകളിൽനിന്ന് കിലോക്ക് 15 രൂപക്ക് വിൽക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ ഹോട്ടൽ ഉടമകൾ കോഴിവിഭവങ്ങൾക്ക് വില കുറച്ചിട്ടില്ല. ഹോട്ടലുകൾക്ക് റീട്ടെയിൽ വിലയിൽനിന്ന് 30 രൂപ കുറച്ചാണ് കോഴി നൽകുന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഉണ്ടായ പ്രതിഭാസമാണ് വിലവർധന. ഇത് താൽക്കാലികമാണെന്നും രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഇപ്പോൾ കോഴി വിൽക്കുന്ന സംസ്ഥാനം കേരളമാണെന്നും അവർ പറഞ്ഞു.
പൗൾട്രി ഫാമിങ്ങിനും മാർക്കറ്റിങ് വികസനത്തിനും വേണ്ടി കേന്ദ്രസർക്കാർ അനുവദിക്കുന്ന സബ്സിഡികൾ യഥാസമയം കർഷകർക്കും കച്ചവടക്കാർക്കും ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം കേരള സ്റ്റേറ്റ് പൗൾട്രി വികസന കോർപറേഷൻ ഏറ്റെടുക്കണം. നികുതിഘടനയിൽ മാറ്റം വരുത്തുക, വൈദ്യുതി ചാർജ് സബ്സിഡി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി സംസ്ഥാന പ്രസിഡൻറ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി.എസ്. പ്രമോദ്, അജിത് കെ. പോൾ, പി.ടി. ഡേവിസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.