തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്കെതിരെ തുടരന്വേഷണം നീതിന്യായ വ്യവസ്ഥയുടെ അന്തസ് ഉയര്‍ത്തുന്ന വിധിയെന്ന് യു.ഡി.എഫ് കണ്‍വീനർ എം.എം. ഹസന്‍. തുടരന്വേഷണത്തിന് ഉത്തരവിടുകയും ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചീറ്റ് നല്‍കുന്ന പക്ഷപാതപരമായ ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് തള്ളിക്കളയുന്നതാണ് കോടതിവിധിയെന്നും അദ്ദേഹം പറഞ്ഞു.
അധികാര ദുര്‍വിനിയോഗത്തിന്റെ ഭാഗമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മർദിച്ചത് ഡ്യൂട്ടിയുടെ ഭാഗമാണെന്ന് കോടതിയില്‍ ക്രൈംബ്രാഞ്ച നല്‍കിയ റിപ്പോര്‍ട്ട് പൊലീസിലെ പക്ഷപാത അന്വേഷണത്തിന്റെയും സി.പി.എം സ്വാധീനത്തിന്റെയും ഒടുവിലത്തെ ഉദാഹരണമാണ്.
കോടതിയില്‍ നിന്ന് മാത്രമാണ് കോണ്‍ഗ്രസ് നീതി പ്രതീക്ഷിക്കുന്നത്. ജനകീയ വികാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നീതിപരമായ സമീപനമാണ് കോടതി സ്വീകരിച്ച്. പൊലീസിന്റെയും അഹന്തക്കും സര്‍ക്കാരിന്റെ സ്വജനപക്ഷപാതത്തിനും മുഖമടച്ച് കിട്ടിയ അടികൂടിയാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളിയ കോടതി നടപടിയെന്നും എം.എം. ഹസന്‍ പറഞ്ഞു.
കൊലയാളിയായ പി.പി. ദിവ്യയെ സംരക്ഷിക്കുകയും അര്‍ധരാത്രി സ്ത്രീകളുടെ വാതിലില്‍ കൊട്ടിവിളിക്കുകയും ചെയ്യുന്ന പൊലീസാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെ രക്ഷകരായി പ്രവര്‍ത്തിച്ചത്. ഇരട്ടനീതിയാണ് പിണറായി വിജയന്റെ പൊലീസിന്റെത്.കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസിനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യൂവലിനും ഉള്‍പ്പെടെയുള്ളവര്‍ക്കും അതിക്രൂരമായ മർദനമാണേറ്റത്.
തുടക്കം മുതല്‍ കേസ് അട്ടിമറിക്കാനാണ് ശ്രമിച്ചത്. കൊടിയ മര്‍ദ്ദനത്തിന് ഇരയായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി സ്വീകരിക്കാന്‍ ആദ്യം ലോക്കല്‍ പോലീസും ജില്ലാ പൊലീസ് മേധാവിയും തയ്യാറായിരുന്നില്ല. ഒടുവില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിനെ തുടര്‍ന്നുള്ള കോടതിയുടെ ഇടപെടല്‍ കൊണ്ടാണ് പൊലീസ് കേസ് അന്വേഷിക്കാന്‍ തയാറായത്. ഉദ്യോഗസ്ഥരെ രാഷ്ട്രീയവത്കരിക്കുകയാണ് എൽ.ഡി.എഫ് സര്‍ക്കാര്‍. അതിന് ഒടുവിലത്തെ ഉദാഹരമാണ് ഗണ്‍മാന്‍മാരെ വിശുദ്ധരാക്കിയ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും പി.പി. ദിവ്യക്ക് അനുകൂലമായി മൊഴി നല്‍കിയ കണ്ണൂര്‍ കലക്ടറുടെ നടപടിയുമെന്നും എം.എം. ഹസന്‍ പറഞ്ഞു.
കേരളം ഭയത്തോടെ കണ്ട ക്രൂരമർദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ലഭ്യമായിരുന്നിട്ടും തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയത്. തെളിവ് ശേഖരിക്കാതെ കോടതിയില്‍ പച്ചക്കളം പറയുകയായിരുന്നു പിണറായി വിജയന്റെ പൊലീസ്. കോടതിയെ തെറ്റിധരിപ്പിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുക ആയിരുന്നുവേണ്ടത്.
രാഷ്ട്രീയ കേസുകളില്‍ പക്ഷപാതമായി പെരുമെറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എക്കാലവും പിണറായി വിജയനായിരിക്കും ആഭ്യന്തരമന്ത്രിയെന്ന് കരുതരുത്. നിയമവിരുദ്ധമായ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തിക്കുള്ള പുരസ്‌കാരം യു.ഡി.എഫ് ഉറപ്പായും നല്‍കുമെന്നും അതിനായി കരുതിയിരുന്നോളണമെന്നും എം.എം. ഹസന്‍ മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.