തിരുവനന്തപുരം: സിനിമ രംഗത്ത് താൻ വർഷങ്ങൾക്കു മുമ്പേ കേൾക്കുന്നതാണ് ഇത്തരം ആരോപണങ്ങളെന്നും എന്നാൽ എല്ലാം ഊഹാപോഹങ്ങളാണെന്നാണ് കരുതിയതെന്നും നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ. 30 വർഷമായി താൻ ഈ മേഖലയിലുണ്ട്. സ്ത്രീകൾ തുറന്ന് പറഞ്ഞപ്പോൾ അവർക്ക് സിനിമകൾ കിട്ടാതായി എന്നത് വസ്തുതയാണ്.
പവർ ഗ്രൂപ്പിനെ കുറിച്ച് അറിയില്ല. അധികാര കേന്ദ്രങ്ങൾ എവിടെയെങ്കിലും ഉണ്ടാകാം. ആരും തന്നോട് പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രേം നസീറിന്റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളത്തെ കാണാൻ എത്തിയപ്പോഴായിരുന്നു പ്രേം കുമാറിന്റെ പ്രതികരണം. സ്ത്രീകൾ കാര്യങ്ങൾ തുറന്നു പറയുകയാണ് വേണ്ടത്.
സിനിമ രംഗത്ത് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അന്വേഷിക്കുമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക ആണെന്നും അദ്ദേഹം പറഞ്ഞു. പല സൈറ്റുകളിലും സ്ത്രീകൾ പലവിധത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ പുറത്ത് വരണമായിരുന്നു. ദുരനുഭവം ഉണ്ടായാൽ ഒളിച്ചിരിക്കേണ്ടവരല്ല സ്ത്രീകൾ. കോൺക്ലേവിൽ ആരോപണ വിധേയരെ പങ്കെടുപ്പിക്കണമോ എന്നത് സർക്കാർ തീരുമാനിക്കും.
കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിൽ സർക്കാർ ഉടൻ ആളെ തീരുമാനിക്കും.
ധർമ്മജൻ മാധ്യമപ്രവർത്തകയോട് സംസാരിച്ചത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. അതുകേട്ടപ്പോൾ അത് ഒരുപാട് വിഷമമുണ്ടാക്കിയെന്നും പ്രേംകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.