തിരുവനന്തപുരം: സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റിൽ കാനം രാജേന്ദ്രന്റെ ഒഴിവിലേക്ക് ആനി രാജയുടെ പേര് നിർദേശിച്ചതിനെച്ചൊല്ലി കേരള ഘടകത്തിൽ അതൃപ്തി പുകയുന്നു. കാനത്തിന് പകരക്കാരനായി ദേശീയ എക്സിക്യുട്ടിവ് അംഗം കെ. പ്രകാശ് ബാബു എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
രാജ്യസഭ സ്ഥാനാർഥിത്വം നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇക്കാര്യം ഏറക്കുറെ ഉറപ്പുമായിരുന്നു. പ്രകാശ് ബാബുവിനെ ബോധപൂർവം വെട്ടിയെന്നാണ് സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗത്തിന്റെ ആരോപണം. അതേസമയം, സംസ്ഥാന ഘടകം ആരുടെയും പേര് നിർദേശിച്ചിട്ടില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. അര്‍ഹതപ്പെട്ടതാണ് ആനി രാജക്ക് ലഭിച്ചതെന്നും തന്നെ ആരും അവഗണിച്ചിട്ടില്ലെന്നും പ്രതികരിച്ച പ്രകാശ് ബാബു പക്ഷേ, വാക്കുകളിൽ അതൃപ്തിയുടെ സൂചനകൾ നൽകി.
കാനത്തിനു ശേഷം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വരെ പരിഗണിക്കപ്പെട്ട നേതാവാണ് പ്രകാശ് ബാബു. കേരളത്തിൽനിന്നും ദേശീയ എക്സിക്യുട്ടിവിലുള്ള ഏറ്റവും സീനിയറായ അംഗവുമായ പ്രകാശ് ബാബുവിന് രാജ്യസഭ സീറ്റ് നൽകാത്തതിൽ കഴിഞ്ഞ സംസ്ഥാന കൗൺസിലിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എക്സിക്യുട്ടിവ് അംഗമെന്ന നിലയിൽ രാജ്യസഭ അംഗത്വത്തിന് അർഹത പ്രകാശ്ബാബുവിനാണെന്നായിരുന്നു സംസ്ഥാന കൗൺസിലിലെ അഭിപ്രായം. പകരം രാജ്യസഭയിലേക്ക് നിയോഗിച്ച പി.പി. സുനീർ പാർട്ടി സെൻറർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംസ്ഥാന അസി. സെക്രട്ടറിയാണെന്നതും അദ്ദേഹത്തിന് ഇനിയും അവസരങ്ങളുണ്ട് എന്നതും വാദങ്ങളിൽ നിറഞ്ഞെങ്കിലും നേതൃത്വം പരിഗണിച്ചില്ല.
പാര്‍ലമെന്റില്‍ ന്യൂനപക്ഷ പ്രാതിനിധ്യം വല്ലാതെ ശുഷ്കമാവുന്നതും ഒപ്പം തോല്‍ക്കുമെന്നുറപ്പുള്ള പല തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി പറഞ്ഞിട്ട് മത്സരിച്ചിട്ടുള്ളയാളാണെന്നതുമടക്കം പരിഗണിച്ചായിരുന്നു നേതൃത്വം സുനീറിന് സീറ്റ് നൽകിയത്. ഇക്കാര്യം ന്യായമെന്ന് വാദിക്കാമെങ്കിലും സംഘടനയുടെ ഉന്നത സമിതിയിലെ പ്രാതിനിധ്യത്തിൽനിന്ന് കൂടി പ്രകാശ് ബാബുവിനെ തഴയാൻ കാരണമെന്തെന്നത് സംസ്ഥാന നേതൃത്വം വിശദീകരിക്കേണ്ടി വരും. കാനം ദേശീയ സെക്രട്ടേറിയറ്റിലും ദേശീയ എക്സിക്യുട്ടിവിലുമുണ്ടായിരുന്നു. സെക്രട്ടേറിയറ്റിൽ പകരക്കാരി ആനി രാജയാണെങ്കിൽ എക്സിക്യുട്ടിവിൽ എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രനാണ് കാനത്തിന് പകരമെത്തിയത്. ഇതിനിടെ പാർട്ടിക്കുള്ളിൽ പഴയ കാനം പക്ഷം ശക്തിപ്പെടുന്നെന്നതിനും സൂചനകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.