തിരുവനന്തപുരം: റെയിൽവേയുടെ വിവരസാങ്കേതിക നട്ടെല്ലായ ക്രിസിനെ (സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം) ടിക്കറ്റ് ബുക്കിങ് സംവിധാനമായ ഐ.ആർ.സി.ടി.സി പുറത്താക്കുന്നു. വെബ്സൈറ്റും ആപ്പും നവീകരിക്കുന്നതിന് പുറംകരാർ നൽകുന്നതിന്റെ ഭാഗമായാണ് സാങ്കേതിക പിന്തുണ കൂടി ഐ.ആർ.സി.ടി.സി സ്വകാര്യമേഖലക്ക് കൈമാറാനൊരുങ്ങുന്നത്.
കഴിഞ്ഞ ദിവസം വെബ്സൈറ്റ് മണിക്കൂറുകളോളം പണിമുടക്കിയതിനു പിന്നാലെയാണ് സ്വകാര്യവത്കരണ നീക്കങ്ങൾ പുറത്തുവരുന്നത്. റെയിൽവേയുടെ ചെറുതും വലുതുമായ എല്ലാ വിവര സാങ്കേതിക സംരംഭങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് ക്രിസ് ആണ്. ടിക്കറ്റ് റിസർവേഷനും ജനറൽ ടിക്കറ്റിനും പുറമെ, ട്രെയിനുകളുടെ തത്സമയ വിവരങ്ങൾ ലഭ്യമാക്കുന്ന എൻ.ടി.ഇ.എസ് (നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റം), ഇ-പ്രൊക്യുർമെൻറ് സംവിധാനം, ജീവനക്കാരുടെ വിന്യാസം, ട്രാക്ക് മാനേജ്മെന്റ്, ലോക്കോ മാനേജ്മെന്റ്, ചരക്ക് ഗതാഗത-കൈകാര്യ സംവിധാനം, അക്കൗണ്ടിങ് തുടങ്ങി ഡിജിറ്റൽ സംവിധാനങ്ങളെല്ലാം റെയിൽവേക്കായി സജ്ജമാക്കുന്നതും ഈ സ്ഥാപനം തന്നെ.
ആദ്യഘട്ട ചർച്ചകളിൽ ക്രിസ് ഐ.ആർ.സി.ടി.സി നീക്കത്തിൽ കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു. വെബ്സൈറ്റ് നവീകരണ ഭാഗമായി വിവിധ മേഖലകളിൽ സോഫ്റ്റ്വെയർ എൻജിനീയർമാരുടെയും ഡെവലപ്പർമാരുടെയും യോഗം വിളിച്ചിരുന്നു. നിലവിലെ വെബ്സൈറ്റിന്റെ പോരായ്മ പരിഹരിക്കുന്നതിനും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുമുള്ള നിർദേശങ്ങളാണ് ആവശ്യപ്പെട്ടത്.
ഈ യോഗങ്ങളിലും വെബ്സൈറ്റ് സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്നതിന്റെ സൂചന നൽകിയിരുന്നു. 2014 ലാണ് ഐ.ആർ.സി.ടി.സി വെബ്സൈറ്റ് ഒടുവിൽ പരിഷ്കരിച്ചത്. ഒരേ സമയം 1.5 ലക്ഷം പേരാണ് ഐ.ആർ.സി.ടി.സി വെബ്സൈറ്റിലും ആപ്പിലുമായി എത്തുന്നതെന്നാണ് കണക്ക്. ഒരു മിനിറ്റിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ 25000 ന് മുകളിലും. ഇത്രയും വിപുലമായ സാങ്കേതിക ഉത്തരവാദിത്തത്തിൽനിന്നാണ് ക്രിസിനെ ഒഴിവാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.