കൊച്ചി: താൻ ഉപയോഗിച്ചിട്ടില്ലെന്ന് നടൻ ദിലീപ് അവകാശപ്പെടുന്ന ഐ ഫോണിനെ വിടാതെ ഹൈകോടതിയിൽ പ്രോസിക്യൂഷൻ. അന്വേഷണ സംഘം പറയുന്ന ഒരു ഐ ഫോൺ ഏതാണെന്നറിയില്ലെന്നും അടുത്ത കാലത്തൊന്നും ഇത് ഉപയോഗിച്ചിരുന്നില്ലെന്നും ദിലീപ് ഹൈകോടതിയിൽ നൽകിയ വിശദീകരണം തെറ്റാണെന്ന് തെളിയിക്കുന്ന വിശദാംശങ്ങളാണ് പ്രോസിക്യൂഷൻ നിരത്തിയത്. 2021 ജനുവരി 21 മുതൽ ആഗസ്റ്റ് 31വരെ 221 ദിവസം ഈ ഫോൺ ദിലീപ് ഉപയോഗിച്ചിരുന്നെന്നും ഇതിൽനിന്ന് 2075 കാളുകൾ ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
എട്ടുമാസത്തോളം ഉപയോഗിച്ച ഫോൺ തനിക്കറിയില്ലെന്ന് ദിലീപിന് പറയാനാവില്ല. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് ഏഴു വർഷമായി ഉപയോഗിച്ചിരുന്ന ഫോൺ ആവശ്യപ്പെട്ടിരുന്നു. ഹാജരാക്കിയത് ഇതുതന്നെയാണോ എന്നുറപ്പിക്കാൻ കൂടുതൽ പരിശോധന ആവശ്യമാണ്.
കോടതി ആവശ്യപ്പെട്ടതനുസരിച്ച് ഹാജരാക്കിയവയിൽ ദിലീപിന്റെ വിവോ ഫോൺ ഉണ്ടോയെന്ന് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. വിവോ ഫോണിൽനിന്ന് 12,000 കാളുകൾ ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ വർഷം ഡിസംബർവരെ ഇത് ഉപയോഗത്തിലുണ്ടായിരുന്നെന്നും കാൾ ഡേറ്റ രേഖകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കി. വിവോ ഫോൺ ആവശ്യപ്പെട്ട് നൽകിയ നോട്ടീസിൽ ഐ.എം.ഇ.ഐ നമ്പറിലെ രണ്ട് അക്കം തെറ്റിപ്പോയിരുന്നു. പിഴവുതിരുത്തിയ പ്രോസിക്യൂഷൻ, ദിലീപ് ഈ ഫോൺ ഹാജരാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തി.
അതേസമയം, വധഗൂഡലോചനക്കേസുമായി ബന്ധപ്പെട്ട് ദിലീപ് ഉൾപ്പെടെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യഹരജികൾ വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. പ്രതികൾക്ക് കോടതി പ്രത്യേക പരിഗണന നൽകുന്നതായി ആക്ഷേപമുയർന്നിട്ടുണ്ടെന്ന് കോടതി വാക്കാൽ ചൂണ്ടിക്കാട്ടി. മുൻകൂർ ജാമ്യഹരജിയിൽ വാദം നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. പ്രതികൾക്ക് പ്രത്യേക പരിഗണന നൽകുന്ന സാഹചര്യം കീഴ്‌വഴക്കമാകാനിടയുണ്ടെന്നും ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.