കോട്ടയം: ഉത്തരക്കടലാസുകൾ അച്ചടിച്ച വകയിൽ എം.ജി സർവകലാശാലക്ക് ഒരു കോടിയിലേറെ രൂപയുടെ അധികബാധ്യത. ഉത്തരക്കടലാസ് വിതരണം പാതിവഴിയിലായപ്പോൾ ഏജൻസി നിരക്ക് വർധന ആവശ്യപ്പെടുകയും സർവകലാശാല അനുവദിക്കുകയും ചെയ്തു. ഇതുവഴിയാണ് 1,06,56,000 രൂപയുടെ അധികബാധ്യത വന്നതെന്ന് 2021-22 സാമ്പത്തികവര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
രണ്ടുവർഷത്തേക്ക് 28 പേജുള്ള 70 ലക്ഷം ഉത്തരക്കടലാസുകൾ വിവിധ ഘട്ടങ്ങളിലായി അച്ചടിച്ചുനൽകാൻ ടെന്‍ഡർ വിളിച്ചിരുന്നു. ഒമ്പത് സ്ഥാപനങ്ങളാണ് എത്തിയത്. ഒന്നിന് 5.94 എന്ന നിരക്കിൽ 4,15,80,000 രൂപ ക്വോട്ട് ചെയ്ത ഹൈദരാബാദ് ആസ്ഥാനമായ ഹൈടെക് പ്രിന്റ് സിസ്റ്റം ലിമിറ്റഡുമായി കരാർ ഉണ്ടാക്കി. രണ്ടു തവണയായി 22 ലക്ഷം ഉത്തരക്കടലാസുകൾ ലഭ്യമാക്കി. കടലാസ് ലഭ്യതയിലുള്ള കുറവും അസംസ്കൃതവസ്തുക്കളുടെ വിലവർധനയും മൂലം ഉത്തരക്കടലാസിന്റെ വില 8.28 ആയി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2022 മേയിൽ ഏജൻസി കത്ത് നൽകി. സർവകലാശാല അധികൃതർ ഇതിന് അനുമതി നൽകി അനുബന്ധ കരാർ ഉണ്ടാക്കി. 28 പേജ് 26 ആക്കിയപ്പോൾ ആനുപാതിക കുറവ് വരുത്തിയതുമില്ല. ഇതോടെ കരാർ തുക 5,22,36,000 ആയി ഉയർന്നു.
എക്സാം സ്റ്റോറിൽ ഒമ്പതുലക്ഷം ഉത്തരക്കടലാസുകൾ മാത്രം ശേഖരിക്കാൻ സൗകര്യമുള്ളപ്പോൾ, കരാർ കമ്പനിയുടെ സമ്മർദഫലമായി 42 ലക്ഷം ഉത്തരക്കടലാസുകൾ ഒന്നിച്ച് ഓർഡർ ചെയ്തു.
ഇവ അസംബ്ലി ഹാൾ, പി.ആർ.ഒ ഹാൾ, എക്സാം സ്റ്റോർ എന്നിവിടങ്ങളിൽ സുരക്ഷിതമല്ലാത്ത രീതിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. കരാർ കമ്പനിയെ സഹായിക്കുന്ന വിധത്തിലും സർവകലാശാലയുടെ സാമ്പത്തിക താൽപര്യങ്ങൾക്ക് വിരുദ്ധമായും കരാർ ഒപ്പിട്ടത് അന്വേഷിക്കാനും തുടർനടപടി സ്വീകരിക്കാനും ഓഡിറ്റ് റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.