തിരുവനന്തപുരം: സ്ഥാനാർഥിനിർണയത്തിൽ പ്രാദേശിക തലത്തിൽ ഉയർന്ന എതിർപ്പുകൾ ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒതുങ്ങുമെന്ന സി.പി.എം കണക്കുകൂട്ടലുകൾ തെറ്റിച്ച് പ്രതിഷേധം രൂക്ഷമാകുന്നു. പരസ്യ പ്രതിഷേധമുയർന്ന പൊന്നാനിയിലും കുറ്റ്യാടിയിലും പാർട്ടിയുടെ കൈപ്പിടിയിൽ ഒതുങ്ങാത്ത വിധം എതിർപ്പ് ഉയരുകയാണ്.
ഇതിനു പുറമെ, വിവിധ മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർഥികൾക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ആലപ്പുഴ, മഞ്ചേശ്വരം, കളമേശ്ശരി മണ്ഡലങ്ങളിലാണ് പോസ്റ്ററുകൾ ഉയർന്നത്. ജോസ് വിഭാഗത്തിന് വിട്ടുകൊടുത്ത റാന്നിയിലും പ്രതിഷേധമുയർന്നു.
പി. നന്ദകുമാറിനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിലും ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.എം. സിദ്ദീഖിനെ പരിഗണിക്കാത്തതിലും പ്രതിഷേധിച്ച് പൊന്നാനിയിൽ ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ പാർട്ടി അംഗങ്ങൾ രാജി നൽകി. സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയതിൽ പ്രതിഷേധിച്ചും ജില്ല സെക്രേട്ടറിയറ്റ് അംഗം കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടും സി.പി.എം അണികൾ തെരുവിലിറങ്ങിയ കുറ്റ്യാടിയിൽ ചൊവ്വാഴ്ച പാർട്ടിയുടെ13 ബൂത്ത് കമ്മിറ്റി സെക്രട്ടറിമാർ രാജിവെച്ചു. കുറ്റ്യാടി പഞ്ചായത്തിലാണ് രാജി. പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽനിന്ന് വിട്ടുനിൽക്കുമെന്നും തീരുമാനിച്ചു. ബുധനാഴ്ച കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനം നടത്തും.
പൊന്നാനി നഗരം, എരമംഗലം, വെളിയങ്കോട്, പെരുമ്പടപ്പ് ലോക്കൽ കമ്മിറ്റിയിൽനിന്നാണ് സെക്രട്ടറിമാർ കൂട്ടരാജി നൽകിയത്. പെരുമ്പടപ്പിൽ നാല് അംഗങ്ങളും രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും താഴത്തേൽപടി, വെളിയങ്കോട് വെസ്റ്റ്, ഈസ്റ്റ് നാക്കോല ബ്രാഞ്ച് സെക്രട്ടറിമാരും രാജി നൽകി. വെളിയങ്കോട് എൽ.സിക്ക് കീഴിൽ ആറ് അംഗങ്ങളാണ് രാജി സമർപ്പിച്ചത്. പൊന്നാനി നഗരം ലോക്കൽ കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളും തെക്കേക്കടവ് ബ്രാഞ്ച് സെക്രട്ടറിയും രാജി നൽകി. ഇതിനുപുറമെ പൊന്നാനി നഗരസഭയിലെ 22 പാർട്ടി അംഗങ്ങളും പെരുമ്പടപ്പ് ലോക്കൽ കമ്മിറ്റിയിലെ 11, മാറഞ്ചേരി ലോക്കൽ കമ്മിറ്റിയിലെ നാല് പാർട്ടി അംഗങ്ങളും രാജി സമർപ്പിച്ചിട്ടുണ്ട്. ഇതിനിടെ, സ്ഥാനാർഥിയെ നിർണയിച്ചപ്പോൾ പ്രവർത്തകരുടെ വികാരം മനസ്സിലാക്കുന്നതിൽ നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന് പൊന്നാനി മണ്ഡലം കമ്മിറ്റി യോഗം വിലയിരുത്തി. പാലോളി മുഹമ്മദ് കുട്ടി അടക്കം മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു.
ആലപ്പുഴ മണ്ഡലത്തിലെ സി.പി.എം സ്ഥാനാർഥി പി.പി. ചിത്തരഞ്ജനെതിരെ 'സി.പി.എം സേവ്' എന്ന പേരിൽ പാതിരപ്പള്ളി, കലവൂർ മേഖലകളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മഞ്ചേശ്വരത്ത് ഇടതുസ്ഥാനാർഥിയായി സി.പി.എം ആലോചിച്ച കെ.ആർ. ജയാനന്ദക്കെതിരെ ഉപ്പളയിലാണ് പോസ്റ്റർ വന്നത്. കളമശ്ശേരിയിൽ സ്ഥാനാർഥി പി. രാജീവിനെതിരെയാണ് പോസ്റ്റർ.
പാലക്കാട് കോങ്ങാട് മണ്ഡലത്തിൽ അഡ്വ. കെ. ശാന്തകുമാരിയെ സ്ഥാനാർഥിയാക്കിയതിനെതിരെ എതിർപ്പ് ഉയർന്നു. റാന്നി സീറ്റ് വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ച് പത്തോളം പ്രവർത്തകർ സി.പി.എം കോട്ടാങ്ങൽ ലോക്കൽ കമ്മിറ്റി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയിരുന്നു.
ഇതിനിടെ, അരൂരിൽ സ്ഥാനാർഥിയായി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.എം നേതാവും തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡൻറുമായ അഡ്വ. പി.എസ് ജ്യോതിസ് പാർട്ടി വിട്ട് ചേർത്തലയിൽ എൻ.ഡി.എ സ്ഥാനാർഥിയാവും.
തിരുവനന്തപുരം: എൽ.ഡി.എഫിൽ സീറ്റ് ധാരണ പൂർത്തിയായതിന് പിന്നാലെ സി.പി.എം ഇന്ന് രാവിലെ 11ന് അന്തിമ സ്ഥാനാർഥി പ്രഖ്യാപനം നടത്തും.
സംസ്ഥാന സെക്രേട്ടറിയറ്റ് അംഗീകരിച്ച കരട് പട്ടികയിന്മേൽ വിവിധ മണ്ഡലങ്ങളിൽ തുടർച്ചയായ മൂന്നാംദിവസവും നടന്ന പ്രതിഷേധങ്ങൾ നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ഇന്നത്തെ ഒൗദ്യോഗിക പ്രഖ്യാപനം ശ്രദ്ധേയമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.