ഏതു മുന്നണി സംസ്ഥാനം ഭരിച്ചാലും എറണാകുളം ജില്ലയുടെ മനസ്സ് യു.ഡി.എഫിന് അനുകൂലമാകാറാണ് പതിവ്. അത് നിയമസഭയായാലും ലോക്സഭയായാലും തദ്ദേശ തെരഞ്ഞെടുപ്പായാലും. 14 നിയമസഭ സീറ്റിൽ എൽ.ഡി.എഫ് എം.എൽ.എമാരുടെ എണ്ണം അഞ്ചിനപ്പുറം പോകുന്നത് അപൂർവമായി മാത്രം. സംസ്ഥാനത്താകെ മുന്നണിക്ക് കഷ്ടകാലം ബാധിച്ചാലും ഒപ്പം നിൽക്കുന്ന ജില്ലയുടെ ഈ മനസ്സാണ് യു.ഡി.എഫിന് ഇപ്പോഴും കരുത്ത്. എന്നാൽ, 14ൽ പത്ത് സീറ്റും നേടി ഇടതു മുന്നണി ഞെട്ടിച്ച തെരഞ്ഞെടുപ്പും ജില്ലയിലുണ്ടായിട്ടുണ്ട്. വി.എസ് തരംഗം ആഞ്ഞടിച്ച 2006ൽ. രാഷ്ട്രീയ സമവാക്യങ്ങൾ മാറിയ പലഘട്ടത്തിലും ജില്ല ഇടതിനോട് ചേർന്ന് നിന്നിട്ടുണ്ട്. കോൺഗ്രസിെൻറയും കേരള കോൺഗ്രസിെൻറയും മുസ്ലിംലീഗിെൻറയും ഒരു ഭാഗം ഇടതു മുന്നണിയുെട ഭാഗമായി ഉണ്ടായിരുന്ന കാലത്ത് സീറ്റുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. യു.ഡി.എഫിെൻറ കോട്ട പൊളിക്കുമെന്ന എൽ.ഡി.എഫ് ആത്മവിശ്വാസത്തിന് കാരണവും ഈ വിജയചരിത്രമാണ്.
എറണാകുളം ജില്ലയുടെ വിധി നിർണയത്തിൽ പ്രധാന പങ്ക് ക്രൈസ്തവ വോട്ടുകൾക്കാണ്. എല്ലാ ക്രൈസ്തവ വിഭാഗങ്ങളും നിർണായകമായ പല മണ്ഡലങ്ങളും ജില്ലയിലുണ്ട്. പരമ്പരാഗതമായി ഈ വോട്ടുകളിലേറെയും യു.ഡി.എഫിന് കിട്ടുന്നതാണ് അവരുടെ വലിയ വിജയത്തിന് കാരണമാകുന്നതെന്നാണ് വിലയിരുത്തൽ. എന്നാൽ, ഇത്തവണ ഈ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഇടതു കണക്കുകൂട്ടൽ. ഇതിനുള്ള പ്രധാന ഘടകമായി ഉയർത്തിക്കാട്ടുന്നത് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിെൻറ ഇടതു പ്രവേശനമാണ്. 2006ൽ ജില്ലയിൽ 10 സീറ്റ് പിടിക്കുേമ്പാൾ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ് എൽ.ഡി.എഫിെൻറ ഭാഗമായിരുന്നു. ഇപ്പോൾ കൂെടയുള്ളത് മറുവിഭാഗമാണെങ്കിലും ഇത്തവണയും വൻ വിജയം നേടുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ.
മാണി ഗ്രൂപ്പിന് രണ്ട് സീറ്റ് ജില്ലയിൽ വിട്ടുനൽകിയതും ഈ ആത്മവിശ്വാസത്തിെൻറ ബലത്തിലാണ്. യാക്കോബായ സഭക്ക് നിർണായക വോട്ടുള്ള ജില്ലയിൽ ഇടതു മുന്നണിക്ക് തന്നെയാകും ഈ വോട്ടുകളിലേറെയും കിട്ടുകയെന്ന പ്രതീക്ഷയും അവർ പുലർത്തുന്നു. ക്രൈസ്തവ സഭയുമായി അടുത്ത ബന്ധമുള്ളയാളെ തന്നെ സഭയുടെ അനുഗ്രഹത്തോടെ എറണാകുളം നിയമസഭ മണ്ഡലത്തിലിറക്കിയതോടെ ലത്തീൻ കത്തോലിക്ക വിഭാഗം വോട്ടുകൾ മുമ്പുണ്ടാകാത്ത വിധം മറ്റു മണ്ഡലങ്ങളിലടക്കം ഇടതിനെ തുണക്കുമെന്നും കണക്കുകൂട്ടുന്നു.
സംസ്ഥാനം മുഴുവൻ ഇടതു തരംഗം ആഞ്ഞടിച്ച കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ല യു.ഡി.എഫിെൻ ഉരുക്കുകോട്ടയായി തന്നെ ഉറച്ചുനിന്നു. െകാച്ചി കോർപറേഷൻ ഭരണം ഇടതു മുന്നണി വളരെ ചെറിയ ഭൂരിപക്ഷത്തിന് പിടിച്ചതൊഴിച്ചാൽ ജില്ലയിൽ യു.ഡി.എഫ് മുന്നേറ്റത്തിന് തടയിടാൻ ഇടതിന് ആയിട്ടില്ല. സഭയും കേരള കോൺഗ്രസും അടക്കം എൽ.ഡി.എഫ് വിജയ പ്രതീക്ഷയർപ്പിക്കുന്ന ഘടകങ്ങളെല്ലാം നിലനിൽക്കുേമ്പാൾ തന്നെയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം യു.ഡി.എഫിനൊപ്പം നിന്നത്.
അന്നുണ്ടാകാത്ത ഗുണം നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പമുണ്ടാകില്ലെന്ന് യു.ഡി.എഫ് ഉറപ്പിക്കുന്നു. എൽ.ഡി.എഫിെൻറ കൈവശമുള്ള മണ്ഡലങ്ങളിൽപോലും ഉറച്ച മത്സരം കാഴ്ചവെക്കാൻ യു.ഡി.എഫിന് കഴിയുന്നുമുണ്ട്. ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളിലെ ഭൂരിപക്ഷം പേരും പതിവ് തെറ്റാതെ യു.ഡി.എഫിനൊപ്പം നിൽക്കുമെന്നാണ് വിശ്വാസം. സിറ്റിങ് എം.എൽ.എമാരുടെ മികച്ച പ്രവർത്തനം ഇരുമുന്നണിക്കും പ്രതീക്ഷ നൽകുേമ്പാഴും അത് കൂടുതൽ ഗുണകരമാകുക യു.ഡി.എഫിനാണ്. കളമശ്ശേരിയിൽ വി.കെ. ഇബ്രാഹീംകുഞ്ഞും വൈപ്പിനിൽ എസ്. ശർമയുമൊഴികെ ശേഷിക്കുന്ന 12 മണ്ഡങ്ങളിലെ പോരിന് മുന്നണികൾ ഇറക്കിയിരിക്കുന്നത് സിറ്റിങ് എം.എൽ.എമാരെ തന്നെ.
ജില്ലയിൽ ഏറെ ശ്രദ്ധേയമായ മത്സരം നടക്കുന്ന കളമശ്ശേരിയിൽ മൂന്നാം തവണ യു.ഡി.എഫിന് അടിപതറുമോ ഇടത് സ്വപ്നം കരിയുമോയെന്ന എന്ന കാര്യത്തിൽ പൂർണ വ്യക്തത വന്നിട്ടില്ല. മുൻമന്ത്രിയും സ്ഥാനാർഥി വി.ഇ. അബ്ദുൽ ഗഫൂറിെൻറ പിതാവുമായ വി.കെ. ഇബ്രാഹീംകുഞ്ഞിന് ആഴത്തിൽ വേരുള്ള മണ്ഡലമെന്ന നിലയിൽ തുണക്കുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. എന്നാൽ, പാലാരിവട്ടം പാലം അഴിമതിയുടെ സൂത്രധാരൻ മകനെ സ്ഥാനാർഥിയാക്കി തിരശ്ശീലക്ക് പിന്നിലിരുന്ന നടത്തുന്ന തന്ത്രം തിരിച്ചടിക്കുമെന്നും ജനവിധി തങ്ങൾക്ക് അനുകൂലമാകുമെന്നുമാണ് ഇടത് പ്രതീക്ഷ.
ട്വൻറി20 എന്ന സംഘടനയുടെ ശക്തമായ സ്വാധീനം കൊണ്ട് ചതുഷ്കോണ മത്സരം നടക്കുന്ന കുന്നത്തുനാട്ടിലും സ്ഥിതി പ്രവചനാതീതമാണ്. വിജയസാധ്യത കുറവാണെങ്കിലും ട്വൻറി20 പിടിക്കുന്ന വോട്ട് യു.ഡി.എഫ് -എൽ.ഡി.എഫ് മുന്നണികളിൽ ആരുടെ പരാജയമാകും ഉറപ്പുവരുത്തുകയെന്നതാണ് മണ്ഡലത്തിനകത്തും പുറത്തുമുള്ള ചർച്ച. എൻ.ഡി.എക്ക് വേണ്ടി ബി.ഡി.ജെ.എസ് സ്ഥാനാർഥിയും മത്സര രംഗത്തുണ്ട്.
ഇടത് എം.എൽ.എമാരുള്ള ഈ രണ്ടിടത്തും ഇത്തവണ പൊരിഞ്ഞ പോരാട്ടമാണ്. 2016ലെ ഇടത് -വലത് മത്സരം ആവർത്തിക്കുന്ന ജില്ലയിലെ ഏക മണ്ഡലമാണ് തൃപ്പൂണിത്തുറ. കഴിഞ്ഞ വട്ടം കോട്ട പിടിച്ചെടുത്ത എം. സ്വരാജിനോട് കണക്കുതീർക്കാൻ ശബരിമല വിഷയമടക്കം സജീവമാക്കി സകല അടവുകളും പ്രയോഗിച്ചാണ് യു.ഡി.എഫ് സ്ഥാനാർഥി കെ. ബാബുവിെൻറ പ്രചാരണം. മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനത്തിെൻറ കണക്കുകളുമായാണ് സ്വരാജ് മണ്ഡലത്തിൽ നിറഞ്ഞ് നിൽക്കുന്നത്.
ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുക്കി മണ്ഡലത്തിൽ പോരാടുന്ന എൻ.ഡി.എ സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ പിടിക്കുന്ന വോട്ടാകും മണ്ഡലത്തിൽ വിജയം നിർണയിക്കുക. െകാച്ചി മണ്ഡലത്തിൽ തീർത്തും പ്രവചനാതീതമായ മത്സരമാണ് നടക്കുന്നത്. സിറ്റിങ് എം.എൽ.എ കെ.െജ. മാക്സി പിടിച്ചെടുത്ത മണ്ഡലം തിരിച്ചുപിടിക്കാൻ മുൻ മേയർ ടോണി ചമ്മണിയെയാണ് യു.ഡി.എഫ് രംഗത്തിറക്കിയത്. എൻ.ഡി.എയുടെ സി.ജി. രാജഗോപാലും വിഫോർ കേരളയുടെ നിപുൺ ചെറിയാനും പിടിക്കുന്ന വോട്ടുകൾ കഴിഞ്ഞ തവണ ആയിരത്തിലേറെ വോട്ടിെൻറ മാത്രം വ്യത്യാസത്തിന് വിജയം നിർണയിച്ച മണ്ഡലത്തിൽ നിർണായകമാണ്.
യു.ഡി.എഫിെൻറ ഉറച്ച കോട്ടകളായ എറണാകുളത്തും തൃക്കാക്കരയിലും പോലും ഇത്തവണ പ്രവചനാതീതമാണ് കാര്യങ്ങൾ. പുതുമുഖമായി അവതരിപ്പിച്ച തൃക്കാക്കാരയിലെ ഇടതു സ്ഥാനാർഥി ഡോ. ജെ. ജേക്കബ് സിറ്റിങ് എം.എൽ.എ പി.ടി. തോമസിന് ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. അങ്കമാലി, പെരുമ്പാവൂർ, തൃക്കാക്കര, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളിൽ നടക്കുന്നതും കടുത്ത വേനലിനെ വെല്ലുന്ന തീപാറും പോരാട്ടമാണ്.
ആര് ജയിക്കും ആര് തോൽക്കുമെന്ന് മുൻകൂട്ടി പ്രവചിക്കൽ അസാധ്യം. അതേസമയം, ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ആലുവ, പിറവം, വൈപ്പിൻ മണ്ഡലങ്ങളിലെ മത്സരച്ചൂടിന് കടുപ്പം പോര. അന്തിമമായി പുറമെ ദൃശ്യമല്ലാത്ത അടിയൊഴുക്കുകളാവും മത്സരഫലം നിർണയിക്കുക. മുന്നണികളിൽനിന്നും പാർട്ടികളിൽനിന്നുമുള്ള വോട്ട് ചോർച്ചയുടെ തോതും പ്രവചനാതീതം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.