കോഴിക്കോട്: സമൂഹത്തിന് ഏഴര പതിറ്റാണ്ട് ദിശാബോധം നൽകിയ ‘പ്രബോധനം’ വാരികയുടെ 75ാം വാർഷികാഘോഷം ചരിത്രമായി. വെള്ളിമാട്കുന്ന് ജെ.ഡി.ടി ഓഡിറ്റോറിയത്തിൽ കുടുംബസംഗമത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ സംഗമം ഉദ്ഘാടനം ചെയ്തു. മുസ്ലിം കൈരളിക്ക് ആശയപരമായ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ പ്രബോധനവും അതിന്റെ ശിൽപികളും വഹിച്ച പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി എത്തുന്നതിന് മുമ്പു തന്നെ മുസ്ലിം വീടുകളിൽ പ്രബോധനം എത്തിയിരുന്നുവെന്നും ജമാഅത്ത് പ്രവർത്തകർക്ക് പ്രവേശനം നിരോധിക്കപ്പെട്ട വീടുകളിലും പ്രബോധനമെത്തിയെന്നും പി. മുജീബുറഹ്മാൻ പറഞ്ഞു.
വാരികയുടെ വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ച, 70 പിന്നിട്ട വ്യക്തിത്വങ്ങളെ ആദരിച്ചു. വി.പി. അഹമ്മദ് കുട്ടി, പി.എം.എ. ഖാദർ, വി.കെ. ഹംസ, ഒ. അബ്ദുല്ല, കെ.സി. സലീം, പി. അബൂബക്കർ കോയ, ടി. അബ്ദുൽ കരീം, റഹ്മാൻ മധുരക്കുഴി, ഹൈദരലി ശാന്തപുരം തുടങ്ങിയവരെ അമീർ പി. മുജീബുറഹ്മാൻ, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ടി.കെ. ഉബൈദ് എന്നിവർ ആദരിച്ചു. മൺമറഞ്ഞ കെ.സി. അബ്ദുല്ല മൗലവി, ടി. മുഹമ്മദ് കൊടിഞ്ഞി, പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ, കെ.എം. അബ്ദുറഹീം, ടി.കെ. അബ്ദുല്ല, കെ.എം. അബ്ദുൽ അഹദ് തങ്ങൾ, ടി. ഇസ്ഹാഖലി, കെ. അബ്ദുല്ല ഹസൻ, വി.കെ. ജലീൽ, റഹ്മാൻ മുന്നൂര് എന്നിവർക്കുള്ള ആദരം കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി. പ്രബോധനം ചീഫ് എഡിറ്റർ ഡോ. കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കൂടുതൽ കാലം പ്രബോധനം ഏജന്റുമാരായി സേവനം ചെയ്തവർക്കും ആദരവ് നൽകി.
ഡോ. ആർ. യൂസുഫ്, ബശീർ ഉളിയിൽ, കെ. അബ്ദുറസാഖ് തുവ്വൂർ, ബഷീർ തൃപ്പനച്ചി എന്നിവർ സംസാരിച്ചു. പ്രബോധനം സീനിയർ സബ് എഡിറ്റർ സദ്റുദ്ദീൻ വാഴക്കാട് സ്വാഗതം പറഞ്ഞു.
പ്രബോധനത്തിലെ എഴുത്ത് എന്ന വിഷയത്തിലുള്ള ചർച്ചയിൽ ഡോ. ജമീൽ അഹ്മദ് മോഡറേറ്ററായി. ഡോ. കെ. ഇൽയാസ് മൗലവി, മുഹമ്മദ് ശമീം, കെ.ടി. ഹുസൈൻ, ഫൗസിയ ഷംസ്, മമ്മൂട്ടി അഞ്ചുകുന്ന്, വി.പി. റശാദ് എന്നിവർ സംസാരിച്ചു. മുതിർന്ന മുസ്ലിം പത്രപ്രവർത്തകരെ ആദരിച്ചു. പി.കെ. മുഹമ്മദ്, ശൈഖ് മുഹമ്മദ് കാരകുന്ന്, ഇ.കെ.എം. പന്നൂർ, ഡോ. യാസീൻ അശ്റഫ്, കാനേഷ് പൂനൂര്, കെ.കെ. ഫാത്വിമ സുഹ്റ, പി.കെ. ജമാൽ, ആറ്റക്കോയ പള്ളിക്കണ്ടി എന്നിവരെ മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ഐ.പി.എച്ച് ചീഫ് എഡിറ്റർ വി.എ. കബീർ, വി.കെ. ഹംസ എന്നിവരാണ് ആദരിച്ചത്. ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. ശരീഫ് കുറ്റിക്കാട്ടൂർ നന്ദി പറഞ്ഞു. ഇസ്ലാമെഴുത്തിന്റെ ഭാവി എന്ന സംവാദത്തിൽ വി.എ. കബീർ അധ്യക്ഷത വഹിച്ചു. മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം, മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദ്, ശബാബ് എഡിറ്റർ ഇൻ ചാർജ് സുഫിയാൻ അബ്ദുസ്സത്താർ, ഡോ. പി.കെ. സാദിഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.