കോഴിക്കോട്: യോഗ്യത കൂട്ടിയും വയസ്സ് കുറച്ചും പ്രമോട്ടർ നിയമനത്തിന് വിചിത്ര ഉത്തരവുമായി പട്ടികജാതി വികസന വകുപ്പ്. പി.എസ്.സി പരീക്ഷക്കടക്കം പരമാവധി 41 വയസ്സുവരെ അപേക്ഷിക്കാമെന്നിരിക്കെ, 30 വയസ്സുവരെയുള്ളവർ മാത്രം പ്രമോട്ടർ നിയമനത്തിന് അപേക്ഷിച്ചാൽ മതിയെന്നാണ് നിർദേശം. മുൻ വർഷങ്ങളിൽ 40 ആയിരുന്നു പ്രായപരിധി. മാത്രമല്ല, യോഗ്യത എസ്.എസ്.എൽ.സിയെന്നത് ഇത്തവണ പ്ലസ് ടുവാക്കി ഉയർത്തിയിട്ടുമുണ്ട്.
പ്രായവും യോഗ്യതയും പരിഷ്കരിച്ചതിനെതിരെ ഭരണാനുകൂല വിഭാഗങ്ങളിൽനിന്നടക്കം കടുത്ത വിമർശനമാണ് ഉയരുന്നത്. പ്രമോട്ടർ നിയമനത്തിനുള്ള പ്രായം 30ഉം യോഗ്യത പ്ലസ്ടുവുമാക്കിയ ഉത്തരവ് പിൻവലിക്കണമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി വകുപ്പുമന്ത്രി കെ. രാധാകൃഷണന് നൽകിയ നിവേദനത്തിൽ തീരുമാനമുണ്ടായിട്ടില്ലെന്നും സി.പി.എമ്മിന്റെ പോഷക സംഘടനയായ പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) സെക്രട്ടറി അഡ്വ. കെ. സോമപ്രസാദ് എം.പി 'മാധ്യമ'ത്തോട് പറഞ്ഞു.പുതിയ ഉത്തരവ് സ്വാഭാവിക നീതിക്കും കീഴ്വക്കങ്ങൾക്കും എതിരാണെന്നതാണ് പ്രധാന വിമർശനം.
യുവജനക്ഷേമ ബോർഡിന്റെ യൂത്ത് കോഓഡിനേറ്റർ, തുടർവിദ്യാഭ്യാസ പ്രേരക്, അംഗൻവാടി ടീച്ചർ, ആശാവർക്കർ എന്നിവയുടെ നിയമനത്തിനെല്ലാം 40 വയസ്സുവരെ അപേക്ഷിക്കാമെന്നിരിക്കെയാണ് പട്ടികജാതി വികസന വകുപ്പ് വിചിത്ര ഉത്തരവ് പുറത്തിറക്കിയത്. പ്രമോട്ടർമാരെപോലെ ശമ്പളമില്ലാതെ ഓണറേറിയം വാങ്ങി ജോലി ചെയ്യുന്നവരാണ് ഇവരുമെന്നും ഈ മേഖലയിലെ വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
പുതിയ ഉത്തരവുപ്രകാരമാണ് നിയമനമെങ്കിൽ ഈ മേഖലയിൽ നേരത്തെ ജോലി ചെയ്തവരിൽ ഭൂരിഭാഗവും പ്രായത്തിന്റെ പേരിൽ പുറത്താവും. ഭാവിയിൽ ഈ രംഗത്തേക്ക് മറ്റു വിഭാഗങ്ങളിൽപെട്ടവരെ പരിഗണിക്കാനുള്ള അണിയറ നീക്കത്തിന്റെ ഭാഗമാണ് പ്രായപരിധി കുറച്ചതെന്ന വിമർശനവും വിവിധ കോണുകളിൽനിന്ന് ഉയർന്നിട്ടുണ്ട്. ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ പട്ടികജാതി വികസന ഓഫിസുകളിലെ പ്രമോട്ടർ നിയമനത്തിന് ഫെബ്രുവരി 28ന് മുമ്പായി അപേക്ഷിക്കണമെന്നാണ് ഡയറക്ടറേറ്റ് നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.