തമ്പാനൂരിലെ ഹോട്ടലിൽ മുറിയെടുത്ത് കഴുത്തിൽ ഷാളിട്ട് മുറുക്കിയാണ് ഗായത്രിയെ കൊലപ്പെടുത്തിയെന്ന് പ്രവീൺ

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ മുറുക്കിയെന്ന് പൊലീസ്. ഗായത്രിയെ പെട്ടെന്നുള്ള പ്രകോപനത്തിൽ കൊലപ്പെടുത്തിയെന്ന പ്രതിയുടെ മൊഴി അന്വേഷണം സംഘം തള്ളി. പ്രതിയുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും.

പ്രവീൺ പെട്ടെന്നുള്ള പ്രകോപനത്തിൽ ഗായത്രിയെ കൊലപ്പെടുത്തിയെന്ന സാധ്യത പൊലീസ് തള്ളി. ബന്ധത്തിൽ നിന്ന് പിന്മാറാതിരുന്ന ഗായത്രിയെ പ്രവീൺ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. നഗരത്തിലെ ആഭരണശാലയിൽ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയത്തിലായത്. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ പ്രവീൺ അത് മറച്ചുവച്ചാണ് ഗായത്രിയുമായി അടുത്തത്. ഗായത്രിയുമായി പ്രവീണിനുള്ള ബന്ധം ഭാര്യ അറിയുകയും ഇവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അറിയിക്കുകയും ചെയ്തു. ഇതേതുടർന്ന് പ്രവീണിനെ ജോലിയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് സ്ഥലംമാറ്റിയിരുന്നു.

ആദ്യഭാര്യയെ ഒഴിവാക്കി ഗായത്രിയെ വിവാഹം കഴിക്കാമെന്ന് പ്രവീൺ വാഗ്ദാനം നൽകിയിരുന്നു. ലോക്ഡൗണിനിടെ ആരുമറിയാതെ ഇരുവരും വിവാഹിതരാകുകയും ചെയ്തു. എന്നാൽ തന്നെ വിവാഹം കഴിക്കാൻ തയാറാകാതിരുന്നതോടെ വിവാഹചിത്രം ഗായത്രി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ഇതാണ് പ്രവീണിനെ പ്രകോപിപ്പിച്ചത്. നഗരത്തിലെ പള്ളിയിൽ വച്ച് താലി കെട്ടിയതടക്കം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതാണ് കൊലപാതകത്തിലേക്കെത്താനുണ്ടായ പ്രവീൺ പൊലീസിന് മൊഴി നൽകി.

വെള്ളിയാഴ്ച്ച രാവിലെ കാട്ടാക്കടയിൽ നിന്ന് പ്രവീൺ തന്നെയാണ് ഗായത്രിയെ നഗരത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. രാവിലെ 10 മണിക്ക് തന്നെ ഹോട്ടലിൽ മുറിയെടുത്തു. പ്രവീൺ മുൻകൂട്ടി നിശ്ചയിച്ചത് പോലെ ഗായത്രിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. പിന്നീട് മുറി പൂട്ടി കൊല്ലത്തേക്ക് പോയി. പിന്നീട് ഹോട്ടലിൽ വിളിച്ച് പ്രവീൺ തന്നെയാണ് സംഭവത്തെക്കുറിച്ച് പറഞ്ഞത്.

ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രവീണിനെ സംഭവം നടന്ന ഹോട്ടലിലെത്തിച്ച് പ്രാഥമിക തെളിവെടുപ്പ് നടത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Praveen said that Gayatri was killed by Shawl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.