തിരുവനന്തപുരം: ബി.ജെ.പി ബാന്ധവത്തിന് പിന്നാലെ, പ്രജ്വൽ രേവണ്ണ പീഡന വിവാദവും പ്രതിരോധത്തിലാക്കിയതോടെ ജെ.ഡി.എസ് കേരള ഘടകം പുതിയ പാർട്ടിയെക്കുറിച്ചുള്ള ആലോചനയിൽ. ബുധനാഴ്ച തിരുവനന്തപുരത്ത് ചേർന്ന നേതൃയോഗം ഇക്കാര്യം ചർച്ച ചെയ്തു. സംസ്ഥാനത്ത് പുതിയ പാർട്ടിയായി പ്രവർത്തിക്കുന്നതാണ് മുന്നിലുള്ള വഴിയെന്നാണ് യോഗത്തിൽ ഉരുത്തിരിഞ്ഞ ധാരണ. ജനത പരിവാറിന്റെ ഭാഗമായുള്ള മറ്റ് പാർട്ടികളുമായി ലയനം ഉൾപ്പെടെ കാര്യങ്ങൾ ചർച്ചക്ക് വന്നെങ്കിലും ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ല. ഇടതുമുന്നണിയിലെ ചെറിയ കക്ഷികൾ യോജിക്കണമെന്നാണ് സി.പി.എമ്മിന്റെ നിലപാട്.
പുതിയ പാർട്ടി പ്രഖ്യാപനത്തിന് നീങ്ങുന്നതിന് മുമ്പ് സി.പി.എം നേതൃത്വത്തിന്റെ കൂടി മനസ്സറിഞ്ഞ ശേഷമായിരിക്കും ജെ.ഡി.എസ് സംസ്ഥാന ഘടകത്തിന്റെ പുതിയ നീക്കം. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള രാഷ്ട്രീയ കാലാവസ്ഥ കൂടി പരിഗണിച്ച് പുതിയ പാർട്ടി സംബന്ധിച്ച തീരുമാനമെടുക്കാമെന്നാണ് നേതൃയോഗം തീരുമാനിച്ചതെന്ന് മാത്യു ടി. തോമസ് എം.എൽ.എ പറഞ്ഞു. ദേവഗൗഡയും കുമാരസ്വാമിയും നേതൃത്വം നൽകുന്ന ജെ.ഡി.എസ് കർണാടകയിൽ ബി.ജെ.പി സഖ്യത്തിൽ ചേർന്നതോടെ ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ചതായി ജെ.ഡി.എസ് സംസ്ഥാന ഘടകം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, സാങ്കേതികമായി ജെ.ഡി.എസിന്റെ ഭാഗമായി തുടരുന്ന പാർട്ടി കേരളത്തിൽ ഇടമുന്നണിയിലും കർണാടകയിൽ ബി.ജെ.പി മുന്നണിയിലും തുടരുന്നത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇടതുമുന്നണിക്കെതിരെ രംഗത്തുവന്നു. അത് സി.പി.എമ്മിനും ഇടതുമുന്നണിക്കുമുണ്ടാക്കിയ പ്രയാസം പ്രജ്വൽ രേവണ്ണ വിവാദം കൂടി വന്നതോടെ ഇരട്ടിയായി. ഈ പശ്ചാത്തലത്തിലാണ് ദേവഗൗഡയും കുമാരസ്വാമിയുമായുള്ള സാങ്കേതികമായബന്ധം പോലും ഉപേക്ഷിക്കാനും പുതിയ പാർട്ടിയായി മാറാനും ജെ.ഡി.എസ് സംസ്ഥാന ഘടകം നീക്കം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.