അടിയന്തരാവസ്ഥയുടെ ഭീതിദമായ നാളുകളിൽ ഇന്ദിര ഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായി നിലകൊണ്ടത് പ്രണബ് മുഖർജിയായിരുന്നു. അടിയന്തരാവാസ്ഥക്കെതിരായ ശബ്ദങ്ങളെ ഒതുക്കുന്നതിന് പ്രണബ് മുഖർജി നേരിട്ടുതന്നെ ഇറങ്ങി.
അതിെൻറ ഭാഗമായി അദ്ദേഹം കേരളത്തിൽ പോലും നേരിട്ടെത്തി. അതേക്കുറിച്ച് വിഖ്യാത ചരിത്രകാരൻ എം.ജി.എസ് നാരായണൻ 'ജാലകങ്ങൾ' എന്ന തെൻറ ആത്മകഥയിൽ വിശദമായി പറയുന്നുണ്ട്.
കോഴിക്കോട് ഫാറൂഖ് കോളജിൽ എം.ജി.എസിെൻറ അധ്യാപകനും പിന്നീട് സുഹൃത്തുമായിരുന്നു സംസ്കൃത പണ്ഡിതനും ചരിത്രാന്വേഷകനുമായിരുന്ന ഡോ. കെ.പി. അച്യുതമേനോൻ. പിന്നീട് അദ്ദേഹം ബംഗാൾ കേഡറിൽ ഐ.എ.എസ് കിട്ടി ഡൽഹിയിലേക്കു പോയി. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധിയുടെ വിശ്വസ്തനായ പ്രണബിെൻറ ഉറ്റമിത്രമായിരുന്നു അച്യുത മേനോൻ.
എം.ജി.എസ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ചരിത്രവിഭാഗത്തിലായിരിക്കെ ഒരു ദിവസം അച്യുത മേനോെൻറ വിളിവന്നു. പ്രണബ് മുഖർജിക്ക് യൂനിവേഴ്സിറ്റി സന്ദർശിച്ച് വിദ്യാർഥികളെ അഭിസംബോധന ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അതിനുവേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കണമെന്നും അറിയിച്ചു.
എം.ജി.എസ് വേണ്ട സൗകര്യങ്ങൾ എല്ലാമൊരുക്കി. പ്രണബ് മുഖർജിയും ഡോ. അച്യുത മേനോനും വലിയൊരു സംഘത്തോടൊപ്പം വന്നിറങ്ങി. ഒരു വിദ്യാർഥി സമ്മേളനത്തിൽ പ്രണബ് സംസാരിക്കുകയും ചെയ്തു. പക്ഷേ, പിന്നീടാണ് അതിനു പിന്നിലെ കെണി താൻ തിരിച്ചറിഞ്ഞതെന്ന് എം.ജി.എസ് ആത്മകഥയിൽ പറയുന്നു.
അക്കാലത്ത് സർവകാല കാമ്പസിനടുത്ത് അടിയന്തരാവസ്ഥക്കെതിരെ ചിലർ പ്രതിഷേധിക്കുകയും ചില നക്സലൈറ്റുകൾ പൊലീസ് ജീപ്പ് കത്തിക്കുകയും ഒരു പൊലീസ് ഉദ്യോഗസ്ഥൻ മരിക്കുകയും ചെയ്തിരുന്നു. അതേക്കുറിച്ച് അന്വേഷിക്കാനും സർക്കാർ നയങ്ങൾക്ക് പിന്തുണതേടാനുമായിരുന്നു പ്രണബ് മുഖർജി കാലിക്കറ്റ് യൂനിവേഴ്സിറ്റിതന്നെ തെരഞ്ഞെടുത്തു വന്നതെന്ന് എം.ജി.എസ് അനുസ്മരിക്കുന്നു.
അടിയന്തരാവസ്ഥക്കെതിരായ പ്രതിഷേധപ്രവർത്തനങ്ങൾ അടിച്ചമർത്തുന്നതിനായി രഹസ്യാന്വേഷണ വിഭാഗത്തിെൻറ വൻ സന്നാഹത്തോടെയായിരുന്നു പ്രണബ് മുഖർജിയും ഡോ. കെ.പി. അച്യുത മേനോനും കേരളം സന്ദർശിച്ചതെന്ന് എം.ജി.എസ് വ്യക്തമാക്കുന്നു.
അടിയന്തരാവസ്ഥ കാലത്ത് പൊലീസ് കസ്റ്റഡിയിൽ ജീപ്പിൽ കൊണ്ടുപോകുന്നതിനിടയിൽ അങ്ങാടിപ്പുറം ബാലകൃഷ്ണൻ എന്ന നക്സലൈറ്റ് ജീപ്പിന് തീ കൊടുത്ത് ഡിവൈ.എസ്.പി ബാലസുബ്രഹ്മണ്യം എന്നയാൾക്കൊപ്പം മരണം വരിച്ച സംഭവത്തെക്കുറിച്ചാണ് എം.ജി.എസ് ആത്മകഥയിൽ സൂചിപ്പിക്കുന്നത്.
ആ സംഭവം കേന്ദ്രത്തിെൻറ ശ്രദ്ധയിലെത്തി. ഇന്ദിര ഗാന്ധിയുടെ നിർദേശപ്രകാരം കേരളത്തിലെ നക്സലുകളെ ഒതുക്കുന്നതിനായിരുന്നു രഹസ്യാന്വേഷണ പടയുമായി പ്രണബ് മുഖർജി അക്കാലത്ത് കേരളത്തിൽ വന്നത്. പിന്നീട് രാഷ്ട്രപതിയായപ്പോഴും അദ്ദേഹം കേരളത്തിൽ വന്നു. കാസർകോട് കേന്ദ്ര സർവകലാശാലയുടെ ഉദ്ഘാടനത്തിനായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.