കൊച്ചി: വിരമിച്ച് ഒന്നര പതിറ്റാണ്ടിനുശേഷം ഫോറസ്റ്റ് റേഞ്ച് ഓഫിസറെ തേടി പ്രമോഷൻ ഉത്തരവ്. വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് അസി. ഫോറസ്റ്റ് കൺസർവേറ്ററായി സ്ഥാനക്കയറ്റം നൽകിയ ഉത്തരവ് പെരുമ്പാവൂർ സ്വദേശി കെ.എ. അബ്ദുൽ റഹിമാനെ തേടിയെത്തിയത്. അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിലും ഹൈകോടതിയിലും സുപ്രീംകോടതിയിലും കയറിയിറങ്ങി നിർവാഹമില്ലാതെയാണ് സർക്കാർ ഉത്തരവ്. പുതിയ തസ്തികയുടെ അടിസ്ഥാനത്തിലാവും ഇനി പെൻഷൻ ആനുകൂല്യങ്ങൾ.
1986 ജനുവരി ഒന്നിന് വനം വകുപ്പിൽ റേഞ്ച് ഓഫിസറായ അബ്ദുൽ റഹിമാൻ സ്ഥാനക്കയറ്റം ലഭിക്കാതെയാണ് 2006 മേയ് 31ന് വിരമിച്ചത്. പി.എസ്.സി പരീക്ഷ എഴുതി യോഗ്യത നേടിയതിന് പിന്നാലെ 1984ൽ സതേൺ ഫോറസ്റ്റ് ട്രെയിനിങ് കോളജിൽനിന്ന് ഒരുവർഷത്തെ റേഞ്ചേഴ്സ് കോഴ്സും 1985ൽ വനം വകുപ്പിൽ പ്രായോഗിക പരിശീലനവും കഴിഞ്ഞാണ് ജോലിയിൽ പ്രവേശിച്ചത്. ഒരേ ദിവസം ജോലിയിൽ പ്രവേശിക്കുന്നവരിൽ റേഞ്ചേഴ്സ് കോഴ്സ് പഠനകാലത്തെ മെറിറ്റ് കണക്കാക്കിയാണ് സ്ഥാനക്കയറ്റം നൽകിയിരുന്നത്.
1992ൽ തയാറാക്കിയ പട്ടികപ്രകാരം അബ്ദുൽ റഹിമാന് 2000ത്തിൽ സ്ഥാനക്കയറ്റം ലഭിക്കേണ്ടിയിരുന്നു. എന്നാൽ, കോടതി ഇടപെടലിനെത്തുടർന്ന് 1997ൽ സീനിയോറിറ്റി പട്ടിക ഉടച്ചുവാർത്തു. ഈ പട്ടികപ്രകാരം വിരമിക്കേണ്ട വർഷമായ 2006ലാണ് അബ്ദുൽ റഹിമാന് സ്ഥാനക്കയറ്റത്തിന് അർഹതയുണ്ടായിരുന്നത്. എന്നാൽ, ഒരു വിജിലൻസ് കേസും രണ്ട് അച്ചടക്ക നടപടിയും നിലവിലുണ്ടെന്ന പേരിൽ സ്ഥാനക്കയറ്റം നിഷേധിച്ചു. അതേ വർഷം വിരമിക്കുകയും ചെയ്തു. ഇതിനിടെ, കോടതി ഇടപെടലുകളിലൂടെ 2011ൽ 1992ലെ സീനിയോറിറ്റി പട്ടിക പുനഃസ്ഥാപിച്ചു. വിജിലൻസ് കേസ് ഹൈകോടതി റദ്ദാക്കുകയും അച്ചടക്ക നടപടി തീർപ്പാവുകയും ചെയ്തിരുന്നു. തുടർന്ന് പഴയ പട്ടിക അടിസ്ഥാനത്തിൽ പ്രമോഷന് അർഹത ചൂണ്ടിക്കാട്ടി കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ (കെ.എ.ടി) സമീപിച്ചു. മൂന്ന് മാസത്തിനകം പ്രമോഷൻ നൽകണമെന്ന് 2019 നവംബർ 27ന് കെ.എ.ടി വിധിച്ചു. 2000 ഡിസംബർ 12 കണക്കാക്കി പ്രമോഷൻ നടത്താനായിരുന്നു ഉത്തരവ്. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി സർക്കാർ ഹൈകോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ ഫെബ്രുവരി 18ന് ഹരജി തള്ളി. രണ്ടാഴ്ചക്കകം ഉത്തരവ് നടപ്പാക്കാൻ വനം പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശവും നൽകി. ഉത്തരവ് നടപ്പാക്കാതിരുന്നതിനെത്തുടർന്ന് കോടതിയലക്ഷ്യ ഹരജിയുമായി വീണ്ടും കോടതിയെ സമീപിച്ചു. ഇവിടെയും കോടതി തുണച്ചു.
ഇതിനിടെ, ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ നൽകിയ അപ്പീലും നിരസിക്കപ്പെട്ടതോടെ സർക്കാർ വഴങ്ങി. 2000 ഡിസംബർ 13 മുതൽ മുൻകാല പ്രാബല്യത്തോടെ അസിസ്റ്റന്റ് കൺസർവേറ്റർ തസ്തികയിലേക്ക് പ്രമോഷൻ അനുവദിച്ച് 2021 ഡിസംബർ 11ന് ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.