തിരുവനന്തപുരം: യോഗ്യതയില്ലെന്ന് അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനുതന്നെ ഐ.എച്ച്.ആർ.ഡി ഡയറക്ടർ നിയമന ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് നൽകിയതായി സൂചന.
യോഗ്യതയില്ലെന്ന് കണ്ട് ആറാം റാങ്കുനൽകാനാണ് സെലക്ഷൻ കമ്മിറ്റിയിൽ ചർച്ച നടന്നതെങ്കിലും സർക്കാർ സമ്മർദത്തിൽ ഒന്നാം റാങ്ക് നൽകാൻ കമ്മിറ്റി നിർബന്ധിതമായെന്നാണ് വിവരം. നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ സെലക്ഷൻ കമ്മിറ്റി ശിപാർശ പ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയമന ഉത്തരവ് ഇറക്കും.
അരുൺകുമാറിന് ഡയറക്ടറുടെ ചുമതല നൽകിയുള്ള നിയമനം ചോദ്യം ചെയ്തുള്ള ഹരജി ഈ മാസം 23ന് ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് തിരക്കിട്ട് സ്ഥിരംനിയമന നീക്കം. ഈ കേസിലാണ് അരുൺകുമാറിന് ഡയറക്ടറാകാനുള്ള യോഗ്യതയില്ലെന്ന് എ.ഐ.സി.ടി.ഇ സ്റ്റാൻഡിങ് കോൺസൽ സത്യവാങ്മൂലം സമർപ്പിച്ചത്. കേസിൽ സർക്കാർ ഇതുവരെ എതിർസത്യവാങ്മൂലം സമർപ്പിച്ചിട്ടുമില്ല.
ഇന്റർവ്യൂവിൽ അരുൺകുമാറിന് ഒന്നാം റാങ്ക് നൽകിയ സെലക്ഷൻ കമ്മിറ്റിയിലെ വിദഗ്ധ അംഗങ്ങളായ ഡിജിറ്റൽ യൂനിവേഴ്സിറ്റി വി.സി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് ഈ മാസം ഒഴിവ് വരുന്ന സാങ്കേതിക സർവകലാശാലയുടെയും, ഡിജിറ്റൽ സർവകലാശാലയുടെയും വി.സി ചുമതല നൽകാൻ ശിപാർശ ചെയ്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഗവർണർക്ക് കത്ത് നൽകിയിട്ടുമുണ്ട്. ഈ മാസം 24നാണ് ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിന്റെ കാലാവധി പൂർത്തിയാകുന്നത്. ഇദ്ദേഹം തന്നെയാണ് സാങ്കേതിക സർവകലാശാല വി.സിയുടെ താൽക്കാലിക ചുമതലയും വഹിക്കുന്നത്. ഇതിലേക്കാണ് സജി ഗോപിനാഥിന്റെയും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ഷാലിജിന്റെയും പേര് നിർദേശിച്ചിരിക്കുന്നത്.
അതേസമയം, ഐ.എച്ച്.ആർ.ഡി ഡയറക്ടർ നിയമനത്തിൽ സർക്കാർ താൽപര്യം നടപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പുറമെ, സി.പി.എം അനുകൂല സംഘടനയിൽപെട്ട അഡീ. സെക്രട്ടറിയെ കൂടി ഉൾപ്പെടുത്തിയാണ് സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ചത്. ഇദ്ദേഹംതന്നെയാണ് രണ്ടു സർവകലാശാലകളുടെയും വി.സി നിയമനത്തിന് താൽക്കാലിക ചുമതല നൽകാനുള്ള നിർദേശമടങ്ങിയ കത്ത് പ്രിൻസിപ്പൽ സെക്രട്ടറിക്കുവേണ്ടി രാജ്ഭവനിലേക്ക് അയച്ചതും. മികച്ച യോഗ്യതയുള്ളവരെ പിന്തള്ളി മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ഭാര്യമാർക്ക് സർവകലാശാലകളിൽ അധ്യാപകരായി നിയമനം നൽകിയതിന് സമാനമായാണ് സ്പെഷൽ റൂളിൽ ഭേദഗതി വരുത്തി ഐ.എച്ച്.ആർ.ഡി ഡയറക്ടറെ നിയമിക്കാനുള്ള സർക്കാർ നീക്കമെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.