ലക്ഷദ്വീപിലെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കണം; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് വി. ശിവൻകുട്ടി

തിരുവനന്തപുരം: ലക്ഷദ്വീപിലെ കുട്ടികളുടെ വിദ്യാഭ്യാസ വൈവിധ്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിന് ഇടപെടണം എന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് മന്ത്രി വി. ശിവൻകുട്ടി. ഇനി മുതൽ, ലക്ഷദ്വീപിലെ കുട്ടികൾ സി.ബി.എസ്.ഇ സിലബസ് മാത്രം പഠിക്കണമെന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച നിർദേശത്തിൽ ആശങ്ക അറിയിച്ചാണ് മന്ത്രിയുടെ കത്ത്.

നിർദേശം കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ നേരിട്ടുള്ള ലംഘനമാണ്. വിദ്യാർഥികൾക്ക് ലഭ്യമാകേണ്ട വൈവിധ്യമാർന്ന വിദ്യാഭ്യാസ തെരഞ്ഞെടുപ്പുകളെ ഇത് അപകടത്തിലാക്കുന്നതിനാൽ ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നു. നിലവിൽ, ലക്ഷദ്വീപിൽ 34 സ്കൂളുകളുണ്ട്. ആകെ 12,140 വിദ്യാർഥികളും. കേരള സിലബസ് -മലയാളം, ഇംഗ്ലീഷ് മീഡിയം, സി.ബി.എസ്.ഇ സിലബസ് എന്നിവയുൾപ്പെടെയുള്ള വിദ്യാഭ്യാസ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് സാധ്യമായിരുന്നു.

ദ്വീപിലെ ഭൂരിഭാഗം കുട്ടികളും കേരള സിലബസ് അനുസരിച്ചാണ് സ്കൂളുകളിൽ പഠിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ, പ്രത്യേകിച്ച് പ്രൈമറി തലത്തിൽ, അവരുടെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലം പരിഗണിക്കണമെന്ന അടിസ്ഥാന തത്വത്തെ ഈ നിർദേശം അവഗണിക്കുന്നു എന്നത് നിരാശാജനകമാണ്. ഒരൊറ്റ പാഠ്യപദ്ധതി അടിച്ചേൽപ്പിക്കുക വഴി, ലക്ഷദ്വീപ് ഭരണകൂടം വിദ്യാർഥികളുടെ സാംസ്കാരിക പശ്ചാത്തലവുമായി പൊരുത്തപ്പെടുന്ന വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ സത്തയെ അവഗണിക്കുകയാണ്.

ദ്വീപിലെ കുട്ടികൾക്ക് ഇഷ്ടമുള്ള ഭാഷയിൽ വിദ്യാഭ്യാസം നേടാനുള്ള അവകാശം നിഷേധിക്കുന്നതിനാൽ ഈ തീരുമാനം ആശങ്കാജനകമാണ്. ലക്ഷദ്വീപിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതും കൂടുതൽ ഉൾക്കൊള്ളുന്ന സമീപനം സ്വീകരിക്കുന്നതും ഉറപ്പാക്കിക്കൊണ്ട്, ഈ നിർദേശം അവലോകനം ചെയ്യാനും പുനഃപരിശോധിക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇടപെടണം എന്നും കത്തിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Protect education rights in Lakshadweep; V. Shivankutty send letter to the Union Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.