തിരുവനന്തപുരം: വിലകൂടിയ വൈദ്യുതി വാങ്ങേണ്ടിവരുന്ന ഹ്രസ്വകാല കരാറുകളേക്കാൾ വിലകുറവായ മധ്യകാല കരാറുകൾക്ക് ശ്രമിക്കാത്തത് എന്തുകൊണ്ട് എന്നതടക്കം കെ.എസ്.ഇ.ബി നിലപാടുകളെ ചോദ്യംചെയ്ത് റെഗുലേറ്ററി കമീഷൻ.
പകൽ സമയം വിലകുറഞ്ഞ സൗരോർജ വൈദ്യുതി ആവശ്യാനുസരണമുള്ളപ്പോൾ അത് പരമാവധി ഉപയോഗപ്പെടുത്താതെന്തെന്നും കമീഷൻ ആരാഞ്ഞു. 2025 മാർച്ച് മുതൽ മേയ് വരെയുള്ള വൈദ്യുതി ആവശ്യകത നിറവേറ്റാൻ വിവിധ ഹ്രസ്വകാല കരാറുകളിൽ ഏർപ്പെടാനുള്ള അനുമതിതേടി സമർപ്പിച്ച അപേക്ഷ പരിഗണിക്കവെയാണ് കമീഷൻ കെ.എസ്.ഇ.ബി നടപടികളിൽ ചോദ്യങ്ങളുയർത്തിയത്.
ഹ്രസ്വകാല കരാറുകൾ പ്രകാരം പകൽ സമയത്തുകൂടി താരതമ്യേന ഉയർന്ന വിലയുള്ള വൈദ്യുതി വാങ്ങുന്നത് എന്തിനെന്ന് കമീഷൻ ആരാഞ്ഞു. എന്നാൽ പീക്ക് സമയത്ത് മാത്രമായി വൈദ്യുതി നൽകാനുള്ള കരാറിൽ ഏർപ്പെടുന്നത് പ്രായോഗികമെല്ലെന്ന് കെ.എസ്.ഇ.ബിക്ക് വേണ്ടി ഹാജരായ ഉദ്യോഗസ്ഥർ അറിയിച്ചു. മധ്യകാല കരാറുകൾക്ക് ശ്രമിച്ചെങ്കിലും സാധ്യമായില്ലെന്നും അവർ വ്യക്തമാക്കി.
എന്നാൽ ഇക്കാര്യങ്ങൾ ഹ്രസ്വകാല കരാറുകൾക്കുള്ള അനുമതിക്കായി നൽകിയ അപേക്ഷയിൽ ഉൾപ്പെടുത്താത്തതിനെ കമീഷൻ വിമർശിച്ചു. മറ്റ് പല സംസ്ഥാനങ്ങളും പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ പോലുള്ളവ പൂർത്തിയാക്കുകയും ചിലയിടങ്ങളിൽ നിർമാണം പുരോഗമിക്കുകയും ചെയ്യുേമ്പാൾ കെ.എസ്.ഇ.ബി കഴിഞ്ഞ വേനലിലെ അനുഭവം മറക്കരുതെന്ന് കമീഷൻ ഓർമപ്പെടുത്തി. സാമ്പത്തിക ബാധ്യതയുടെ വശം കൂടി കണക്കിലെടുത്തുവേണം നിരക്കുകൾ നിശ്ചയിച്ച് കരാറുകളിൽ ഏർപ്പെടേണ്ടത്.
എൻ.ടി.പി.സിയുടെ മൂന്ന് നിലയങ്ങൾ, ടാറ്റ പവർ ട്രേഡിങ് കമ്പനി, ശ്രീസിമെൻറ് ലിമിറ്റഡ്, അദാനി എൻറർപ്രൈസസ് ലിമിറ്റഡ് എന്നിവയിൽ നിന്നായി ഏഴ് കരാറുകൾവഴി വൈദ്യുതി വാങ്ങാനാണ് കെ.എസ്.ഇ.ബി ശ്രമിക്കുന്നത്. ഇതിൽ എൻ.ടി.പി.സി, ടാറ്റ പവർ, അദാനി കമ്പനികളുടെ പ്രതിനിധികൾ ഹിയറിങ്ങിൽ ഒാൺലൈനായി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.