ഫോട്ടോ: ബിമൽ തമ്പി 

തുലാമഴയിലും ആവേശം ചോരാതെ പ്രിയങ്കയുടെയും രാഹുലിന്‍റെയും റോഡ് ഷോ; തിരുവമ്പാടി ജനസാഗരം

തിരുവമ്പാടി (കോഴിക്കോട്): കോരിച്ചൊരിഞ്ഞ തുലാമഴയിലും ആവേശം ചോരാതെ തിരുവമ്പാടിയിൽ പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും തെരഞ്ഞെടുപ്പ് റോഡ് ഷോ. വയനാട് ലോക്സഭ ഉപതെരഞ്ഞടുപ്പ് പ്രചാരണത്തിൻ്റെ സമാപനം കുറിച്ച യു.ഡി.എഫ് റോഡ് ഷോയിൽ പങ്കെടുക്കാൻ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നന്നായി വൻജനാവലിയാണെത്തിയത്. വൈകീട്ട് നാല് മണിയോടെ തിരുവമ്പാടിയിലെത്തിയ പ്രിയങ്കക്കും രാഹുലിനും പ്രൗഢമായ സ്വീകരണമാണൊരുക്കിയത്.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപത്ത് നിന്നാരംഭിച്ച തുറന്ന വാഹനത്തിലെ റോഡ് ഷോക്ക് അകമ്പടിയായി നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. റോഡിന് ഇരുവശത്തുമായി നിന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള ജനകൂട്ടത്തെ പ്രിയങ്കയും രാഹുലും കൈവീശി അഭിവാദ്യം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ , എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ എം.പി, ദീപ്ദാസ് മുൻഷി, എ.ഐ.സി.സി സെക്രട്ടറി മൻസൂർ അലിഖാൻ, എം.കെ. രാഘവൻ എം.പി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് , ഡി.സി.സി പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺ കുമാർ എന്നിവർ വാഹനത്തിൽ പ്രിയങ്കയെയും രാഹുലിനെയും അനുഗമിച്ചു.

തിരുവമ്പാടി ബസ്റ്റാൻ്റിൽ റോഡ് ഷോ സമാപന ചടങ്ങിൽ പ്രിയങ്കയും രാഹുലും സംസാരിച്ചു. താൻ വിജയിക്കുന്നതോടെ നിങ്ങൾ നൽകുന്ന സ്നേഹത്തിന് സ്നേഹം തന്നെ തിരിച്ച് നൽകുമെന്ന് പ്രിയങ്ക പറഞ്ഞു. തൻ്റെ സഹോദരിക്ക് മൂന്നര പതിറ്റാണ്ടിൻ്റെ പൊതുപ്രവർത്തന പാരമ്പര്യമുണ്ടെന്ന് രാഹുൽ ഗാന്ധി സൂചിപ്പിച്ചു. യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽകുമാർ എം.എൽ.എ, ഫ്രാൻസിസ് ജോർജ്, പി.സി. വിഷ്ണുനാഥ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. ജയന്ത്, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.കെ ഫിറോസ് തുടങ്ങിയവർ നേതൃത്വം നൽകി. 

 

രാജ്യത്തിൻ്റെ ഭരണഘടന മൂല്യങ്ങൾക്കായി നിലകൊള്ളും -പ്രിയങ്ക 

രാജ്യത്തിൻ്റെ ഭരണഘടന മൂല്യങ്ങൾക്കായി നിലകൊള്ളുമെന്ന് പ്രിയങ്ക ഗാന്ധി തിരുവമ്പാടിയിൽ റോഡ് ഷോയിൽ പറഞ്ഞു.  ഹിന്ദു , ക്രിസ്ത്യൻ, മുസ്ലിം മതവിശ്വാസികൾക്കിടയിൽ സൗഹൃദവും ഐക്യവും വയനാട്ടിൽ കണ്ടു. വയനാടൻ ജനത തനിക്ക് പ്രചോദനമാണ്. ജനങ്ങൾക്ക് വളരാനും സംരംഭങ്ങൾ തുടങ്ങാനുമുള്ള വിഭവങ്ങൾ വയനാട്ടിലുണ്ട്. മണ്ഡലത്തിലെ ജനതക്കായി കഠിനാധ്വാനം ചെയ്യും. വന്യജീവി പ്രശ്നം, രാത്രിയാത്ര നിരോധനം തുടങ്ങിയ പ്രശ്നങ്ങളിൽ ജനങ്ങളുടെ കൂടെ നിൽക്കും. തൻ്റെ സഹോദരൻ രാഹുൽ പ്രയാസമനുഭവിച്ച സമയത്ത് കൂടെ നിന്നവരാണ് വയനാടൻ ജനതയെന്ന് പ്രിയങ്ക ഗാന്ധി സ്മരിച്ചു. 

സ്നേഹത്തെ രാഷ്ട്രീയ ഉപകരണമാക്കി അധിക്ഷേപത്തെ നേരിട്ടു -രാഹുൽ ഗാന്ധി

സ്നേഹത്തെ രാഷ്ട്രീയ ഉപകരണമാക്കി ഉപയോഗിച്ചാണ് അധിക്ഷേപങ്ങളെയും വെറുപ്പിനെയും താൻ നേരിട്ടതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.പി. വയനാട്ടിൽ വന്ന ശേഷമാണ് എൻ്റെ പദസംഹിതയിൽ സ്നേഹമെന്ന വാക്ക് ഇടം നേടിയത്. സ്നേഹത്തിൻ്റെ അർഥം വയനാട്ടിൽ നിന്നാണ് പഠിച്ചത്. കഴിഞ്ഞ അഞ്ച് വർഷം എന്നിലെ രാഷ്ട്രീയക്കാരനെ ഗുണപരമായി മാറ്റി. ഭാരത് ജോഡോ യാത്രയിൽ സ്നേഹത്തെ രാഷ്ട്രീയ ഉപകരണമാക്കി ഉപയോഗിക്കാനായി. വയനാടിനെ ഇന്ത്യയിലെ ശ്രദ്ധിക്കപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമാക്കാൻ ശ്രമിക്കും. ഇനി വയനാട് രണ്ട് എം.പിമാരുള്ള നിയോജകമണ്ഡലമായി മാറും. ഔദ്യോഗിക എം.പി ക്ക് പുറമേ അനൗദ്യോഗിക എം.പിയായി ലോക്‌സഭയിൽ താൻ വയനാടിനായി ശബ്ദിക്കുമെന്നും രാഹുൽ പറഞ്ഞു. 

Tags:    
News Summary - Priyanka Rahul roadshow in thiruvambady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.