പ്രിയ വർഗീസ്

കെ.കെ. രാഗേഷിന്‍റെ പേര് ഉൾപ്പെടുത്തിയതിനെതിരെ പ്രിയ വർഗീസ്; ഫേസ്ബുക്ക് പോസ്റ്റിൽ മാധ്യമങ്ങൾക്ക് വിമർശനം

കോഴിക്കോട്: കണ്ണൂർ സർവകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട ഹൈകോടതി ഉത്തരവിനു പിന്നാലെ മാധ്യമങ്ങളെ വിമർശിച്ച് പ്രിയ വർഗീസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. യഥാർഥത്തിൽ നടക്കുന്നത് ജോസഫ് സ്‌കറിയയും ഒരു പ്രിയാ വർഗീസും തമ്മിൽ ഒരു അപ്പകഷ്ണത്തിന് വേണ്ടിയുള്ള പോര് മാത്രമാണ്.

കെ.കെ. രാഗേഷിനെ പാർട്ടി പുറത്താക്കിയാലോ, തങ്ങൾ ബന്ധം അവസാനിപ്പിച്ചാലോ തീരാവുന്ന വിവാദം മാത്രമാണ് ഇപ്പോഴത്തേതെന്നും പ്രിയ പറയുന്നു. താനും രാഗേഷും തമ്മിൽ ഉള്ളത് അച്ഛൻ മകൾ ബന്ധമൊന്നുമല്ല. ഒന്നിച്ചു ജീവിക്കാം എന്നൊരു കരാർ മാത്രമാണ്. ആ കരാർ ഞങ്ങളിൽ ആരെങ്കിലും ഒരാൾ അവസാനിപ്പിച്ചാൽ പിന്നെ നിങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ ഭാര്യ എന്ന് സ്റ്റോറി കൊടുക്കാനുള്ള സ്കോപ്പ് അതോടെ അവസാനിക്കും. അല്ലെങ്കിൽ അത്രയേ ഉള്ളൂ നിങ്ങടെ സ്റ്റോറിക്ക് കെട്ടുറപ്പെന്നും അവർ കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം;

യഥാർത്ഥത്തിൽ ഒരു ജോസഫ് സ്‌കറിയയും ഒരു പ്രിയാ വർഗീസും തമ്മിൽ ഒരു അപ്പകഷ്ണത്തിന് വേണ്ടി പഴയ മുത്തശ്ശി കഥകളിലെ പൂച്ചകളെപ്പോലെ പോയി അപ്പമൊന്നും കിട്ടാതെ തിരിച്ചു വന്ന കഥയെയാണ് സർക്കാർ ഗവർണർ പോര് പാർട്ടി പോര് Vs തലമുറകൾക്ക് വേണ്ടിയുള്ള പോര് എന്നൊക്കെ പൊലിപ്പിക്കുന്നത്. എന്റെ പൊലിപ്പീരുകാരെ ഒറ്റ ഒരു കാര്യം ചോദിച്ചോട്ടെ ഞാനും കെ. കെ. രാഗേഷും തമ്മിൽ ഉള്ളത് അച്ഛൻ മകൾ ബന്ധമൊന്നുമല്ല. ഒന്നിച്ചു ജീവിക്കാം എന്നൊരു കരാർ മാത്രമാണ് ആ കരാർ ഞങ്ങളിൽ ആരെങ്കിലും ഒരാൾ അവസാനിപ്പിച്ചാൽ പിന്നെ നിങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഭാര്യ എന്ന് സ്റ്റോറി കൊടുക്കാനുള്ള സ്കോപ്പ് അതോടെ അവസാനിക്കും. അല്ലെങ്കിൽ അത്രയേ ഉള്ളൂ നിങ്ങടെ സ്റ്റോറിക്ക് കെട്ടുറപ്പ്.

ഇനി അതല്ല കെ. കെ. രാഗേഷ് എന്ന പാർട്ടി അംഗത്തെ പാർട്ടി അങ്ങ് പുറത്താക്കി എന്ന് വെക്കുക. അപ്പോഴും സ്റ്റോറിലൈൻ പൊട്ടും. പാലോറ മാത മുതൽ പുഷ്പൻ വരെയുള്ള ഈ പ്രസ്ഥാനത്തിൽ കെ. കെ. രാഗേഷ് എന്നത് എപ്പൊ വേണമെങ്കിലും ഒരു പൂവ് വീഴുമ്പോലെ വീഴാവുന്ന ഒരാളാണെന്ന് കാണാൻ നിങ്ങൾ പഠിച്ച സ്കൂളുകളിൽ ഒന്നും വാങ്ങാൻ കിട്ടുന്ന കണ്ണട വെച്ചാൽ പറ്റില്ല എന്നറിയാം. എങ്കിലും യഥാർത്ഥ കാഴ്ച ഇല്ലാതാവുന്നില്ല. അത് പറഞ്ഞു എന്ന് മാത്രം.

2021നവംബർ 18ന് നടന്ന ഒരു ഇന്റർവ്യൂവിന്റെ -യഥാർത്ഥത്തിൽ ഇന്റർവ്യൂവിന്റെ അല്ല ചുരുക്കപ്പട്ടികയുടെ -റാങ്ക് ലിസ്റ്റ്നെ ചൊല്ലിയാണല്ലോ തർക്കം.(നിയമനവും നിയമന ഉത്തരവ് പോലും സംഭവിച്ചിട്ടില്ല -മാധ്യമ ഭാഷ കണ്ടു തെറ്റിദ്ധരിച്ചു പോകരുത് )

ഇതിലിപ്പോ പ്രിയാ വർഗീസ് എന്ന വ്യക്തിക്ക് സങ്കടപ്പെടാൻ മാത്രം ഒന്നുമില്ല. പൊന്നു തമ്പുരാന്റെ ചക്രമല്ല കേരള സർക്കാരിന്റെ ശമ്പളം മാസാമാസം വാങ്ങുന്ന ഒരാളാണ് നിലവിൽ തന്നെ ആയാൾ.2012ൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലിയിൽ പ്രവേശിച്ച ഒരാൾക്ക് അസോസിയേറ്റ് പ്രൊഫസർ ആകാൻ പുതിയ ഒരു നിയമനം തേടി പോകേണ്ട കാര്യമൊന്നുമില്ല ജീവിച്ചിരിപ്പുണ്ടെങ്കിൽ അത് ആയിരിക്കും. പിന്നെ ഈ കളിയിൽ പന്തുരുട്ടാൻ എനിക്കുണ്ടായിരുന്ന ഒരു കൗതുകം ഈ തള്ളിമറിക്കുന്നവരെ മാന്താൻ എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു എന്നതാണ്. റിട്ടയർ ചെയ്യാൻ കാലും നീട്ടി ഇരിക്കുമ്പോഴും അസോസിയേറ്റ് പ്രൊഫസർ പോലും ആകാത്ത ഒരാൾ ചാനലിൽ വന്നിരുന്നു എന്റെ ചരിത്രപ്രബന്ധം വായിക്കാത്ത ചരിത്രകാരന്മാർ ഭൂമിമലയാളത്തിൽ ഉണ്ടാവില്ല എന്നൊക്കെ ഗീർവാണമടിക്കുന്നത് കേട്ടപ്പോൾ. ആഹാ കൊള്ളാല്ലോ എന്ന് തോന്നിയ ഒരു തോന്നൽ. ഞാൻ പഠിപ്പിച്ച കുട്ടികളോ അവരുടെ പ്രായത്തിലുള്ള കുട്ടികളോ പങ്കെടുക്കുന്ന ഒരു മത്സരത്തിലും വർത്തമാനത്തിലും ഭാവിയിലും പങ്കെടുക്കുകപോലും ചെയ്യില്ല എന്ന ഉറച്ച തീരുമാനമെടുത്തിട്ടുള്ള ഒരാൾ എന്ന നിലക്ക് അത്തരം ധാർമിക പ്രശ്നങ്ങളൊന്നും ഈ പോരാട്ടത്തിന് തടസ്സവുമായില്ല. മാത്രമല്ല ആ റാങ്ക് പട്ടികയിൽ ഉള്ള ഏക സ്ത്രീ ഞാൻ ആയിരുന്നു. കണ്ണൂര് തന്നെ ഞാൻ ആരാധിക്കുന്ന സ്ത്രീകളായ നിരവധി മലയാളം അധ്യാപികമാർ ഉണ്ട് ഡോ. ആർ. രാജശ്രീയെപ്പോലെ ഡോ. ജിസ ജോസിനെപ്പോലെ. അവരൊന്നും അപേക്ഷിക്കാത്തത്കൊണ്ടു കൂടിയാവണം എനിക്ക് ഈ ചുരുക്കപ്പട്ടികയിൽ തന്നെ വരാനായത് എന്നാണ് ഞാൻ കരുതുന്നത്. ഇതൊക്കെയാണ് പ്രിയാ വർഗീസ് എന്ന വ്യക്തിക്ക് ഇക്കാര്യത്തിൽ പറയാനുള്ളത്.

പക്ഷേ ബിരുദാനന്തര തലത്തിൽ ബോധനശാസ്ത്രം(Pedagogy )പഠിച്ച ഒരു വിദ്യാർത്ഥി എന്ന നിലയിൽ, ഇപ്പോഴും പഠിക്കാൻ താല്പര്യമുള്ള ഒരു വിദ്യാർത്ഥി എന്ന നിലയിൽ ചില സംശയങ്ങൾ.

*എന്താണ് teaching എന്നത് കൊണ്ട് അർഥമാക്കുന്നത്?

*നമ്മുടെ സർവ്വകലാശാലകളിൽ പലതിന്റെയും വാർഷിക ബഡ്ജറ്റിനെക്കാൾ കൂടുതൽ വിറ്റുവരവുള്ള ട്യൂഷൻ സ്ഥാപനങ്ങൾ ഉള്ള സ്ഥലമാണ് ഇന്ത്യാമഹാരാജ്യം. ഈ ട്യൂഷൻ സ്ഥാപനങ്ങളും സർവ്വകലാശാലകളും തമ്മിലുള്ള അഞ്ചു വ്യത്യാസം പറയാൻ പറഞ്ഞാൽ ഇനി എന്തൊക്കെ പറയണം?

*കോളേജ് ടീച്ചർമാരെ ഒരുകാലത്തും ഒരു വിദ്യാഭ്യാസകമ്മീഷനും ടീച്ചർ എന്ന് വിളിച്ചിട്ടില്ല ലക്ച്ചറർ, അസിസ്റ്റന്റ് പ്രൊഫസർ എന്നൊക്കെയാണ് രേഖകളിൽ പേര് സ്നേഹപൂർവ്വം നമ്മൾ മാഷേ ടീച്ചറേ എന്നൊക്കെ വിളിക്കുന്നത്പോലെയല്ല അവരുടെ നില അതെന്തുകൊണ്ടാവും?

ഈ ചോദ്യങ്ങൾ ഒരു പ്രിയാ വർഗീസിന്റെയും കെ. കെ. രാഗേഷിന്റെയും പടിക്കുമുന്നിൽ പാട് കിടന്നു തമസ്‌കരിക്കാനുള്ളതല്ല.

ദീർഘകാലം അധ്യാപകൻ കൂടിയായിരുന്ന ഡോ. എം. സത്യൻ കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയി ചുമതല ഏറ്റെടുത്ത്‌ അധിക ദിവസമാകും മുൻപ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിസരം കാടു പിടിച്ചു കിടക്കുന്നത് കണ്ട അദ്ദേഹം അതൊന്നു വെടിപ്പാക്കിയേ പറ്റൂ എന്ന് തീരുമാനിച്ചു. ഓണവും അടുത്ത് വരുന്ന ദിവസങ്ങളായിരുന്നു. മാഷപ്പൊ ഒരു നിർദ്ദേശം വെച്ചു ഓണാഘോഷപരിപാടിയുടെ ഭാഗമാക്കാം നമുക്ക് ഈ ശുചീകരണ പ്രവർത്തനം,പുസ്തകമിറക്കാൻ പോലും ഫണ്ട്‌ തികയാത്ത ഇൻസ്റ്റിറ്റ്യൂട്ടിനു പണവും ലാഭം നമ്മൾ ജീവനക്കാർക്ക് ആനന്ദവും ലാഭം. മാഷുടെ ആ ഡീൽ ഞങ്ങൾ കൈമെയ് മറന്ന് അങ്ങ് ആഘോഷമാക്കി. എ. പി. ഐ സ്കോറിൽ നിന്ന് അര ദിവസം ആവിയാക്കിയ ആ ദൃശ്യം ഇവിടെ പങ്ക് വെക്കുന്നു. സ്നേഹവും സഹതാപവും ഐക്യദാർഢ്യവും ഒക്കെ അറിയിച്ച എല്ലാവർക്കും ഉമ്മ.

Full View
Tags:    
News Summary - Priya Varghese against inclusion of K.K. Ragesh's name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.