എലത്തൂർ (കോഴിക്കോട്): ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് റെയില്‍വേ മുന്തിയ പരിഗണന നല്‍കുമെന്ന് ആര്‍.പി.എഫ് ഐ.ജി ജി.എം. ഈശ്വരറാവു. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസില്‍ യാത്രക്കാരെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ സുരക്ഷ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ എത്തിയതായിരുന്നു പ്രിന്‍സിപ്പല്‍ സെക്യൂരിറ്റി കമീഷണറായ ആര്‍.പി.എഫ് ഐ.ജി ജി.എം. ഈശ്വരറാവു.
ചെന്നൈയില്‍നിന്ന് ചൊവ്വാഴ്ച രാവിലെയാണ് എലത്തൂരിലെത്തിയത്. തീവെപ്പുണ്ടായ എലത്തൂരിലെ െറയില്‍വേ ട്രാക്കും മൂന്നുപേര്‍ മരിച്ച സ്ഥലവും സന്ദര്‍ശിച്ചു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. നിലവില്‍ എ ക്ലാസ് വിഭാഗത്തിലെ പ്രധാന സ്റ്റേഷനുകളില്‍ മാത്രമാണ് നിരീക്ഷണ കാമറകളുള്ളത്.
ചെറിയ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും കാമറ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേയില്‍ ജീവനക്കാരുടെ കുറവുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമം നടന്നുവരുകയാെണന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ റെയില്‍വേയുടെ ഭാഗത്ത് അലംഭാവമുണ്ടായോയെന്ന് പരിശോധിക്കും. കേസന്വേഷിക്കുന്ന സംസ്ഥാന പൊലീസുമായി സഹകരിച്ചാണ് അന്വേഷണം മുന്നോട്ട് പോവുന്നത്. ആര്‍.പി.എഫ് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.
അന്വേഷണ സംഘത്തിനാവശ്യമായ വിവരങ്ങളും എല്ലാവിധ സഹായങ്ങളും നല്‍കുന്നുണ്ട്. സംഭവത്തില്‍ തീവ്രവാദമുണ്ടോയെന്ന് പറയേണ്ടത് അന്വേഷണ സംഘമാണ്. കേസിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് റെയില്‍വേ ഡിവിഷന്‍ സെക്യൂരിറ്റി കമീഷണര്‍ അനില്‍കുമാര്‍ എസ്. നായര്‍, റെയില്‍വേ പൊലീസ് സി.ഐ സുധീര്‍ മനോഹര്‍, എസ്.ഐ അപര്‍ണ അനില്‍കുമാര്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.