കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ എഴുന്നള്ളിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഹൈകോടതിയുടെ താൽക്കാലിക വിലക്ക്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളത്തിനും മറ്റും കൊണ്ടുപോകുന്നത് ചോദ്യം ചെയ്ത് ഇടുക്കിയിലെ സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽ സെക്രട്ടറി എം.എൻ. ജയചന്ദ്രൻ നൽകിയ റിവ്യൂ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് അനു ശിവരാമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
ആനയുടെ വലതു കണ്ണിന് പൂർണമായും കാഴ്ച നഷ്ടമായതായി 2017ൽ മെഡിക്കൽ സംഘം റിപ്പോർട്ട് നൽകിയെങ്കിലും ആനയെ വീണ്ടും ഘോഷയാത്രയിലും എഴുന്നള്ളത്തുകളിലും പങ്കെടുപ്പിക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. 2019ൽ ആന വിരണ്ടോടി രണ്ടുപേരെ കൊലപ്പെടുത്തി. തുടർന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയിരുന്നു.
എന്നാൽ, 2020ൽ തൃശൂർ ജില്ല മോണിറ്ററിങ് കമ്മിറ്റി വിലക്ക് നീക്കി. ആനയെ പ്രദർശിപ്പിക്കുന്നതും പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നതും സ്ഥിരമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് അസി. ഫോറസ്റ്റ് കൺസർവേറ്റർ ഹൈകോടതിക്ക് റിപ്പോർട്ട് നൽകി. ഇതേതുടർന്നാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. ആനയുടെ കണ്ണിന് കാഴ്‌ചയില്ലെന്ന മെഡിക്കൽ റിപ്പോർട്ടിൻമേൽ ആറാഴ്ചക്കകം തെച്ചിക്കോട്ടുകാവ് ദേവസ്വം വിശദീകരണം നൽകാനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.