തിരുവനന്തപുരം: തദ്ദേശ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് തയാറാക്കാൻ സർക്കാർ സ്ഥാപനത്തെ മറികടന്ന് സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയതിൽ വിവാദം കൊഴുക്കുന്നു. വെബ്സൈറ്റിന്റെ ആദ്യഘട്ട നവീകരണത്തിന് ചെലവിട്ടത് 8.24 ലക്ഷം രൂപ. ടെക്നോ പാർക്കിലെ സ്വകാര്യ സോഫ്റ്റ്വെയർ സ്ഥാപനത്തിനാണ് തുക അനുവദിച്ച് സർക്കാർ ഉത്തരവായത്.
എന്നാൽ, കാലാകാലങ്ങളായി തദ്ദേശവകുപ്പിന് മാത്രമായി സോഫ്റ്റ്വെയർ തയാറാക്കാനും മറ്റു സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കാനും സർക്കാർ നിയന്ത്രണത്തിലുള്ള ഇൻഫർമേഷൻ കേരള മിഷൻ എന്ന പേരിൽ സ്ഥാപനം പ്രവർത്തിക്കുമ്പോഴാണ് സ്വകാര്യ കമ്പനിക്ക് ലക്ഷങ്ങൾ നൽകിയത്.
സേവനങ്ങളും പ്രവർത്തനങ്ങളും അറിയാൻസാധിക്കുന്ന സാധാരണ വെബ്സൈറ്റാണ് തദ്ദേശ വകുപ്പിനുള്ളത്. വകുപ്പിന്റെ സേവനങ്ങൾ ലഭ്യമാക്കാൻ കെ-സ്മാർട്ട്, ഐ.എൽ.ജി.എം.എസ് എന്നീ വെബ്സൈറ്റുകൾ വേറെയുണ്ട്. പൊതുജനം കൂടുതൽ ആശ്രയിക്കുന്നതും ആധുനിക സാങ്കേതിക സംവിധാനങ്ങൾ വേണ്ടതും ഈ വെബ്സൈറ്റുകൾക്കാണ്. ഈ രണ്ട് വെബ്സൈറ്റുകളും ഇൻഫർമേഷൻ കേരള മിഷനാണ് തയാറാക്കിയത്.
ഈ സാഹചര്യത്തിൽ ഔദ്യോഗിക വെബ്സൈറ്റിന്റെ ആദ്യഘട്ട നവീകരണത്തിന് മാത്രം എട്ടുലക്ഷത്തിലധികം രൂപ ചെലവഴിച്ചത് എന്തിനുവേണ്ടിയെന്ന് ചോദ്യമുയരുന്നു. മാർച്ച് 14നാണ് സ്വകാര്യ സ്ഥാപനവുമായി കരാറിൽ ഏർപ്പെട്ടത്. തദ്ദേശവകുപ്പിന്റെ ആധുനികീകരണത്തിനായി ബജറ്റിൽ വകയിരുത്തിയ ആറുകോടിയിൽനിന്നാണ് തുക അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.