തിരുവനന്തപുരം: സർക്കാർ ഹയർസെക്കൻഡറി പ്രിൻസിപ്പൽ തസ്തികയിലേക്ക് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ/ എ.ഇ.ഒ തസ്തികയിലുള്ളവരെ നിയമിക്കുന്ന രീതി പുനഃപരിശോധിക്കണമെന്ന കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവ് പൂഴ്ത്തി വിദ്യാഭ്യാസ വകുപ്പ്. 2018 ജൂൺ നാലിലെ ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഹയർസെക്കൻഡറി പ്രിൻസിപ്പൽ തസ്തിക പൂർണമായും ഹയർസെക്കൻഡറി അധ്യാപകർക്ക് നീക്കിവെക്കണമെന്ന് 2018 ജൂലൈ 16ന് ഹയർസെക്കൻഡറി ഡയറക്ടർ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് ശിപാർശ നൽകിയിരുന്നു. ഇതു നടപ്പാക്കാതെ പ്രിൻസിപ്പൽ നിയമനത്തിൽ ഹെഡ്മാസ്റ്റർ/ എ.ഇ.ഒ ക്വോട്ട തുടർന്നത് പ്രബല സ്കൂൾ അധ്യാപക സംഘടനകളുടെ സമ്മർദത്തിന് വഴങ്ങിയാണെന്നും ആക്ഷേപമുണ്ട്.
എ.ഇ.ഒക്ക് ഹയർസെക്കൻഡറി പ്രിൻസിപ്പൽ നിയമനം നൽകാൻ ഹയർസെക്കൻഡറി അധ്യാപികയെ തരംതാഴ്ത്തിയത് വിവാദമായതോടെയാണ് ട്രൈബ്യൂണൽ വിധിയും ഹയർസെക്കൻഡറി ഡയറക്ടറുടെ ശിപാർശയും പുറത്തുവന്നത്.
സർക്കാർ ഹയർസെക്കൻഡറികളിൽ പ്രിൻസിപ്പൽ നിയമനം നടക്കുന്നത് 2005ലാണ്. 12 വർഷം അധ്യാപന പരിചയം നിർബന്ധമായതിനാൽ മതിയായ യോഗ്യതയുള്ളവരുടെ അഭാവത്തിൽ അന്ന് 2:1 അനുപാതം നടപ്പാക്കുകയായിരുന്നു. മൂന്നു പ്രിൻസിപ്പൽ തസ്തിക വരുമ്പോൾ രണ്ടെണ്ണം ഹയർസെക്കൻഡറി അധ്യാപകർക്കും ഒന്ന് ഹെഡ്മാസ്റ്റർ/ എ.ഇ.ഒ തസ്തികയിലുള്ളവർക്കും നൽകാനായിരുന്നു വ്യവസ്ഥ. എന്നാൽ, മതിയായ യോഗ്യതയുള്ള നൂറുകണക്കിന് ഹയർസെക്കൻഡറി അധ്യാപകർ ഉണ്ടായിട്ടും പ്രിൻസിപ്പൽ നിയമനത്തിലെ ഹെഡ്മാസ്റ്റർ/ എ.ഇ.ഒ ക്വോട്ട സർക്കാർ തുടരുകയായിരുന്നു.
പ്രിൻസിപ്പൽ തസ്തികയിലേക്ക് യോഗ്യതയുള്ള രണ്ടായിരത്തോളം ഹയർ സെക്കൻഡറി അധ്യാപകരുണ്ടെന്ന് ഹയർസെക്കൻഡറി ഡയറക്ടർ 2018ൽ നൽകിയ ശിപാർശയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രിൻസിപ്പൽ ക്വോട്ട സാധ്യത മുന്നിൽ കണ്ട് ഒട്ടേറെ ഹെഡ്മാസ്റ്റർമാർ സർവിസിലിരിക്കെ വിദൂരവിദ്യാഭ്യാസം വഴി പി.ജി തരപ്പെടുത്തി തസ്തികയിൽ കയറിപ്പറ്റുന്നതാണ് ഇപ്പോഴത്തെ രീതി. ഒരു ദിവസം പോലും ഹയർസെക്കൻഡറി അധ്യാപന പരിചയമില്ലാത്തവരാണ് നേരിട്ട് പ്രിൻസിപ്പൽ ആവുന്നത്. ഇതിെൻറ ഫലമായാണ് എ.ഇ.ഒ തസ്തികയിലുണ്ടായിരുന്ന പി. രവീന്ദ്രന് ഹയർസെക്കൻഡറി പ്രിൻസിപ്പൽ നിയമനം നൽകാൻ സീനിയർ അധ്യാപിക നിഷ ലൂക്കോസിനെ ജൂനിയർ അധ്യാപികയാക്കി തരംതാഴ്ത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.