തിരുവനന്തപുരം: പ്രവാസികൾക്ക് ഭൂമി സംബന്ധിച്ച പ്രശ്നങ്ങളിൽ വിദേശത്തിരുന്നുതന്നെ പരിഹാരം കാണാൻ റവന്യൂ വകുപ്പ് പ്രവാസി പോർട്ടലും ഹെൽപ് ഡെസ്കും ആരംഭിക്കുന്നു.
മന്ത്രി ഓഫിസ് മുതൽ വില്ലേജ് ഓഫിസുവരെ പ്രത്യേകം ഓഫിസർമാർക്ക് ചുമതല നൽകിയാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക. ഇതിനായി പ്രത്യേക പോർട്ടൽ ഫെബ്രുവരിയിൽ ആരംഭിക്കും. വിദേശത്തിരുന്ന് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം.
വില്ലേജ് ഓഫിസിൽ അന്വേഷണം നടത്തി പരാതിയിൽ പരിഹാരം കണ്ടെത്തി മറുപടിയും ഡാഷ് ബോർഡിൽതന്നെ നൽകും. ഫയൽ ട്രാക്ക് ചെയ്യുന്നതിനും പോർട്ടലിൽ സംവിധാനമുണ്ടാകുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. ലാൻഡ് റവന്യൂ കമീഷണറേറ്റിൽ ഇതിനായി ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിൽ പ്രത്യേക ഓഫിസർമാരുടെ സംഘം രൂപവത്കരിക്കും. ജില്ലകളിൽ ഒരു ഡെപ്യൂട്ടി കലക്ടർക്കായിരിക്കും ചുമതല.
താലൂക്കിൽ ഡെപ്യൂട്ടി തഹസിൽദാർമാർ നേരിട്ട് ഫയലുകൾ നോക്കും. മാസം ഒരുതവണ മന്ത്രി നേരിട്ട് പോർട്ടലിലെ പരാതികൾ വിശകലനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.