എടവണ്ണപ്പാറയിൽ സമസ്‍ത കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ആദർശ സമ്മേളനം അബ്ദുസ്സമദ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്യുന്നു

ഉമർ ഫൈസിയെ സമസ്തയിൽനിന്ന് മാറ്റിനിർത്തണം -കോഓഡിനേഷൻ കമ്മിറ്റി ആദർശ സമ്മേളനം

എടവണ്ണപ്പാറ (മലപ്പുറം): ഉമർ ഫൈസി മുക്കത്തെ സമസ്തയിൽനിന്ന് മാറ്റിനിർത്തണമെന്ന് എടവണ്ണപ്പാറയിൽ സമസ്‍ത കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ആദർശ സമ്മേളനം. മുസ്‍ലിം സമുദായത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന പാണക്കാട് കുടുംബത്തിനെതിരെ നടക്കുന്ന നീക്കങ്ങൾ ഐക്യം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു.

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ സമസ്ത മുശാവറ ജോയന്റ് സെക്രട്ടറി ഉമർ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിനെതിരെയാണ് എടവണ്ണപ്പാറയിൽ സമസ്ത കോ ഓർഡിനേഷൻ കമ്മിറ്റി ആദർശ സമ്മേളനം സംഘടിപ്പിച്ചത്. നൂറുകണക്കിനാളുകൾ യോഗത്തിനെത്തിയിരുന്നു. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ യോഗം ഉദ്ഘാടനം ചെയ്തു. ഇപ്പോൾ നടക്കുന്ന വിവാദങ്ങളുടെ പേരിൽ സമസ്തയിൽ ഒരു ഭിന്നിപ്പുമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സമുദായ ഐക്യം തകർക്കാൻ ആരെങ്കിലും ശ്രമിച്ചാൽ പ്രതികരിക്കും. പാണക്കാട് കുടുംബത്തെ പ്രാന്തവത്കരിക്കാൻ അനുവദിക്കില്ല. പുതു തലമുറ സമസ്തയിൽനിന്ന് അകലാൻ ചില നേതാക്കളുടെ പ്രസംഗങ്ങൾ കാരണമാകും. സമുദായത്തിൽ അനൈക്യം ഇല്ലാതാക്കൽ സമസ്തയുടെ ലക്ഷ്യങ്ങളിൽപെട്ടതാണ്. പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിക്കുമ്പോൾ വേദനിപ്പിക്കുന്നത് അദ്ദേഹം ഖാദിയായ 1500 മഹല്ലുകളെയാണെന്നും അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു.

മലപ്പുറം ജില്ല എസ്.വൈ.എസ് വൈസ് പ്രസിഡന്റ് റഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. കെ.പി. മുഹമ്മദ് മുസ്‍ലിയാർ മുണ്ടക്കൽ പ്രാർഥനക്ക് നേതൃത്വം നൽകി. അബൂബക്കർ ഫൈസി മലയമ്മ, സലീം എടക്കര, നാസിറുദ്ദീൻ ദാരിമി ചീക്കോട്, യു. ഷാഫി ഹാജി, ഖാദർ ഫൈസി കടന്നുംപുറം, അബൂബക്കർ ഫൈസി വള്ളിക്കാപറ്റ, ഹംസ കുട്ടി ഹൈതമി, കെ.സി. ഗഫൂർ ഹാജി, ഓമാനൂർ അബ്ദുറഹിമാൻ മൗലവി, കെ.പി. സഹീദ്, കെ. ഇമ്പിച്ചി മോതി എന്നിവർ സംസാരിച്ചു. കോഓഡിനേഷൻ കമ്മിറ്റി ട്രഷറർ ജബ്ബാർ ഹാജി സ്വാഗതം പറഞ്ഞു.

Tags:    
News Summary - Umar Faizi should be removed from Samasta -Coordination Committee meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.