കൊലയാളി ആന കാണാമറയത്ത്; കാട്ടിൽനിന്ന് മടങ്ങിയ ദൗത്യ സംഘത്തെ തടഞ്ഞ് നാട്ടുകാർ

മാനന്തവാടി: കുറുക്കന്മൂല ചാലിഗദ്ദ പനച്ചിയിൽ അജീഷിനെ കൊലപ്പെടുത്തിയ ‘ബേലൂർ മഖ്ന’ മോഴയാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ഞായറാഴ്ചത്തെ വനം വകുപ്പിന്റെ ശ്രമം വിജയിച്ചില്ല. ശനിയാഴ്ച ആക്രമണത്തിനുശേഷം പടമല കുന്നിൽ നിലയുറപ്പിച്ച ആന അവിടെനിന്ന് കാട്ടിക്കുളം ബാവലി റോഡ് മുറിച്ചുകടന്ന് ജനവാസകേന്ദ്രമായ ചേലൂർ മണ്ണുണ്ടി കോളനിക്കു സമീപം എത്തുകയായിരുന്നു. ഇതോടെ വനപാലകസംഘമെത്തി മയക്കുവെടി വെക്കാനുള്ള ദൗത്യം തുടങ്ങിയെങ്കിലും ഉച്ചയോടെ ആന ബാവലി ആനപ്പാറ വളവിൽ ചെമ്പകപ്പാറയിലേക്കു നീങ്ങി.

ഇവിടെനിന്ന് ബാവലി റോഡരികിലേക്കു നീങ്ങിയതോടെ അതുവഴി ഗതാഗതം നിരോധിച്ച് ആനയെ മയക്കുവെടി വെക്കാൻ ശ്രമിച്ചെങ്കിലും നാലരയോടെ ആന മണ്ണുണ്ടിയിലേക്കുതന്നെ നീങ്ങി. തുടർന്ന് സിഗ്നൽ നഷ്ടമായതോടെ അഞ്ചരയോടെ ഞായറാഴ്ചത്തെ തിരച്ചിൽ മതിയാക്കി ദൗത്യസംഘം മടങ്ങി. ഇതോടെ രോഷാകുലരായ ജനം മയക്കുവെടി സംഘത്തെയും ദ്രുതകർമസേനയെയും വനപാലകരെയും തടഞ്ഞു. മാനന്തവാടി ഡിവൈ.എസ്.പി പി. ബിജുരാജിന്റെ നേതൃത്വത്തിൽ ഏറെ പണിപ്പെട്ടാണ് വനപാലകരെ രക്ഷപ്പെടുത്തിയത്. നാലു മയക്കുവെടി വിദഗ്ധരുടെ നേതൃത്വത്തിൽ നാലായി തിരിഞ്ഞാണ് ദൗത്യം ആരംഭിച്ചത്.

വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്ന് മുന്നൂറോളം വനപാലകരാണ് ദൗത്യത്തിൽ പങ്കാളികളായത്. ഇരുനൂറോളം പൊലീസുകാരെയും ക്രമസമാധാനപാലനത്തിന് നിയോഗിച്ചിരുന്നു. രാത്രിയിൽ ആനയെ നിരീക്ഷിക്കാനായി അമ്പതോളം വനപാലകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനിടെ, സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്നയെ ബാവലി ചെക്ക്പോസ്റ്റിൽ സി.പി.എം പ്രവർത്തകർ തടഞ്ഞുവെച്ചു. പിന്നീട് ചർച്ചയിലൂടെയാണ് സമരം അവസാനിച്ചത്.

വയനാട്ടിൽ കാട്ടാന ആക്രമണം തടയാൻ സ്പെഷൽ സെൽ -വനംമന്ത്രി

തൃശൂർ: വയനാട്ടിൽ കാട്ടാന ആക്രമണം തടയാൻ സ്പെഷൽ സെൽ രൂപവത്കരിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. കാട്ടാനശല്യം നേരിടാൻ സംസ്ഥാനാന്തര കോഓഡിനേഷന്‍ കമ്മിറ്റി രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട് കാട്ടാന ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂരിൽ ചേർന്ന വനംവകുപ്പ് ഉന്നതതല യോഗത്തിലാണ് തീരുമാനം.

വയനാട്ടിലെ കാട്ടാന ആക്രമണം നേരിടാൻ സമഗ്ര പദ്ധതികൾ വേണമെന്ന് യോഗം വിലയിരുത്തി. മൂന്ന് വനം ഡിവിഷനുകള്‍ ഉള്‍പ്പെടുത്തിയാണ് വയനാട്ടിൽ സ്പെഷൽ സെൽ രൂപവത്കരിക്കുക. കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇതിലേക്ക് നിയമിക്കും. ഈ മാസം 15നകം യോഗം ചേര്‍ന്ന് സംസ്ഥാനാന്തര കോഓഡിനേഷന്‍ കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനമായി. ഇതോടെ സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരസ്പരം യഥാസമയം വിലയിരുത്താനാവുമെന്നാണ് പ്രതീക്ഷ.

കർണാടകയുടെ ചിപ്പിൽനിന്ന് നേരിട്ട് സിഗ്നൽ ലഭ്യമാക്കാവുന്ന ആന്റിന കേരളത്തിന്റെ കൈവശമില്ലെന്ന് ആനയുടെ വരവിനെക്കുറിച്ചുള്ള വനംവകുപ്പിന്റെ വീഴ്ചയെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി മറുപടി നൽകി. ഇപ്പോൾ വയനാട്ടിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - protest against forest officers in mananthavady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.