നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഈ വർഷത്തെ ഹജ്ജ് ക്യാമ്പിന്റെ ഒരുക്കം ആരംഭിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്ന സിയാൽ അക്കാദമിയിലാണ് ക്യാമ്പ്. താൽക്കാലിക പന്തലിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. വിപുലമായ സൗകര്യങ്ങളാണ് അക്കാദമിയിൽ ഒരുക്കുന്നത്. ഹജ്ജ് ക്യാമ്പിനായി മുമ്പ് നിർമിച്ചിരുന്ന കാന്റീൻ, ബാത്ത് റൂം തുടങ്ങിയവ അറ്റകുറ്റപ്പണി നടത്തി ഈ വർഷവും ഉപയോഗപ്പെടുത്തും.
ഹാജിമാർ, ക്യാമ്പ് വളന്റിയർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ താമസം, ഹജ്ജ് കമ്മിറ്റി -ഹജ്ജ് സെൽ -എയർലൈൻസ് ഓഫിസുകൾ, അലോപ്പതി - ഹോമിയോ വിഭാഗങ്ങൾ, ബാങ്ക് കൗണ്ടറുകൾ തുടങ്ങിയവക്ക് അക്കാദമി കെട്ടിടത്തിൽ സൗകര്യം ഒരുക്കും. നമസ്കാര സ്ഥലം, വിശ്രമ കേന്ദ്രം, അസംബ്ലി ഹാൾ എന്നിവയായിരിക്കും താൽക്കാലിക പന്തലിൽ സജ്ജീകരിക്കുക. ഹാജിമാരുടെ താമസത്തിനായി താൽക്കാലിക പന്തലിന്റെ ഒരുഭാഗം കൂടി ക്രമീകരിക്കും. ആലുവയിലെ ചൈതന്യ ഡെക്കറേഷൻസിനാണ് നിർമാണച്ചുമതല.
സംസ്ഥാനത്തിന് പുറമെ തമിഴ്നാട്, ലക്ഷദ്വീപ്, പുതുച്ചേരി, മാഹി എന്നിവിടങ്ങളിൽനിന്നുള്ള ഹാജിമാരും നെടുമ്പാശ്ശേരി വഴിയാണ് പുണ്യഭൂമിയിലേക്ക് യാത്രയാകുന്നത്. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് വഴി ഇത്തവണ 8000ത്തോളം തീർഥാടകർ യാത്രയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇത്തവണ ഹജ്ജ് തീർഥാടനത്തിന് സൗകര്യം ഒരുങ്ങുന്നത്. അവസാനമായി ഹജ്ജ് തീർഥാടനത്തിന് അനുമതി ഉണ്ടായിരുന്ന 2019ൽ നെടുമ്പാശ്ശേരിക്ക് പുറമെ കരിപ്പൂരിൽനിന്നും യാത്രക്ക് അനുമതി ഉണ്ടായിരുന്നു.
ഇത്തവണ രാജ്യത്തുനിന്നുള്ള ഹജ്ജ് എംബാർക്കേഷൻ പോയന്റുകളുടെ എണ്ണം 21ൽനിന്ന് പത്തായി ചുരുക്കിയതോടെയാണ് കരിപ്പൂരിനെ ഒഴിവാക്കിയത്. ജൂൺ മൂന്നിനാണ് ഹജ്ജ് ക്യാമ്പ് ഔദ്യോഗികമായി ആരംഭിക്കുന്നത്. നാലിനാണ് ഹാജിമാരുമായി ആദ്യ വിമാനം നെടുമ്പാശ്ശേരിയിൽനിന്ന് തിരിക്കുക. ഈ മാസം 31ന് ആദ്യ വിമാനം പുറപ്പെടുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, വിമാനങ്ങളുടെ സമയക്രമം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് പിന്നീട് ഇക്കാര്യത്തിൽ മാറ്റം വരുത്തുകയായിരുന്നു. 330 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന വിമാനമാണ് സൗദി എയർലൈൻസ് നെടുമ്പാശ്ശേരിയിൽനിന്ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.