കോഴിക്കോട്: സിനിമയിൽനിന്ന് തന്റെ പേര് ഒഴിവാക്കി നിർമാതാവ് ചതിച്ചെന്ന് സംവിധായകൻ ചാലിയാൽ രഘു വാർത്തസമ്മേളനത്തിൽ പറഞ്ഞു. സോറൊ എന്ന സിനിമായുടെ തിരക്കഥകൃത്തും സംവിധായകനുമായ തന്റെ പേര് തൽസ്ഥാനത്തുനിന്ന് നീക്കംചെയ്യുകയും പകരം നിർമാതാക്കളിൽ ഒരാളായ സുരേഷ് സോപാനത്തിന്റെ പേര് ചേർക്കുകയും ചെയ്തു. സിനിമയുമായി ബന്ധപ്പെട്ട് ഒരു മാസികയിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ സംവിധായകനായി ആർ. സുരേഷ് എന്ന സുരേഷ് സോപാനത്തിന്റെ പേരാണുള്ളത്. തുടർന്ന്, സുരേഷ് സോപാനവുമായി ബന്ധപ്പെട്ടപ്പോൾ താൻ ചിത്രം പൂർത്തിയാക്കാൻ വൈകിപ്പിച്ചെന്നടക്കമുള്ള ബാലിശമായ ന്യായങ്ങൾ പറഞ്ഞൊഴിഞ്ഞു. 2020 നവംബർ രണ്ടിന് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി 27ന് അവസാനിച്ചു.
പ്രതിഫലമായി 10,000 രൂപയുടെ ചെക്ക് കൈമാറുകയും ബാക്കി തുക സിനിമ പൂർത്തീകരിച്ച് നൽകാമെന്നുമായിരുന്നു നിർമാതാവ് പറഞ്ഞത്. എന്നാൽ, പണം നൽകാതെ നിർമാതാക്കളായ ജിഷ കൊസൈൻ ഗ്രൂപ്പും സുരേഷ് സോപാനവും ചതിക്കുകയായിരുന്നുവെന്ന് സംവിധായകൻ ആരോപിച്ചു. കൂടാതെ, ജിഷ കൊസൈൻ ഗ്രൂപ്പിനെ പ്രൊഡ്യൂസർ സ്ഥാനത്തുനിന്ന് സുരേഷ് സോപാനം നീക്കുകയും ചെയ്തു. തുടർന്ന് ഇവർ കോടതിയിൽ പോവുകയും സിനിമയുടെ റിലീസിന് സ്റ്റേ വാങ്ങിക്കുകയും ചെയ്തു. ഇതെല്ലാം നിലനിൽക്കെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുഖേന സിനിമക്ക് എൻ.ഒ.സിയും സെൻസർ സർട്ടിഫിക്കറ്റും കിട്ടി.
ഇതൊക്കെ എങ്ങനെയാണ് നടന്നതെന്ന് മനസ്സിലാവുന്നില്ലെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ചാലിയാൽ രഘു കൂട്ടിച്ചേർത്തു.
നേരത്തെ തങ്ങളെ ഒഴിവാക്കിയെന്ന് ആരോപിച്ച് സിനിമയുടെ സഹനിർമാതാവായ ജിഷ കൊ സൈൻ ഗ്രൂപ് സുരേഷിനെതിരെ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.