സിൽവർ ലൈൻ: ജനരോഷത്തിൽ പകച്ച് സി.പി.എം

തിരുവനന്തപുരം: സിൽവർ ലൈനിൽ ജുഡീഷ്യറിയുടെ ഇടപെടൽ സർക്കാറിന് തണലാകുമ്പോഴും ജനങ്ങളെ എങ്ങനെ 'കൈകാര്യം'ചെയ്യണമെന്നറിയാതെ, പകച്ച് സി.പി.എമ്മിന്‍റെ സംഘടനാ സംവിധാനം. സർവേ വിശദീകരിക്കാൻ ഗൃഹസന്ദർശനത്തിനെത്തിയ പ്രവർത്തകർ ജനരോഷത്തെ തുടർന്ന് പദ്ധതിയെ തള്ളിപ്പറയുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായത് സി.പി.എം നേരിടുന്ന വെല്ലുവിളിയെയാണ് വെളിപ്പെടുത്തുന്നത്.

ഹൈകോടതിക്കു പിന്നാലെ സാമൂഹികാഘാത പഠനത്തിനെതിരായ ഹരജികൾ സുപ്രീംകോടതിയും തള്ളിയത് ജനകീയ പ്രതിഷേധത്തിനു മുന്നിൽ വലയുന്ന സർക്കാറിന് ആശ്വാസമായി. സാമൂഹികാഘാത പഠനം തടഞ്ഞ ഹൈകോടതി സിംഗിൾ ബെഞ്ചിനെ വിമർശിക്കുക കൂടി ചെയ്തത് മുഖ്യമന്ത്രിക്കും എൽ.ഡി.എഫ് നേതൃത്വത്തിനും നിയമത്തിന്‍റെ ധാർമിക പിന്തുണ അവകാശപ്പെടാൻ വഴിയൊരുക്കും. മുൻകൂർ അനുമതിയില്ലാതെ വീട്ടിൽ കയറി കല്ലിടുന്നത് നിയമപരമാണോ എന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചെങ്കിലും സുപ്രീംകോടതി വിധിയിലാണ് സർക്കാറിന് പ്രതീക്ഷ. സർവേയിൽനിന്ന് പിന്നാക്കംപോകില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചിട്ടുമുണ്ട്. വരും ദിവസങ്ങളിൽ കല്ലിടൽ ഊർജിതമാക്കാനാണ് ആലോചന. സർക്കാറിന്‍റെയും മുഖ്യമന്ത്രിയുടെയും പിടിവാശിയിൽ ആശങ്കാകുലരായ സി.പി.ഐക്കും കേരള കോൺഗ്രസ് (എം) അടക്കം ഘടകകക്ഷികൾക്കും പരമോന്നത കോടതി വിധി പിടിവള്ളിയായി. അപ്പോഴും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഉയരുന്ന പ്രതിഷേധമാണ് സർക്കാറിനും മുന്നണിക്കും വെല്ലുവിളി. കല്ലിടുന്നതോടെ ഭൂമിയുടെ ക്രയവിക്രയം സ്തംഭിക്കുന്നതും വായ്പക്കായി ബാങ്കുകളെ സമീപിക്കുമ്പോഴുള്ള ബുദ്ധിമുട്ടുമാണ് എതിർപ്പിന് പിന്നിലെ ഒരു കാരണം. വിശദീകരണത്തിനായി പദ്ധതി പ്രദേശങ്ങളിലെത്തിയ പ്രവർത്തകർ ജനകീയ രോഷം തൊട്ടറിഞ്ഞു. അത് പാർട്ടിയുടെ ഉപരി ഘടകങ്ങളെ അറിയിച്ചിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖം, ഗെയിൽ പൈപ്പ് ലൈൻ, എൻ.എച്ച് വികസനം എന്നിവയിൽനിന്ന് വ്യത്യസ്തമായി കേരളത്തിന്‍റെ തെക്കുമുതൽ വടക്കുവരെ ഭൂമി നഷ്ടമാകുന്നവരുടെ വലിയ നിരയാണ് സർക്കാറിനെതിരായുള്ളത്. പാവപ്പെട്ടവരെ കൂടാതെ, വലിയ വിഭാഗം മധ്യവർഗവും ഉൾപ്പെടുന്ന പദ്ധതി ബാധിതരെ കൈകാര്യം ചെയ്യൽ എളുപ്പമല്ലെന്ന് നേതൃത്വത്തിലുള്ളവർ തന്നെ സമ്മതിക്കുന്നു. ഗൃഹസന്ദർശനത്തിനും കുടുംബയോഗങ്ങൾക്കുമുപരി ഏത് വിധത്തിലാണ് ഇവരെ സമീപിക്കുക എന്നതാകും സർക്കാറിന്‍റെയും മുന്നണിയുടെയും ഇനിയുള്ള ആലോചന. 

Full View


Tags:    
News Summary - Protest against K Rail is a headache for the CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.