സുൽത്താൻ ബത്തേരി: സ്നേഹമെന്ന വാക്കിന് രാഷ്ട്രീയത്തിൽ ഒരുപാട് സ്ഥാനമുണ്ടെന്ന് തന്നെ പഠിപ്പിച്ചത് വയനാടാണെന്ന് രാഹുൽ ഗാന്ധി. വിദ്വേഷത്തെ മറികടക്കാൻ സ്നേഹമാണ് ആയുധമെന്ന് വയനാട്ടിൽ വന്നശേഷം അറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ‘വയനാട്ടിൽ എത്തിയപ്പോൾ ആളുകൾ എന്നെ കെട്ടിപ്പുണരുന്നു, ചുംബിക്കുന്നു, ഇഷ്ടമാണെന്ന് തുറന്നുപറയുന്നു’ -സുൽത്താൻ ബത്തേരിയിൽ റോഡ് ഷോയിൽ സംസാരിക്കവെ രാഹുൽ പറഞ്ഞു.
വയനാടിന്റെ സേ്നഹത്തിന് മലയാളത്തിൽ നന്ദി പറഞ്ഞ പ്രിയങ്കഗാന്ധി, ‘ഞാൻ വേഗം തിരിച്ചുവരും’ എന്ന് കൂടി തനി മലയാളത്തിൽ വോട്ടർമാർക്ക് ഉറപ്പുനൽകിയതോടെ റോഡ്ഷാ കാണാനെത്തിയ പതിനായിരങ്ങൾ ഹർഷാരവം മുഴക്കി. രാഹുൽ ഗാന്ധിയാവട്ടെ, ‘ഐ ലവ് വയനാട്’ എന്നെഴുതിയ ടീ ഷര്‍ട്ടും ധരിച്ചാണ് പരിപാടിയിൽ പങ്കെടുത്തത്. ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം തീരാൻ മണിക്കൂറുകള്‍ ശേഷിക്കെയാണ് സുൽത്താൻ ബത്തേരിയിൽ നടന്ന റോഡ്ഷോയിൽ രാഹുലും പ്രിയങ്കയും മലയാളമണ്ണിന്റെ സ്നേഹത്തെ വാരിപ്പുണർന്നത്.
എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മോകേരിയും എന്‍ഡിഎ സ്ഥാനാർഥി നവ്യ ഹരിദാസും കൊട്ടിക്കലാശത്തിൽ മണ്ഡലത്തിൽ സജീവമാണ്. സത്യൻ മൊകേരി കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് കല്‍പ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ്ഷോകളിൽ പങ്കെടുക്കും. സുല്‍ത്താൻ ബത്തേരിയിലാണ് എൻഡിഎയുടെ കൊട്ടിക്കലാശം.
ഇന്ന് വൈകീട്ട് തിരുവമ്പാടിയിൽ നടക്കുന്ന പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. റോഡ് ഷോയിൽ കോണ്‍ഗ്രസിന്‍റെയും ലീഗിന്‍റെയും മറ്റു യു.ഡി.എഫ് ഘടകകക്ഷികളുടെയും പതാകകളുമായി നൂറുകണക്കിന് പ്രവര്‍ത്തകർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.