തളിപ്പറമ്പ്: കപ്പാലത്ത് സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ അമിതവേഗത്തിലെത്തിയ ബസിടിച്ച് തെറിപ്പിച്ചു. കപ്പാലം വട്ടപ്പാറ സ്വദേശി ബിലാലിനെയാണ് (11) ബസിടിച്ചത്. അമിതവേഗത്തിലും മത്സരയോട്ടത്തിലുമായിരുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ ബസ് അടിച്ചുതകർത്തു.
ഞായറാഴ്ച രാവിലെ 10.10ഓടെ ആയിരുന്നു അപകടം. ഇരിട്ടിയിൽനിന്നും തളിപ്പറമ്പിലേക്ക് വരുകയായിരുന്ന ആവേ മരിയ ബസ് മന്നാ ഭാഗത്തേക്ക് സൈക്കിളിൽ പോവുകയായിരുന്ന കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തൃച്ചംബരം യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയായ ബിലാലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് അമിത വേഗത്തിലായിരുന്നെന്നും തെറ്റായ ദിശയിലൂടെയാണ് വന്നതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. കുറുമാത്തൂർ പൊക്കുണ്ട് മുതലാണ് ബസ് മത്സരയോട്ടം നടത്തിയത്. കപ്പാലം പെട്രോൾ പമ്പിന് സമീപത്തുവെച്ചാണ് ബസ് ദിശ മാറി വന്ന് കുട്ടിയെ ഇടിച്ചതെന്ന് ബസിലെ യാത്രക്കാരൻ പറഞ്ഞു.
റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷയെ മറികടന്നെത്തിയ ബസ് കുട്ടിയെ ഇടിച്ചുതെറിപ്പിക്കുന്ന രംഗം സി.സി.ടി.വിയിൽ ലഭിച്ചു. സൈക്കിൾ, ബസിന്റെ മുൻചക്രങ്ങളിൽ കുടുങ്ങിയ നിലയിലായിരുന്നു. കുട്ടി ഇടിയുടെ ആഘാതത്തിൽ മീറ്ററുകളോളം മുന്നോട്ട് തെറിച്ചുവീണു. സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ ബസിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസ് അടിച്ചുതകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.