തിരുവനന്തപുരം: പ്രിയവർഗീസിന് കണ്ണൂർ യൂണിവേഴ്സിറ്റി അസോസിയേറ്റഡ് പ്രൊഫസറാകാൻ യോഗ്യതയില്ലെന്ന ഹൈകോടതിവിധിയോടെ സംസ്ഥാന സർക്കാർ നാണംകെട്ടതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇൗ വിധി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ മുഴുവൻ പിൻവാതിൽ നിയമനങ്ങൾക്കും ബാധകമാവും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖത്തേറ്റ പ്രഹരമാണിത്. രാജ്യത്ത് ഒരു നിയമസംവിധാനമുണ്ടെന്ന് ഇനിയെങ്കിലും പിണറായി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന അട്ടിമറിച്ചുകളയാമെന്നത് കമ്മ്യൂണിസ്റ്റുകാരുടെ വ്യാമോഹം മാത്രമാണ്. യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള എല്ലാ നിയമനങ്ങളും പിൻവലിച്ച് ജനങ്ങളോട് മാപ്പു പറയാൻ ഇടത് സർക്കാർ തയ്യാറാവണം.മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയവർഗീസിനെ ഒന്നാം റാങ്കുകാരിയാക്കിയതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നടപടിയെടുക്കണം.
അടിസ്ഥാന യോഗ്യതയില്ലാത്തവരെ ഉയർന്ന പദവിയിലേക്ക് നിയമിച്ചുപോരുന്ന രാഷ്ട്രീയ മാമൂലിനാണ് കോടതിവിധിയോടെ അന്ത്യം കുറിക്കപ്പെടുന്നത്. പ്രിയവർഗീസിന്‍റെ കേസിലെ ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ എട്ട് വിസിമാരും ഉടൻ രാജിവെക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സീതാറാം യെച്ചൂരിയും സംഘവും ഹൈകോടതിയിലേക്കും സുപ്രീംകോടതിയിലേക്കും മാർച്ച് നടത്തുമോയെന്നാണ് കേരളത്തിലെ ജനങ്ങൾ ചോദിക്കുന്നത്. നിയമവ്യവഹാരത്തിൽ സർക്കാർ തുടർച്ചയായി പരാജയപ്പെടുമ്പോൾ ഗവർണറാണ് ശരിയെന്ന് വീണ്ടും തെളിയുകയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ അടിമത്തത്തിൽ നിന്നും മോചിപ്പിക്കാൻ ബി.ജെ.പി ജനകീയ പോരാട്ടം നടത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.