മകരവിളക്ക് ഉത്സവത്തിന് ഒരുക്കങ്ങൾ പൂർണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമല: ഈ വർഷത്തെ മകരവിളക്ക് ഉത്സവത്തിന് ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത്. മകര ജ്യോതി ദർശനത്തിനായി സജ്ജീകരിച്ചിട്ടുള്ള പത്ത് പോയിന്റുകളിലും എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മകര ജ്യോതി ദർശനത്തിനെത്തുന്ന ഭക്തർ പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നിർദേശങ്ങൾ അനുസരിക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

അന്നദാനത്തിന് പുറമേ ഇത്തവണ ആദ്യമായി ജനുവരി 14,15 തിയതികളിൽ മൂന്ന് നേരവും ഭക്തർക്കായി പ്രത്യേക ഭക്ഷണസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷത്തോളം ഭക്തർക്ക് ഇത് പ്രയോജനപ്പെടും. തമിഴ്നാട് മന്ത്രി പി.കെ ശേഖർ ബാബുവുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഭക്തർക്കുള്ള ലഘുഭക്ഷണമായി 80 ലക്ഷത്തോളം ബിസ്കറ്റുകൾ എത്തും. ഇതോടൊപ്പം ഇടതടവില്ലാതെ ചുക്കുവെള്ളവും ഭക്തർക്കായി നൽകും.

മകരവിളക്ക് ദിനമായ നാളെ പുലർച്ചെ 2.15 ന് നട തുറക്കും. 2.46 ന് നെയ്യഭിഷേകം നടത്തി മകരസംക്രമപൂജ നടത്തും. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നും കൊണ്ടുവന്ന നെയ്ത്തേങ്ങ കൊണ്ടാണ് അഭിഷേകം നടത്തുക. വൈകിട്ട് 5 മണിക്ക് നട തുറക്കും. 5.15 ഓടെ അയ്യപ്പന് ചാർത്താനുള്ള തിരുവവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശരംകുത്തിയിലെത്തും. തുടർന്ന് ദേവസ്വം അധികൃതർ തിരുവാഭരണം ഏറ്റുവാങ്ങി സന്നിധാനത്തേക്ക് സ്വീകരിച്ചാനയിക്കും.

തിരുവാഭരണം ചാർത്തി ദീപാരാധനക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. മകര വിളക്കിന്റെ പിറ്റേ ദിവസമായ ജനുവരി 16 ന് 50000 പേർക്ക് വിർച്വൽ ക്യൂ വഴി ദർശനത്തിന് സൗകര്യമൊരുക്കും. 17 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ 60000 പേർക്ക് വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാം. ജനുവരി 16 മുതൽ സ്പോട്ട് ബുംക്കിംഗും അനുവദിക്കും. ജനുവരി 20 വരെ ഭക്തർക്കു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21ന് രാവിലെ പന്തളരാജാവിനു മാത്രം ദർശനം, തുടർന്നു നട അടയ്ക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Tags:    
News Summary - President of the Devaswom Board said that the preparations for the Makaravilak Utsav are complete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.